തൊഴില്‍ അന്വേഷകര്‍ക്കുള്ള ഗൂഗ്‌ളിന്റെ കോര്‍മോ ജോബ് ആപ്പ് എത്തി; നിങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടും?

Update: 2020-08-21 06:10 GMT

തൊഴിലവസരങ്ങള്‍ തേടുന്നവരെ സഹായിക്കാന്‍ ഗൂഗ്‌ളിന്റെ ആപ്പായ കോര്‍മോ ജോബ്‌സ് ഇന്ത്യയിലെത്തി. ഗൂഗ്‌ളിന്റെ ഈ പുതിയ ആപ്ലിക്കേഷന്‍ ആന്‍ട്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക. 'എന്‍ട്രി ലെവല്‍' തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കോര്‍മോ ജോബ് ആപ്പ് ഉപയോക്താക്കളെ സഹായിക്കും. ബംഗ്ലാദേശില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കോര്‍മോ ജോബ്സ് വന്‍സ്വീകാര്യത കയ്യടക്കിയ പശ്ചാത്തലത്തിലാണ് പുതിയ ആപ്പുമായുള്ള ഗൂഗ്‌ളിന്റെ ഇങ്ങോട്ടുള്ള വരവ്. ഇന്തോനേഷ്യയിലും കോര്‍മോ ജോബ്സ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. കോര്‍മോ ജോബ്സ് എന്ന ബ്രാന്‍ഡിന് കീഴിലാണ് ആപ്പിന്റെ പ്രവര്‍ത്തനം.

മുമ്പ് പെയ്മെന്റ് ആപ്ലിക്കേഷനായ ഗൂഗ്‌ള്‍ പേ വഴി കോര്‍മോ ജോബ്സ് സേവനങ്ങള്‍ ഗൂഗ്ള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ജോബ്സ് സ്പോട് എന്ന ബ്രാന്‍ഡിന് മുഖേനയായിരുന്നു ഇത്. എന്തായാലും കോര്‍മോ ജോബ്സിന് കീഴിലാണ് ആപ്പ് സേവനങ്ങള്‍ കമ്പനി ഇപ്പോള്‍ അവതരിപ്പിക്കുന്നത്. 'കോര്‍മോ ജോബ്സ് ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് കോര്‍മോ ജോബ്സിലൂടെ പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താം. പഠിച്ചിറങ്ങിയവര്‍ക്ക് എക്‌സപീരിയന്‍സില്ലാത്തതിന്റെ പേരില്‍ തൊഴില്‍ നഷ്ടപ്പെടുന്നത് ഇനി ഒഴിവാക്കാം. ആപ്പിലൂടെത്തന്നെ തൊഴിലിനും അപേക്ഷിക്കാം', ഗൂഗ്‌ളിന്റെ കോര്‍മോ ജോബ്സ് റീജിയണല്‍ മാനേജറും ഓപ്പറേഷന്‍സ് ലീഡുമായ ബിക്കി റസല്‍ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു.

എങ്ങനെയാണ് ആപ്പ് ഉപകാരപ്പെടുന്നതെന്നു നോക്കാം

വിവിധ വിപണികളിലെ ബിസിനസുകളെയും തൊഴില്‍ അന്വേഷകരെയും തമ്മില്‍ ബന്ധപ്പെടുത്തുകയാണ് ആപ്പിന്റെ പ്രഥമ ലക്ഷ്യം. ഇതിലൂടെ സംരംഭകര്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താം. തൊഴിലന്വേഷകര്‍ക്ക് അനുയോജ്യമായ സ്ഥാപനങ്ങളെയും.

തൊഴിലിന് ആവശ്യമായ റെസ്യൂമെ തയ്യാറാക്കാനുള്ള സൗകര്യവും ആപ്പ് നല്‍കുന്നു. എന്‍ട്രി-ലെവല്‍ ഗണത്തില്‍പ്പെടുന്ന തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താനും തൊഴില്‍ സംബന്ധമായ പുതിയ കഴിവുകള്‍ പഠിച്ചെടുക്കാനും കോര്‍മോ ജോബ് സഹായിക്കും.

ബിസിനസ്, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി ഉള്‍പ്പെടെ അതിവേഗം വളരുന്ന വിപണികളില്‍ നിരവധി തൊഴില്‍ അവസരങ്ങളാണ് കോര്‍മോ ജോബ്സ് മുന്നോട്ടുവെയ്ക്കുന്നത്. ഇതിനോടകം പത്തു ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാന്‍ പ്ലാറ്റ്ഫോമിന് കഴിഞ്ഞിട്ടുണ്ടെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഇ്ന്ത്യയെപ്പോലെ തൊഴിലില്ലായ്മാ പ്രശ്‌നം നേരിടുന്ന രാജ്യങ്ങളിലാകും ഇത് ഏറെ പ്രയോജനം ചെയ്യുക.

ആപ്പിനെ പിന്തുണച്ച് ഇതിനോടകം തന്നെ സൊമാറ്റോ, ഡന്‍സോ തുടങ്ങിയ കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ട്. ആവശ്യമായ കഴിവും പരിചയസമ്പത്തുമുള്ള ഉത്തമരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ കോര്‍മോ ജോബ്സിന്റെ അല്‍ഗോരിതം ഫലപ്രദമാണെന്ന് ഈ കമ്പനികള്‍ സാക്ഷ്യപ്പെടുത്തുന്നു. നിലവില്‍ 20 ലക്ഷത്തില്‍പ്പരം സ്ഥിരീകരിച്ച തൊഴില്‍ അവസരങ്ങള്‍ ആപ്പിലുണ്ട്. ഇത് തൊഴിലന്വേഷകര്‍ക്ക് എളുപ്പത്തില്‍ തൊഴില്‍ കണ്ടെത്താനും അതിലേക്കായി തയ്യാറെടുക്കാനും സഹായകമാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News