'സ്‌കില്‍ മെച്ചപ്പെടുത്തൂ, അല്ലെങ്കില്‍ നശിക്കൂ,' ആശങ്കയോടെ സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകള്‍

Update: 2019-05-20 10:55 GMT

ഐറ്റി കമ്പനികള്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതമാകുന്നു. ഐബിഎം ഈയിടെ 300 ജീവനക്കാരെ പിരിച്ചുവിടുന്നു. സാങ്കേതികവിദ്യയുടെ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നത് കമ്പനികള്‍ക്കും ഒപ്പം പ്രൊഫഷണലുകള്‍ക്കും വലിയ വെല്ലുവിളിയാകുന്നു.

ഈ സാഹചര്യത്തില്‍ തങ്ങളുടെ അറിവ് നവീകരിച്ചുകൊണ്ടിരിക്കുകയും പുതിയ കഴിവുകള്‍ വളര്‍ത്തിയെടുക്കുകയുമാണ് പ്രൊഫഷണലുകള്‍ക്ക് മുന്നിലുള്ള വഴി. അല്ലെങ്കില്‍ നിങ്ങള്‍ ഈ മേഖലയില്‍ നിന്ന് തന്നെ പുറത്തായെന്ന് വരും.

ജാവ, ഡോട്ട്‌നെറ്റ് തുടങ്ങിയ സ്‌കില്‍സെറ്റ് കൊണ്ട് ഇനി പിടിച്ചുനില്‍ക്കാനായെന്ന് വരില്ല. പൈത്തോണ്‍, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ബിഗ് ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ബ്ലോക്‌ചെയ്ന്‍, ഓഗ്മെന്റഡ് റിയാലിറ്റി, UI/UX ഡിസൈന്‍... തുടങ്ങിയ സ്‌കില്ലുകളാണ് പുതിയ കാലഘട്ടത്തിന്റെ ആവശ്യം.

ഐറ്റി ഇന്‍ഡസ്ട്രിയില്‍ മൂന്ന് മില്യണ്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരുണ്ടെന്നാണ് കണക്ക്. അതില്‍ ആറ് ലക്ഷത്തോളം പേര്‍ക്ക് ഡിജിറ്റല്‍ ടെക്‌നോളജീസിലാണ് സ്‌കില്‍ ഉള്ളത്.

ഐറ്റി വിഭാഗത്തിലെ 80 ശതമാനം വരുമാനം വരുന്നത് പരമ്പരാഗത സേവനങ്ങളില്‍ നിന്നാണ്. എന്നാല്‍ 2025ഓടെ പരമ്പരാഗത സേവനങ്ങളില്‍ നിന്നുള്ള വരുമാനം 40 ശതമാനമായി കുറയുമെന്ന് നാസ്‌കോം പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഐറ്റി പ്രൊഫഷണലുകള്‍ പുതിയ സ്‌കില്ലുകള്‍ വളര്‍ത്തിയെടുക്കേണ്ടത് അതിജീവനത്തിന് പ്രധാനമാണ്.

Similar News