നാട്ടിലെ കടകള്‍ മുതല്‍ ആമസോണ്‍ വരെ; ദീപാവലിക്ക് 1.44 ലക്ഷം കോടിയുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന

2022ലെ ആകെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ 31.9 ശതമാനവും ഈ ഉത്സവകാലത്ത് ആയിരിക്കും

Update: 2022-09-20 05:47 GMT

Photo : Apple / Website

ബിഗ്ബില്യണ്‍ ഡെയ്‌സ് (Big Billion Days), ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെല്‍ (Great Indian Festival) തുടങ്ങിയ പേരുകളില്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളും, ഒപ്പം ഷോറൂമുകളും വിവിധ ഓഫറുകളുമായി എത്തുകയാണ്. ഈ ഉത്സവകാലത്ത് ഏറ്റവും അധികം നേട്ടമുണ്ടാക്കുക സ്മാര്‍ട്ട്‌ഫോണ്‍ (Smartphone) നിര്‍മാതാക്കളാവും. 5ജി സേവനത്തിനായുള്ള സ്‌പെക്ട്രം ലേലം പൂര്‍ത്തിയായതോടെ പലരും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ്.

ഡാറ്റ വിശകലനങ്ങള്‍ നടത്തുന്ന ടെക്ക്ആര്‍ക്ക് പറയുന്നത് 2022ലെ ആകെ ഫോണ്‍ വില്‍പ്പനയുടെ 31.9 ശതമാനവും ഈ ഉത്സവകാലത്ത് ആയിരിക്കുമെന്നാണ്. ദീപാവലിയോടെ അവസാനിക്കുന്ന ഈ സീസണില്‍ ഏകദേശം 1.44 ലക്ഷം കോടി രൂപയുടെ (18 ബില്യണ്‍ ഡോളര്‍) സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. 2022ല്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയിലൂടെ ലഭിക്കുന്ന ആകെ വരുമാനത്തിന്റെ 43 ശതമാനവും ഇക്കാലയളവില്‍ ആയിരിക്കും.

സെപ്റ്റംബറില്‍ തുടങ്ങി ഒക്ടോബറില്‍ അവസാനിക്കുന്ന സീസണില്‍ ഏകദേശം 15.6 ദശലക്ഷം 5G ഫോണുകള്‍ വില്‍ക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. അതായത് ആകെ വില്‍പ്പനയുടെ 30.2 ശതമാനവും 5G ഫോണുകള്‍ ആയിരിക്കും. വില കൂടിയവ ആയതുകൊണ്ട് തന്നെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുടെ വരുമാനത്തില്‍ 5ജിയുടെ സംഭാവന 66.7 ശതമാനത്തോളം ആയിരിക്കുമെന്നാണ് ടെക്ക്ആര്‍ക്കിന്റെ വിലയിരുത്തല്‍.

5ജി ഫോണ്‍ വില്‍പ്പനയുടെ 37.8 ശതമാനവും പ്രീമിയം വിഭാഗത്തില്‍ ( Rs 25,000-50,000) ആയിരിക്കും. 6,001-12,000 രൂപ വിഭാഗത്തിലുള്ള ഫോണുകളായിരിക്കും ഏറ്റവും അധികം വില്‍പ്പന നേടുക. ഏകദേശം 58.7 ശതമാനം ആയിരിക്കും ഇവയുടെ വിഹിതം. അതേ സമയം 2000-25000 രൂപ നിരക്കിലുള്ള മോഡലുകളില്‍ നിന്നാവും കമ്പനികള്‍ക്ക് ഏറ്റവും അധികം വരുമാനം ലഭിക്കുക.

ആകെ വില്‍പ്പനയുടെ 65-68 ശതമാനവും ഓണ്‍ലൈനിലൂടെ ആയിരിക്കും. ഈ സീസണില്‍ ഇന്ത്യയില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ നേടുന്ന ആകെ വരുമാനത്തിന്റെ 90 ശതമാനവും ആപ്പിള്‍, സാംസംഗ്, വണ്‍പ്ലസ്, വിവോ, ഓപ്പോ, റിയല്‍മി, ഷവോമി എന്നിവര്‍ ചേര്‍ന്ന് പങ്കിടുമെന്നും ടെക്ക്ആര്‍ക്ക് പറയുന്നു.

Tags:    

Similar News