എം.ബി.ബി.എസിനും ഇനി 'സേ' പരീക്ഷ

Update: 2020-01-18 10:54 GMT

എം.ബി.ബി.എസ് പരീക്ഷയില്‍ ഒന്നോ രണ്ടോ വിഷയങ്ങള്‍ക്ക് തോല്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകാതിരിക്കാനുള്ള 'സേ' പരീക്ഷ ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഒരുങ്ങുന്നു. സിലബസ് പരിഷ്‌കരിക്കുന്നതിനൊപ്പമാണ് പരീക്ഷാരീതിയിലും മാറ്റംവരുത്തുന്നത്.

ഒന്നോ രണ്ടോ വിഷയങ്ങള്‍ക്ക് തോല്‍ക്കുന്നവരെ മറ്റൊരു ബാച്ചായി പരിഗണിക്കുന്നതാണ് നിലവിലെ രീതി. ഇത് വിദ്യാര്‍ഥികളില്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നതായുള്ള പരാതി തീവ്രമായതിനെത്തുടര്‍ന്നാണ് ഒരവസരംകൂടി നല്‍കി അതേ ബാച്ചില്‍ നിലനിര്‍ത്താനുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശം.

അടിമുടി മാറ്റമാണ് പാഠ്യ പദ്ധതിയില്‍ വരുത്തുന്നത്. എം.ബി.ബി.എസ് പഠനം തുടങ്ങും മുമ്പ് ഒരുമാസം ഫൗണ്ടേഷന്‍ കോഴ്‌സ് നടത്തും. കംപ്യൂട്ടര്‍ പരിശീലനം, ആശയവിനിമയശേഷി വര്‍ധിപ്പിക്കല്‍, മെഡിക്കല്‍ എത്തിക്സ് തുടങ്ങിയ വിഷയങ്ങളില്‍ പ്രാഥമികപരിശീലനവും ബോധവത്കരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഓരോ വിഷയത്തിലും ഓരോ ഘട്ടത്തിലും വിദ്യാര്‍ഥികളുടെ പ്രാപ്തി വിലയിരുത്താന്‍ പരീക്ഷാരീതിയില്‍ മാറ്റംവരുത്തും. ഇക്കൊല്ലം നടപ്പാക്കിത്തുടങ്ങുന്ന പരിഷ്‌കരണം പടിപടിയായി 2024-ഓടെ പൂര്‍ത്തിയാക്കും.കാര്യപ്രാപ്തി ഉയര്‍ത്തുന്നതിനൊപ്പം രോഗികളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താനും ആശയവിനിമയശേഷി ഉയര്‍ത്താനും മെഡിക്കല്‍ കൗണ്‍സില്‍ ലക്ഷ്യമിടുന്നു.

എല്ലാ മെഡിക്കല്‍ കോളേജുകളിലും സ്‌കില്‍ ലാബുകള്‍ വരും. ലബോറട്ടറി പരിശീലനം മുതല്‍ ശരീരശാസ്ത്രത്തില്‍വരെയുള്ള പ്രായോഗിക പരിശീലനത്തിനുള്ള സൗകര്യം ഇവിടെയുണ്ടാകും. അവസാനവര്‍ഷം വിദ്യാര്‍ഥിയുടെ താത്പര്യം കണ്ടെത്താന്‍ കോളേജിനു പുറത്ത് രണ്ടു മാസത്തെ പ്രത്യേക പ്രായോഗിക പരിശീലനം ലഭ്യമാക്കും. വിദ്യാര്‍ഥിക്ക് അഭിരുചിക്കനുസരിച്ച് ചികിത്സാ മേഖല തിരഞ്ഞെടുത്ത് സ്വയം പരിശീലനം ആര്‍ജിക്കാന്‍ അവസരമുണ്ടാകും.

രാജ്യമെമ്പാടുമുള്ള 10 നോഡല്‍ സെന്ററുകള്‍ വഴിയും 12 മേഖലാ കേന്ദ്രങ്ങള്‍ വഴിയും അധ്യാപകര്‍ക്ക് പരിശീലന  സൗകര്യം ഏര്‍പ്പെടുത്തും. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്ററില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്ന അധ്യാപകര്‍ മറ്റ് അധ്യാപകരെ പരിശീലിപ്പിക്കും.

say exam for mbbs too

Similar News