മാറുന്ന ട്രെന്‍ഡുകളും എന്‍ജിനീയറിംഗ് പ്രതിസന്ധിയും

Update: 2018-05-01 05:10 GMT

പുതിയ അധ്യയന വര്‍ഷം ഇന്ത്യയിലെ സാങ്കേതിക വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് ഒട്ടും ശുഭകരമല്ല. കഴിഞ്ഞ കുറെ വര്ഷങ്ങളായി തുടരുന്ന പ്രതിസന്ധി കൂടുതല്‍ ആഴങ്ങളിലേക്ക് കൂപ്പു കുത്തുന്നത് കാണേണ്ടി വരും. എ ഐ സി ടി ഇ പുതിയ അധ്യയന വര്‍ഷം ഏകദേശം 1.3 ലക്ഷം എന്‍ജിനീയറിംഗ് സീറ്റുകള്‍ ദേശീയ തലത്തില്‍ വെട്ടിക്കുറച്ചേക്കാം.

എ ഐ സി ടി ഇ കണക്കുകള്‍ പ്രകാരം ദേശീയ തലത്തില്‍ 83 എന്‍ജിനീയറിംഗ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാനായ് അപേക്ഷ നല്‍കിക്കഴിഞ്ഞു. മറ്റു 494 കോളേജുകള്‍ ചില കോഴ്‌സുകള്‍ മാത്രം നിര്‍ത്തലാക്കാന്‍ അനുമതി തേടിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും അപേക്ഷകള്‍ സ്വീകരിക്കാനാണ് സാധ്യതയെന്നു എ ഐ സി ടി ഇ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ക്ഷാമം രൂക്ഷമായതാണ് പ്രധാന കാരണം.

കേരളത്തില്‍ 2017-18 കാലയളവില്‍ 25,470 എഞ്ചിനീയറിംഗ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. വരും വര്‍ഷങ്ങളില്‍ ഇത് കൂടാനാണ് സാധ്യത . ഒഴിഞ്ഞു കിടക്കുന്ന സീറ്റുകള്‍ നികത്താന്‍ കോളെജുകള്‍ക്ക് കഴിയുന്നില്ല എന്ന അവസ്ഥ നമ്മുടെ ഉന്നത വിദ്യാഭാസ രംഗം എത്ര പരിതാപകരമായ സ്ഥിതിയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് കാണിച്ചു തരുന്നത്.

സ്വാശ്രയ കോളേജുകളിലെ സീറ്റൊഴിവിന്റെ ട്രെന്‍ഡ് ഇങ്ങനെയാണ്: 19,468 (2015-16 ), 20,088 (2016-17), 22,819 (2017-18). ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ പുതിയ കോളേജുകളുടെയും, കോഴ്‌സുകളുടെയും കാര്യത്തില്‍ എ ഐ സി ടി ഇ നിലപാട് കടുപ്പിച്ചു.

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ ക്ഷമത

എണ്‍പതു ശതമാനത്തിലതിധകം എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളും തൊഴില്‍ ക്ഷമതയുള്ളവരല്ല എന്ന് പഠനങ്ങള്‍ പറയുന്നു. നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ രീതി അമ്പേ പരാജയപ്പെടുന്നത് ഇവിടെയാണ് . പഠനത്തിന് ശേഷം മറ്റു മേഖലകളില്‍ ജോലി തേടിപ്പോകുന്നവരാണധികവും.

ബാങ്കിങ് മുതല്‍ ആര്‍ട്‌സ്, ഹ്യൂമാനിറ്റീസ് മേഖലകളിലെ ജോലികളായ കണ്ടെന്റ് റൈറ്റിംഗ് , കോപ്പി എഡിറ്റിംഗ് ജോലികള്‍ വരെ ഇപ്പോള്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ ചെയ്യുന്നു. ഇത് എന്‍ജിനിയറിങ് മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നു.

രാജ്യത്ത് 'ടാലന്റ് ക്രഞ്ച് ' രൂക്ഷമാണെന്നു ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നാരയണ മൂര്‍ത്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യക്കാര്‍ക്ക് സര്‍ഗാത്മകത കുറവാണെന്ന അഭിപ്രായക്കാരനാണ് ആപ്പിള്‍ സ്ഥാപകരിലൊരാളായ സ്റ്റീവ് വോസ്‌നിയക്. ഈ അഭിപ്രായങ്ങളെല്ലാം നമ്മുടെ വിദ്യാഭ്യാസ രീതിയുടെ പോരായ്മകളോട് കൂട്ടി വായിക്കാവുന്നതാണ്.

മാറുന്ന തൊഴില്‍ ലോകം

ട്രെന്‍ഡുകള്‍ മാറുകയാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തുകയും സ്വയം അപ്‌ഡേറ്റ് ചെയ്യുകയുമാണ് ഇനി വേണ്ടത്. സാമ്പ്രദായിക പഠന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ വളര്‍ന്നു വരുന്ന മേഖലകളെ അറിയുവാന്‍ ശ്രമം വേണം.

പല കോളെജുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും കരിക്കുലം ഔട്ട് ഡേറ്റഡ് ആണെന്ന് എ ഐ സി ടി ഇ ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ധെ അടുത്തിടെ പറഞ്ഞിരുന്നു. ഇന്‍ഡസ്ട്രിക്ക് വേണ്ടതെന്താണെന്നു തിരിച്ചറിഞ്ഞു കരിക്കുലം അപ്‌ഡേറ്റ് ചെയ്യുകയും അദ്ധ്യാപകരെ അത് പരിശീലിപ്പിക്കുകയും വേണമെന്നും സഹസ്രബുദ്ധെ അഭിപ്രായപ്പെടുന്നു.

Similar News