റോബോട്ടുകൾ ജോലി തട്ടിയെടുക്കില്ല, ഈ 5 സ്‌കിൽസ് ഉണ്ടെങ്കിൽ

Update: 2019-01-30 10:44 GMT

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതികവിദ്യകളുടെ വരവോടെ 2020ന് ശേഷം ഏതൊക്കെ ജോലികള്‍ നിലനില്‍ക്കും, ഏതൊക്കെ നഷ്ടമാകും എന്നുള്ള ആശങ്കയിലാണ് ലോകത്തെമ്പാടുമുള്ള പ്രൊഫഷണലുകള്‍. ഈ സാഹചര്യത്തില്‍ അല്‍പ്പം ആശ്വാസകരമായ വാര്‍ത്തയുണ്ട്.

ചില സ്‌കില്ലുകള്‍ പഠിച്ച് വരും നാളുകളിലേക്ക് വേണ്ടി ഒരുങ്ങിയാല്‍ വിജയകരമായി നിങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തെ അതിജീവിക്കാനാകും.

ഓട്ടോമേഷനും റോബോട്ടുകളും വന്നാലും അവയെ പഠിപ്പിച്ചെടുക്കാന്‍ കഴിയാത്ത അഞ്ച് കഴിവുകളുണ്ട്. അതിന് മനുഷ്യരെ തന്നെ ജോലിക്ക് എടുക്കേണ്ടി വരും. എംപ്ലോയ്‌മെന്റ് & സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡ പറയുന്ന ഈ അഞ്ച് സ്‌കില്ലുകള്‍ താഴെപ്പറയുന്നവയാണ്.

1. ആക്റ്റീവ് ലിസണിംഗ്: കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നാമെങ്കിലും നേതൃനിരയിലേക്ക് വളരാന്‍ ഒരു വ്യക്തിയെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒരു സ്‌കില്‍ ആണിത്. മേലധികാരിയുടെയും സഹപ്രവര്‍ത്തകരുടെയും വിശ്വാസം നേടാനും പ്രശ്‌നങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുമൊക്കെ സഹായിക്കുന്ന കഴിവാണിത്.

2. സ്പീക്കിംഗ്: മികച്ച ആശയവിനിമയ ശേഷി ഏത് കരിയറിന്റെയും വിജയത്തിന് പ്രധാനമാണെങ്കിലും വരും നാളുകളില്‍ അത് നിങ്ങളുടെ കരിയറിന്റെ വിധി നിര്‍ണ്ണയിക്കുന്ന ഘടകങ്ങളിലൊന്നായി മാറും.

3. ക്രിട്ടിക്കല്‍ തിങ്കിംഗ്: ഏതൊരു സാഹചര്യത്തെയും വസ്തുതകളില്‍ അധിഷ്ഠിതമായി, വ്യത്യസ്ത വീക്ഷണകോണുകളില്‍ നിന്നുകൊണ്ട് സ്വതന്ത്രമായി വിലയിരുത്തുകയും വളരെ ലോജിക്കലായ കണ്ടെത്തലിലേക്ക് എത്തുകയും ചെയ്യുക എന്നത് കരിയറില്‍ വളരെ പ്രധാനമാണ്. ലീഡര്‍ഷിപ്പ് റോളുകള്‍ ലക്ഷ്യമിടുന്നവര്‍ തീര്‍ച്ചയായും വളര്‍ത്തിയെടുക്കേണ്ട സ്‌കില്‍.

4. റീഡിംഗ് കോംപ്രിഹെന്‍ഷന്‍: ഇതൊരു അക്കാഡമിക് സ്‌കില്‍ മാത്രമല്ല, പ്രൊഫഷണലുകള്‍ക്കും ആവശ്യമായ കഴിവാണ്. പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ട് സ്വയം നവീകരിക്കുന്നവര്‍ക്ക് മാത്രമേ വരും കാലങ്ങളില്‍ കോര്‍പ്പറേറ്റ് ലോകത്ത് ഇടമുണ്ടാകൂ.

5. മോണിട്ടറിംഗ്: പ്രത്യേക പ്രോജക്റ്റിന്റെയോ പ്രോഗ്രാമിന്റെയോ പുരോഗതി, സ്ഥാപനത്തിന്റെ പ്രകടനം തുടങ്ങി കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വിവരങ്ങള്‍ ശേഖരിച്ച് കൃത്യമായി നിരീക്ഷിക്കേണ്ടിവരും. കാര്യങ്ങള്‍ ശരിയായ രീതിയിലല്ല പോകുന്നതെങ്കില്‍ അതില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടിവരും. ഇതിനൊക്കെയുള്ള കഴിവുകള്‍ മികവുറ്റ ഒരു പ്രൊഫഷണല്‍ വളര്‍ത്തിയെടുക്കണം.

2019-2022 വരെയുള്ള കാലഘട്ടത്തില്‍ മികച്ച ജോലി ലഭിക്കുന്നതിന് ഈ സ്‌കില്ലുകള്‍ പരമപ്രധാനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നടത്തിയ പഠനത്തെത്തുടര്‍ന്നാണ് ഈ കണ്ടെത്തല്‍.

ഭാവിയിലെ 58 ശതമാനം ജോലികള്‍ക്കും ജീവനക്കാരുടെ ആക്റ്റീവ് ലിസണിംഗ് സ്‌കില്‍ ആവശ്യമാണ്. 52 ശതമാനം ജോലികള്‍ ആവശ്യപ്പെടുന്നത് സ്പീക്കിംഗ് സ്‌കില്‍ ആണ്. 49 ശതമാനം ജോലികള്‍ക്ക് ക്രിട്ടിക്കല്‍ തിങ്കിംഗ് കഴിവും 47 ശതമാനം ജോലികള്‍ക്ക് റീഡിംഗ് കോംപ്രിഹെന്‍ഷന്‍ സ്‌കില്ലും ആവശ്യമാണ്. മോണിട്ടറിംഗ് സ്‌കില്‍ ആവശ്യമുള്ളത് 28 ശതമാനം ജോലികള്‍ക്കാണ്.

ഇത്തരം സ്‌കില്ലുകള്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ പഠനതലത്തിലേ ഉണ്ടായാല്‍ കൂടുതല്‍ പ്രയോജനം ചെയ്യും.

Similar News