എസാര്‍ സ്റ്റീലിനെ ലക്ഷ്മി മിത്തല്‍ വാങ്ങും; മുടക്കുന്നത് 42,000 കോടി

Update: 2019-11-16 05:58 GMT

ബാങ്കുകളില്‍ നിന്നെടുത്ത വന്‍ തുകയുടെ വായ്പ തിരിച്ചടയ്ക്കാതെ കിട്ടാക്കടമായി മാറിയതിനെ തുടര്‍ന്ന് ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്സി കോഡ് (ഐ.ബി.സി) പ്രകാരം പാപ്പരത്ത കേസിലകപ്പെട്ട എസാര്‍ സ്റ്റീലിനെ ഏറ്റെടുക്കാനുള്ള ആഴ്സലര്‍ മിത്തലിന്റെ നീക്കത്തിന് സുപ്രീം കോടതിയുടെ പച്ചക്കൊടി.

എസാറിനെ ഏറ്റെടുക്കാനുള്ള മിത്തലിന്റെ നീക്കത്തെ ബാങ്ക്‌റപ്റ്റ്സി കേസിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ എതിര്‍ത്തിരുന്നു. ഇതു റദ്ദാക്കിക്കൊണ്ടാണ് മിത്തലിന് അനുകൂലമായുള്ള സുപ്രീം കോടതി വിധി. 42,000 കോടി രൂപയ്ക്ക് എസാര്‍ ഏറ്റെടുക്കാമെന്ന് ആഴ്സലര്‍ മിത്തലിന് ജസ്റ്റിസ് റോഹിന്റണ്‍ എഫ്. നരിമാന്‍ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

എസാറിനെ ഏറ്റെടുത്തുകൊണ്ട് ഇന്ത്യയില്‍ പ്രവേശിക്കുകയാണ് ആഴ്സലര്‍ മിത്തലിന്റെ ലക്ഷ്യം. ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന്‍ ലക്ഷ്മി മിത്തലിന്റെ കീഴിലുള്ളതാണ് ലോകത്തെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാണക്കമ്പനിയായ ആഴ്സലര്‍ മിത്തല്‍.ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉരുക്കു വിപണിയായ ഇന്ത്യയിലെ ഒന്നാം സ്ഥാനത്തുള്ള സ്റ്റീല്‍ കമ്പനികളിലൊന്നാണ് എസാര്‍ സ്റ്റീല്‍.

മിത്തലില്‍ നിന്നുള്ള നിക്ഷേപമുപയോഗിച്ച് കടബാദ്ധ്യത തീര്‍ക്കാമെന്ന് കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സിനെ എസാര്‍ സ്റ്റീല്‍ അറിയിച്ചിരുന്നു. ഇതുപരിഗണിച്ചാണ് സുപ്രീം കോടതിയുടെ അനുകൂല വിധി. ജാപ്പനീസ് കമ്പനിയായ നിപ്പോണ്‍ സ്റ്റീലുമായി ചേര്‍ന്ന് ആഴ്സലര്‍ മിത്തല്‍ സ്ഥാപിക്കുന്ന സംയുക്ത സ്ഥാപനമായിരിക്കും എസാറിനെ ഏറ്റെടുക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News