വോഡാഫോണ്‍ ഐഡിയ 5ജി സര്‍വീസ് ആറുമാസത്തിനുള്ളില്‍; ജൂണില്‍ താരിഫ് വര്‍ധിപ്പിക്കാന്‍ ടെലികോം കമ്പനികള്‍

5ജി സംവിധാനം ഒരുക്കുന്നതിനായി നോക്കിയ, എറിക്‌സണ്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്

Update:2024-05-18 16:03 IST

Image: Canva

ആറുമാസത്തിനകം രാജ്യത്ത് 5ജി സര്‍വീസ് പൂര്‍ണതോതില്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് വോഡാഫോണ്‍ ഐഡിയ സി.ഇ.ഒ അക്ഷയ് മൂന്ദ്ര. 5ജി സര്‍വീസ് വ്യാപകമാക്കുന്നതിലൂടെ മറ്റ് സേവനദാതാക്കളിലേക്ക് പോകുന്ന ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് വോഡാഫോണ്‍ ഐഡിയ.
ആദ്യ ഘട്ടത്തില്‍ വന്‍കിട നഗരങ്ങളിലും കൂടുതല്‍ 5ജി ഉപയോക്താക്കളുള്ള സ്ഥലങ്ങളിലുമാകും സര്‍വീസ് ആരംഭിക്കുക. ഇതിനുശേഷം മറ്റിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുമെന്ന് അക്ഷയ് വ്യക്തമാക്കി. അടുത്ത 24-30 മാസത്തിനുള്ളില്‍ മൊത്തം വരുമാനത്തിന്റെ 40 ശതമാനം വരെ 5ജിയില്‍ നിന്നാക്കുകയാണ് ലക്ഷ്യം.
17 പ്രധാന ടെലികോം സര്‍ക്കിളുകളില്‍ 5ജി കവറേജ് മെച്ചപ്പെടുത്തുന്നതിനായി മൂന്നു വര്‍ഷത്തിനുള്ളില്‍ 55,000 കോടി രൂപ നിക്ഷേപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതിനൊപ്പം 4ജിയില്‍ സേവനങ്ങള്‍ നവീകരിക്കാനും പദ്ധതിയുണ്ട്. 5ജി സംവിധാനം ഒരുക്കുന്നതിനായി നോക്കിയ, എറിക്‌സണ്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
നഷ്ടം പെരുകുന്നു
ഉപയോക്താക്കള്‍ മറ്റ് സേവനദാതാക്കളിലേക്ക് പോകുന്നതിനൊപ്പം കമ്പനിയുടെ നഷ്ടവും വര്‍ധിക്കുകയാണ്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 7,666 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 6,424 കോടി രൂപയായിരുന്നു. ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 146 രൂപയിലേക്ക് ഉയര്‍ന്നത് മാത്രമാണ് വോഡാഫോണ്‍ ഐഡിയയ്ക്ക് ആശ്വാസം പകരുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 7.6 ശതമാനത്തിന്റേതാണ് വര്‍ധന.
അതേസമയം, ജൂണില്‍ താരിഫ് നിരക്കില്‍ വര്‍ധന വരുത്തുന്നത് വരുമാനം കൂട്ടാന്‍ സഹായിക്കുമെന്നാണ് ടെലികോം കമ്പനികളുടെ പ്രതീക്ഷ. പൊതുതിരഞ്ഞെടുപ്പ് കഴിയുന്നതോടെ നിരക്ക് വര്‍ധന ഉണ്ടായേക്കും. നിലവില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ താരിഫ് കുറവാണ്. അടിസ്ഥാന പ്ലാനുകളില്‍ ചെറിയ നിരക്ക് വ്യത്യാസം മാത്രമേ ഉണ്ടാകൂവെന്നാണ് സൂചന.
വോഡാഫോണ്‍ ഐഡിയ കഴിഞ്ഞ മാസം ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ (എഫ്.പി.ഒ) 18,000 കോടി രൂപ സമാഹരിച്ചിരുന്നു. കമ്പനിയുടെ അധികരിച്ച കടം കുറയ്ക്കാനും സര്‍വീസ് മെച്ചപ്പെടുത്താനുമാകും ഈ തുക പ്രയോജനപ്പെടുത്തുക.
Tags:    

Similar News