കൊച്ചി വിമാനത്താവളത്തില്‍ ഇനി താജ് ഹോട്ടലിന്റെ പ്രീമിയം ലക്ഷ്വറി സൗകര്യങ്ങള്‍; 4 ഏക്കര്‍, 111 മുറികൾ, 24 മണിക്കൂർ റസ്റ്ററന്റ്

സിയാലിന്റെ പുതിയ സംരംഭം ഡിസംബർ 28 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Update:2024-12-23 16:18 IST

ഉദ്ഘാടന സജ്ജമായ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ അവസാനഘട്ട വിലയിരുത്തൽ നടത്തുന്ന സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്

ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാന്‍ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഊർജിത ശ്രമങ്ങളില്‍. സിയാലിന്റെ പുതിയ സംരംഭമായ ' താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ' ഡിസംബർ 28 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
യാത്രക്കാർക്ക് പരമാവധി സേവനങ്ങൾ ഒരുക്കാനും പുതിയ സർവീസുകൾ ആരംഭിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സിയാൽ നടപ്പിലാക്കിവരുന്ന മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ് താജ് ഹോട്ടൽ സമുച്ചയം. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 10 മെഗാ പ്രോജക്ടുകളും 163 ഇടത്തരം സംരംഭങ്ങളും സിയാൽ നടപ്പിലാക്കി. കോഴിക്കോട് അരിപ്പാറ ജലവൈദ്യുത നിലയം, കണ്ണൂരിലെ പയ്യന്നൂർ സോളാർ പ്ലാന്റ്, ബിസിനസ് ജെറ്റ് ടെർമിനൽ, ഇംപോർട്ട് കാർഗോ ടെർമിനൽ, 0484 എയ്റോ ലോഞ്ച്, എയർപോർട്ട് എമർജൻസി സർവീസ് പരിഷ്‌ക്കരണം എന്നിവ പ്രധാന നേട്ടങ്ങളാണ്.

സിയാലിന്റെ മാസ്റ്റര്‍ പ്ലാന്‍ പൂർത്തിയാകുന്നതിന് അനുസരിച്ച് കൂടുതൽ നിക്ഷേപവും തൊഴിലവസരങ്ങളും വരുമെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു. ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബ് എന്ന നിലയിലേയ്ക്ക് വളരാനുള്ള സിയാലിന്റെ ശ്രമങ്ങൾക്ക് വേഗത പകരുന്നതാണ് ഈ പഞ്ചനക്ഷത്ര ഹോട്ടൽ.

നിലവിൽ പ്രതിവർഷം ഒരു കോടി യാത്രക്കാർ സിയാലിൽ എത്തുന്നുണ്ട്. മൂന്നുവർഷത്തിനകം അത് ഒന്നേകാൽ കോടിയാകും. ട്രാഫിക് വർധിക്കുന്നതിന് അനുസരിച്ച് യാത്രക്കാർക്ക് നൽകുന്ന സേവനവും വർധിപ്പിക്കേണ്ടതുണ്ടെന്നും സുഹാസ് പറഞ്ഞു.

താജ്: പ്രിമിയം ലക്ഷ്വറിയിലേയ്ക്ക് സ്വാഗതം

ടെർമിനലുകളിൽ നിന്ന് 500 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിലേയ്ക്ക് ലാൻഡിംഗ് കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാന്‍ സാധിക്കും. താജ് ക്ലബ് ലോഞ്ച്, ഒരു വശത്ത് റണ്‍വേയുടെയും മറുവശത്ത് ഹരിതശോഭയുടെയും കാഴ്ച നല്‍കുന്ന 111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബാങ്ക്വെറ്റ് ഹാളുകൾ, ബോർഡ് റൂമുകൾ, പ്രീ-ഫംഗ്ഷൻ ഏരിയ, സിമ്മിംഗ് പൂൾ, വിസ്തൃതമായ ലോബി, ബാർ, ഫിറ്റ്‌നസ് സെന്റർ എന്നിവ പഞ്ചനക്ഷത്ര നിലവാരത്തില്‍ കൊച്ചി വിമാനത്താവളത്തിലെ താജ് ഹോട്ടലിലുണ്ട്.
താജിന്റെ പ്രശസ്തമായ വിസ്ത റസ്റ്ററന്റ് (24 മണിക്കൂർ), ഹൗസ് ഓഫ് മിംഗ് എന്നിവയുടെ ഭക്ഷണ മികവും ഒരുക്കിയിട്ടുണ്ട്. 4 ഏക്കറിൽ സ്ഥിതിചെയ്യുന്ന താജ് ഹോട്ടലില്‍ കാർ പാർക്കിങ്ങിന് വിശാലമായ സ്ഥലമാണ് ഉളളത്.

0484: താങ്ങാനാവുന്ന ആഡംബരം യാഥാർത്ഥ്യമായി

2024 സെപ്റ്റംബറിൽ പ്രവര്‍ത്തനം ആരംഭിച്ച 0484 എയ്റോ ലോഞ്ച് വലിയ വിജയമാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടാം ടെർമിനലിൽ സ്ഥിതിചെയ്യുന്ന എയ്‌റോ ലോഞ്ച് രണ്ടുമാസത്തിനുള്ളിൽ 100 ശതമാനം ബുക്കിങ് എന്ന നേട്ടം കൈവരിച്ചു. യാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചെലവിൽ വിമാനത്താവളത്തിനുള്ളിൽ ആഡംബര ഹോട്ടൽ സൗകര്യമാണ് 0484 എയ്‌റോ ലോഞ്ച് ഒരുക്കിയിട്ടുള്ളത്.

Tags:    

Similar News