അലക്‌സ് ക്രൂസ് അല്ല, എയര്‍ ഇന്ത്യയുടെ നായകനാവുന്നത് ഇല്‍ക്കര്‍ ഐസി

ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ചെയര്‍മാനായിരുന്നു ഇദ്ദേഹം

Update: 2022-02-14 12:04 GMT

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എയര്‍ ഇന്ത്യയുടെ എംഡിയും സിഇഒയുമായി ഇല്‍ക്കര്‍ ഐസിയെ ടാറ്റ സണ്‍സ് നിയമിച്ചു. അന്‍പത്തൊന്നുകാരനായ ഇദ്ദേഹം ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ചെയര്‍മാനായിരുന്നു. എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്തതിന് പിന്നാലെ ബ്രിട്ടീഷ് എയര്‍വേസ് സിഇഒ ആയിരുന്ന അലക്‌സ് ക്രൂസിനെ എയര്‍ ഇന്ത്യയുടെ സാരഥിയാക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് ഇല്‍ക്കര്‍ ഐസിയുടെ രംഗപ്രവേശനം ടാറ്റ സണ്‍സ് തിങ്കളാഴ്ച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. 2015 ഏപ്രിലില്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഐസി ജനുവരി അവസാനമാണ് സ്ഥാനമൊഴിഞ്ഞത്.

തുര്‍ക്കി എയര്‍ലൈന്‍സിനെ വിജയത്തിലേക്ക് നയിച്ച ഒരു വ്യോമയാന വ്യവസായ പ്രമുഖനാണ് ഇല്‍ക്കറെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിക്കാന്‍ പോകുന്ന ടാറ്റ ഗ്രൂപ്പിലേക്ക് ഇല്‍ക്കറെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബില്‍കെന്റ് യൂണിവേഴ്‌സിറ്റിയുടെ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിലെ 1994 ലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഐസി. 1995-ല്‍ യുകെയിലെ ലീഡ്സ് യൂണിവേഴ്സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷണം നടത്തിയ ശേഷം, 1997-ല്‍ ഇസ്താംബൂളിലെ മര്‍മര യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് മാസ്റ്റേഴ്സ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടുണ്ട്.



Tags:    

Similar News