വിദ്യാഭ്യാസ വായ്പ: ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Update: 2019-11-19 11:01 GMT

വിദ്യാഭ്യാസത്തിനുള്ള ചെലവ് ഓരോ വര്‍ഷവും 15 ശതമാനം കണ്ട് വര്‍ധിക്കുന്നുവെന്നാണ് കണക്ക്. വിദേശ സ്ഥാപനങ്ങളിലേക്ക് ഉന്നത പഠനത്തിനായി പോകുന്നവരുടെ എണ്ണത്തിലുമുണ്ട് വര്‍ധന. മികച്ച വിദ്യാഭ്യാസം നേടണമെങ്കില്‍ പണം മുടക്കിയോ മതിയാകൂ. സ്വന്തമായി നിക്ഷേപം ആവശ്യത്തിനില്ലെങ്കില്‍ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുക്കേണ്ടി വരും. അങ്ങനെ വായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചുവടെ.

വായ്പയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

നിങ്ങള്‍ക്ക് എത്ര വായ്പ എത്ര പലിശ നിരക്കില്‍ നല്‍കണമെന്ന് ബാങ്ക് തീരുമാനിക്കുക പല ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ്. അക്കാദമിക് ബാക്ക് ഗ്രൗണ്ട്, വിദ്യാഭ്യാസ യോഗ്യത, വായ്പയെടുത്ത് പഠിക്കുന്ന കോഴ്‌സിന്റെ സാധ്യതകള്‍, സ്ഥാപനം എന്നിവയ്ക്ക് പുറമേ രക്ഷിതാക്കളുടെ വരുമാനവും വിശ്വാസ്യതയും കൂടി പരിഗണിക്കും.

പലിശ നിരക്ക്

വായ്പാ തുക, പഠിക്കുന്ന കോളെജ്, വായ്പാ കാലാവധി എന്നിവയൊക്കെ പലിശ നിരക്കിനെ സ്വാധീനിക്കും. ഇതോടൊപ്പം ബാങ്കിനനുസരിച്ച് 11.75 ശതമാനം മുതല്‍ 14.75 ശതമാനം വരെ വ്യത്യസ്തമായ പലിശ നിരക്കുകള്‍ ഈടാക്കുന്നു.

വായ്പാ കാലവധി

ഇതും ബാങ്കുകള്‍ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അഞ്ചു വര്‍ഷം മുതല്‍ 15 വര്‍ഷത്തേക്ക് വരെ കാലാവധി നല്‍കുന്ന ബാങ്കുകളുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കി ജോലി കിട്ടിയതിനു ശേഷം ആറുമാസത്തിനും അല്ലെങ്കില്‍ ഒരു വര്‍ഷത്തിനും ശേഷം തിരിച്ചടവ് തുടങ്ങണം.

ആവശ്യമായ രേഖകള്‍

1.അഡ്മിഷന്‍ ലെറ്റര്‍

2.വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള ഓരോ വര്‍ഷവും നല്‍കേണ്ട കോഴ്‌സ് ഫീസ് സംബന്ധിച്ച രേഖകള്‍

3.വായ്പയ്ക്ക് നിശ്ചിത ഫോമില്‍ സമര്‍പ്പിച്ച അപേക്ഷ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ്‌സ് വിദ്യാര്‍ത്ഥിയുടെയും രക്ഷിതാവിന്റെയും തിരിച്ചറിയല്‍ രേഖ

4.വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന മാര്‍ക്ക് ലിസ്റ്റുകള്‍/ സര്‍ട്ടിഫിക്കറ്റുകള്‍
ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് (വിദ്യാര്‍ത്ഥിയുടേയോ കൂടെ അപേക്ഷിക്കുന്നയാളുടേയോ)

5.രക്ഷിതാവിന്റെ ആദായ നികുതി രേഖകള്‍ (ആദായ നികുതി നല്‍കുന്നയാളാണെങ്കില്‍)
രക്ഷിതാവിന്റെ ബാധ്യതകളും സ്വത്തു വിവരങ്ങളും അടങ്ങുന്ന സ്‌റ്റേറ്റ്‌മെന്റ്
രക്ഷിതാവിന്റെ വരുമാനം തെളിയിക്കുന്ന രേഖകള്‍

എന്ത് സെക്യൂരിറ്റി നല്‍കണം?

നാലു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഈടായി ഒന്നു നല്‍കേണ്ടതില്ല. പക്ഷേ രക്ഷിതാവ് കൂടി വായ്പയില്‍ പങ്കാളിയാവണം.

4 ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഗാരന്റി ആവശ്യമാണ്.

7.5 ലക്ഷം രൂപയില്‍ കൂടുതലുള്ള വായ്പയ്ക്ക് രക്ഷിതാവ് വായ്പാ പങ്കാളിയാകുന്നതിനൊപ്പം വായ്പയുടെ മൂല്യത്തിനനുസരിച്ച് ഈട് നല്‍കണം. അത് ഭൂമിയോ, സ്ഥിര നിക്ഷേപമോ, ലൈഫ് ഇന്‍ഷുറന്‍സോ എന്തുമാകാം.

ശ്രദ്ധിക്കുക

വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് നിങ്ങള്‍ 16നും 35 വയസിനും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരനായിരിക്കണമെന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News