റെക്കോഡ് തകര്‍ത്ത് സ്വര്‍ണവില; കാരണം ചൈനയുടെ രക്ഷാപ്പാക്കേജ്! കത്തിക്കയറി വെള്ളിയും

പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസും നികുതിയുമടക്കം ഇന്നത്തെ വില ഇങ്ങനെ

Update:2024-05-18 10:12 IST

Image : Canva

സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് കടുത്ത തിരിച്ചടിയുമായി വില ഇന്ന് കേരളത്തില്‍ പുത്തന്‍ റെക്കോഡിട്ടു. ഗ്രാമിന് ഒറ്റയടിക്ക് 80 രൂപ കയറി ഇന്ന് വില 6,840 രൂപയായി. 640 രൂപ വര്‍ധിച്ച് 54,720 രൂപയാണ് പവന്‍വില.
കഴിഞ്ഞ ഏപ്രില്‍ 19ന് കുറിച്ച ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയും എന്ന റെക്കോഡ് ഇനി പഴങ്കഥ. ഈമാസം ഇതുവരെ മാത്രം കേരളത്തില്‍ പവന് കൂടിയത് 2,280 രൂപയാണ്; ഗ്രാമിന് 285 രൂപയും ഉയര്‍ന്നു.
18 കാരറ്റും വെള്ളിയും
ലൈറ്റ്‌വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രധാനമായും പ്രയോജനപ്പെടുത്തുന്നതും 22 കാരറ്റ് സ്വര്‍ണത്തെ അപേക്ഷിച്ച് വിലക്കുറവുള്ളതുമായ 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കുതിച്ചുകയറി. ഗ്രാമിന് 70 രൂപ ഉയര്‍ന്ന് വില 5,700 രൂപയെന്ന പുതിയ ഉയരം കുറിച്ചു.
വെള്ളിവിലയും ഇന്ന് സര്‍വകാല ഉയരത്തിലെത്തി. ഗ്രാമിന് 4 രൂപ വര്‍ധിച്ച് വില 96 രൂപയായി. പാദസരം, അരഞ്ഞാണം തുടങ്ങിയ വെള്ളിയാഭരണങ്ങള്‍, വെള്ളിയില്‍ തീര്‍ത്ത പാത്രങ്ങള്‍, പൂജാസാമഗ്രികള്‍ തുടങ്ങിയവ വാങ്ങുന്നവര്‍ക്ക് ഈ വിലക്കയറ്റം തിരിച്ചടിയാണ്.
ചതിച്ചത് ചൈനയുടെ 'രക്ഷാപ്പാക്കേജ്'
അമേരിക്കയില്‍ പണപ്പെരുപ്പം കുറഞ്ഞതിനാല്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഈവര്‍ഷം കുറഞ്ഞത് രണ്ടുതവണയെങ്കിലും അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു. ഇതുമൂലം കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില നേട്ടത്തിലേറിയിരുന്നു.
ഇതിനിടെ ഇന്നലെ ചൈനീസ് കേന്ദ്രബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന പ്രഖ്യാപിച്ച രക്ഷാപ്പാക്കേജ് അന്താരാഷ്ട്ര സ്വര്‍ണവിലയ്ക്ക് കൂടുതല്‍ കുതിപ്പേകി. ഏറെക്കാലമായി സമ്പദ്പ്രതിസന്ധിയിലുള്ള രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കരകയറ്റാനുള്ള 300 ബില്യണ്‍ യുവാന്റെ (ചൈനീസ് കറന്‍സി) രക്ഷാപ്പാക്കേജാണ് പ്രഖ്യാപിച്ചത്.
പ്രതിസന്ധിയിലകപ്പെട്ട റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്ന് പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ തദ്ദേശ ഭരണകൂടങ്ങളെ സഹായിക്കുന്ന പാക്കേജാണിത്. ഇതുവഴി റിയല്‍ എസ്റ്റേറ്റ് മേഖലയെ കരകയറ്റാമെന്ന് ബാങ്ക് കരുതുന്നു.
ഇത് സ്വര്‍ണമടക്കം എല്ലാ ലോഹങ്ങളുടെയും (Metals) വിലക്കുതിപ്പിന് വഴിയൊരുക്കുകയായിരുന്നു. ചൈനീസ് കേന്ദ്രബാങ്കും നിക്ഷേപകരും സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വിലക്കയറ്റത്തിന് ആക്കംകൂട്ടി.
രാജ്യാന്തര സ്വര്‍ണവില ഒറ്റയടിക്ക് ട്രോയ് ഔണ്‍സിന് 35.69 ഡോളര്‍ വര്‍ധിച്ച് 2,413.93 ഡോളറിലുമെത്തിയത് കേരളത്തിലെ വിലയെയും സ്വാധീനിച്ചു. മാത്രമല്ല, ഡോളര്‍ ഉയര്‍ന്നതലത്തില്‍ തുടരുന്നതും സ്വര്‍ണവില കയറാന്‍ കളമൊരുക്കി.
ഇന്നൊരു പവന്‍ ആഭരണത്തിന് എന്ത് നല്‍കണം?
നികുതികളും പണിക്കൂലിയുമടക്കം ഒരു പവന്‍ ആഭരണത്തിന് ഇന്നലെ നല്‍കേണ്ടിയിരുന്ന വില 58,485 രൂപയായിരുന്നു. മൂന്ന് ശതമാനമാണ് സ്വര്‍ണത്തിന്റെ ജി.എസ്.ടി. പുറമേ 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന തുകയായ 53.10 രൂപ ഹോള്‍മാര്‍ക്ക് (HUID charge) ഫീസുണ്ട്. കൂടാതെ, ആഭരണത്തിന് ഡിസൈനിന് ആനുപാതികമായി പണിക്കൂലിയും നല്‍കണം. പണിക്കൂലി ഓരോ സ്വര്‍ണാഭരണ ശാലയിലും വ്യത്യസ്തവുമാണ്.
നികുതിയും എച്ച്.യു.ഐ.ഡി ചാര്‍ജും ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്താല്‍ ഇന്ന് മിനിമം 59,235 രൂപ കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. അതായത് ഇന്നലത്തെ വിലയേക്കാള്‍ 750 രൂപ അധികം. ഫലത്തില്‍, 5 പവന്റെ ഒരു മാല വാങ്ങാന്‍ ശ്രമിക്കുന്നയാള്‍ ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് അധികം കൊടുക്കേണ്ടത് 3,750 രൂപയോളമാണ്.
Tags:    

Similar News