പഠിച്ചിറങ്ങിയവര്‍ക്ക് ജോലിയില്ല, വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്കയില്‍

Update:2020-09-10 18:16 IST

ഈ വര്‍ഷം പുറത്തിറങ്ങിയ പ്രൊഫഷണല്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ അന്ന് പ്ലേസ്‌മെന്റ് ലഭിച്ചതിനെക്കാള്‍ പകുതി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇത്തവണ ജോലി ലഭിച്ചത്. ജോലി ലഭിച്ചവരില്‍ തന്നെ കുറയെപ്പേരുടെ ഓഫറുകള്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കമ്പനികള്‍ പിന്‍വലിച്ചു. മറ്റുള്ളവരുടെ ജോലിക്ക് ചേരാനുള്ള തീയതി നീട്ടിവെച്ചിരിക്കുകയാണ്. ജോലി വാഗ്ദാനം ചെയ്ത ചില സ്ഥാപനങ്ങളാകട്ടെ എന്താണ് അവസ്ഥയെന്ന് ചോദിച്ചാലും പ്രതികരിക്കാത്ത സ്ഥിതിവിശേഷവുമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ഈ വര്‍ഷത്തെ എന്‍ജിനീയറിംഗ് ബിരുദധാരികളില്‍ 76 ശതമാനം പേര്‍ക്ക് ജോലി ലഭിച്ചിട്ടില്ലെന്ന് ബ്രിഡ്ജ്‌ലാബ്‌സ് നടത്തിയ സര്‍വേയില്‍ പറയുന്നു. 1000 പേരിലാണ് സര്‍വേ നടത്തിയത്. ഇതേ കണക്ക് തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജോബ് സെര്‍ച്ചിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഫസ്റ്റ്‌നൗക്രി.കോം നടത്തിയ സര്‍വേയിലും പറയുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിച്ചതെന്ന് ഇവരുടെ സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു.

കനത്ത തിരിച്ചടിയായി

കേരളത്തിലെ മുന്‍നിരയിലുള്ള 20ഓളം സ്ഥാപനങ്ങളില്‍ പ്രശ്‌നമില്ലാതെ റിക്രൂട്ട്‌മെന്റുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ രണ്ടാം നിര, മൂന്നാം നിര വിഭാഗങ്ങളില്‍പ്പെടുന്ന വലിയൊരു വിഭാഗം കാംപസുകളില്‍ കടുത്ത പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ''കേരളത്തിലെ ഭൂരിഭാഗം എന്‍ജിനീയറിംഗ് കോളെജുകളിലും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ്. മെയില്‍ പരീക്ഷയായിരിക്കും. അതിനുശേഷം ഓഫ്ക്യാമ്പസ് പ്ലേസ്‌മെന്റുകള്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കും. പക്ഷെ മാര്‍ച്ചില്‍ ലോക്ഡൗണ്‍ വന്നതോടെ പ്ലേസ്‌മെന്റിനുള്ള അവസരം ഇല്ലാതായി. എന്നാല്‍ മുന്തിയ സ്ഥാപനങ്ങളില്‍ ഇന്‍ഫോസിസ് പോലുള്ള കമ്പനികള്‍ നേരത്തെ തന്നെ റിക്രൂട്ട്‌മെന്റുകള്‍ നടത്തി വിദ്യാര്‍ത്ഥികളെ എടുത്തിരുന്നു. എന്നാല്‍ ടിയര്‍ 2, ടിയര്‍ 3 സ്ഥാപനങ്ങളില്‍ പ്ലേസ്‌മെന്റുകള്‍ പിന്നീടാണ് നടക്കുന്നത്. ഇത്തരത്തിലുള്ള റിക്രൂട്ട്‌മെന്റുകള്‍ക്ക് ഓഫ്ക്യാംപസ് പ്ലേസ്‌മെന്റുകള്‍ക്കും കനത്ത തിരിച്ചടിയായി.'' പ്ലേസ്‌മെന്റ് ഓഫീസസ് കണ്‍സോര്‍ഷ്യം കേരളയുടെ ചെയര്‍മാനും Jobsbrij.comന്റെ ഫൗണ്ടറും സിഇഒയുമായ ഡോ.ബ്രിജേഷ് ജോര്‍ജ് ജോണ്‍ പറയുന്നു.

രണ്ട് തരത്തിലുള്ള പ്രതിസന്ധിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് കുസാറ്റിലെ പ്രൊഫസറും ഫാക്കല്‍റ്റി ഇന്‍ചാര്‍ജും എംബിഎ വിഭാഗം പ്ലേസ്‌മെന്റ് തലവനുമായ ഡോ.സാം തോമസ് പറയുന്നു. ''കമ്പനികള്‍ പെട്ടെന്ന് പ്ലേസ്‌മെന്റ് നിര്‍ത്തിയതും ജോബ് ഓഫറുകള്‍ കൊടുത്ത സ്ഥാപനങ്ങള്‍ അത് കാന്‍സല്‍ ചെയ്യുന്നതും കേരളത്തില്‍ ഈ വര്‍ഷം പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെ ബാധിച്ചിട്ടുണ്ട. കുസാറ്റിനെ സംബന്ധിച്ചടത്തോളം ഇത്തവണത്തെ പ്ലേസ്‌മെന്റിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടായിട്ടില്ല. എന്നാല്‍ ഇത്തവണത്തെ പ്ലേസ്‌മെന്റ് ഇത്രത്തോളം വൈകിയത് അടുത്ത ബാച്ചിന് പ്ലേസ്‌മെന്റ് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്. മാത്രവുമല്ല വലിയ കമ്പനികള്‍ പലതും കൊടുത്ത ജോബ് ഓഫര്‍ തിരിച്ചെടുക്കാത്തത് അവരുടെ പേരിനെ ബാധിക്കുമെന്നതുകൊണ്ട് കൂടിയാണ് ഇപ്പോഴത്തെ സാഹചര്യത്തിലും അതുമായി മുന്നോട്ടുപോയത്. എന്നാല്‍ പുതിയ ബാച്ചിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്.''

നേരത്തെ ജോലി ലഭിക്കുകയെന്നത് അത്ര ഗൗരവമായി കാണാതിരുന്ന വിദ്യാര്‍ത്ഥികളുടെ മനോഭാവത്തിലും മാറ്റമുണ്ടായിട്ടുണ്ടെന്ന് അദ്ധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു. ''കഴിഞ്ഞ വര്‍ഷം പല വിദ്യാര്‍ത്ഥികളെയും നിര്‍ബന്ധിച്ച് റിക്രൂട്ട്‌മെന്റിന് വിടേണ്ട അവസ്ഥയായിരുന്നു. അവസരം കൊടുത്താലും ഇനിയും സമയമുണ്ടല്ലോ എന്ന രീതിയിലുള്ള മനോഭാവമുണ്ടായിരുന്നു. എന്നാല്‍ കോവിഡ് വന്നതോടെ സ്ഥിതിയാകെ മാറി. ജോലി ലഭിക്കുമോയെന്ന എന്ന കടുത്ത ആധിയാണ് ഇന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ളത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായിരുന്നു പ്ലേസ്‌മെന്റ് ഡ്രൈവുകള്‍ ഏറെയും നടന്നിരുന്നത്. എന്നാല്‍ മാര്‍ച്ചോടെ കോളെജുകളെല്ലാം അടച്ചു. ഒരിടത്തും പ്ലേസ്‌മെന്റ് നടന്നില്ല. പല വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കള്‍ക്ക് ജോലി നഷ്ടമായി. ഗള്‍ഫ് നാടുകളില്‍ നിന്ന് തിരിച്ചുവന്നവരും ഏറെ. വീട്ടിലിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളിലേക്ക് സമ്മര്‍ദ്ദമുണ്ടായി. അതോടെ അവരുടെ മനോഭാവം മാറി. പക്ഷെ ഇപ്പോള്‍ പല സ്ഥാപനങ്ങളും റിക്രൂട്ട്‌മെന്റ് നിര്‍്ത്തിവെച്ചിരിക്കുകയാണ്.'' എംഇഎസ് കോളെജ് കുറ്റിപ്പുറത്തെ അസോസിയേറ്റ് പ്രൊഫസറും പ്ലേസ്‌മെന്റ് ഓഫീസറുമായ ഡോ.കെ.പി ജാബിര്‍ മൂസ പറയുന്നു.

കമ്പനികള്‍ ഓഫര്‍ പിന്‍വലിച്ചു

ജോബ് ഓഫര്‍ ലഭിച്ചവരുടെയും സ്ഥിതി സുരക്ഷിതമല്ലെന്നാണ് ഫസ്റ്റ്‌നൗക്രി.കോം നടത്തിയ സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നത്. ജോലി ലഭിച്ചവരില്‍ തന്നെ 44 ശതമാനം പേര്‍ക്ക് ജോലിക്ക് ചേരാനുള്ള തീയതി കമ്പനികള്‍ നീട്ടിയിരിക്കുകയാണ്. ഒമ്പത് ശതമാനം പേരുടെ ഓഫറുകള്‍ കമ്പനികള്‍ തന്നെ പിന്‍വലിച്ചു. ബാക്കി 33 ശതമാനം പേരുടെ ഓഫറുകളുടെ ഇപ്പോഴത്തെ നില എന്താണെന്ന് കമ്പനികള്‍ പ്രതികരിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. രാജ്യത്തെ 1300 വിദ്യാര്‍ത്ഥികളിലാണ് സര്‍വേ നടത്തിയത്.

''ചില സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുത്ത ജോലി വാഗ്ദാനം പാലിക്കുമ്പോള്‍ മറ്റു ചില സ്ഥാപനങ്ങള്‍ക്ക് ഓഫര്‍ പിന്‍വലിക്കുന്നതായി സന്ദേശം നല്‍കി. ബിസിനസ് അന്തരീക്ഷം മാറിയതാണ് കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ ചെറിയ കമ്പനികള്‍ മാത്രമല്ല വലിയ സ്ഥാപങ്ങളുമുണ്ട്.'' ഡോ.ബ്രിജേഷ് ജോര്‍ജ് ജോണ്‍ ചൂണ്ടിക്കാട്ടുന്നു.

പുതുതായി കോഴ്‌സ് കഴിഞ്ഞ് ഇറങ്ങിയവരെ കമ്പനികള്‍ തഴയുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. അവര്‍ക്ക് മാസങ്ങള്‍ നീളുന്ന പരിശീലനം കൊടുത്ത് ജോലിക്കെടുക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കമ്പനികള്‍ക്ക് സാധിക്കുന്നില്ല. അത്രത്തോളം ഭാരിച്ച ചെലവാണ് പരിശീലനത്തിന് വേണ്ടിവരുന്നത്. എന്നാല്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ട സാഹചര്യത്തില്‍ തുടക്കക്കാര്‍ക്ക് കൊടുക്കുന്ന ശമ്പളത്തില്‍ ജോലി ചെയ്യാന്‍ അനുഭവസമ്പത്തുള്ളവര്‍ തയാറാകുന്നു. കമ്പനികള്‍ക്കാകട്ടെ കുറഞ്ഞ ചെലവില്‍ അനുഭവസമ്പത്തുള്ളവരെ ലഭിക്കുകയും ചെയ്യുന്നു.

കമ്പനികളായി പരിശീലനം കൊടുക്കേണ്ട ആവശ്യമില്ലാത്ത രീതിയില്‍ തനിയെ ആ പ്രാഗല്‍ഭ്യം നേടിവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ അവസരങ്ങളുള്ളു എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണെന്ന് ഡോ.കെ.പി ജാബിര്‍ മൂസ ചൂണ്ടിക്കാണിക്കുന്നു. കമ്പനികള്‍ നടത്തുന്ന പരിശീലനത്തിന്റെ കരിക്കുലം മനസിലാക്കി അത് പുറത്തുനിന്ന് പഠിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം പറയുന്നു. അങ്ങനെയാണെങ്കില്‍ മാസങ്ങള്‍ ഇവര്‍ക്ക് പരിശീലനം കൊടുക്കേണ്ടതിന് പകരം ഏതാനും ദിവസത്തെ ഓറിയന്റേഷന്‍ മാത്രമേ കമ്പനികള്‍ക്ക് നടത്തേണ്ടതായിട്ടുള്ളു. പല വിദ്യാര്‍ത്ഥികളും സാഹചര്യം തിരിച്ചറിഞ്ഞ് അപ്‌സ്‌കില്ലിംഗിലേക്ക് കടന്നിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News