കൊച്ചി തുറമുഖത്തില്‍ സ്വതന്ത്ര വെയര്‍ഹൗസിംഗ് സോണ്‍
315 കോടി രൂപയുടെ മൂന്നു പദ്ധതികള്‍ വളര്‍ച്ച ത്വരിതപ്പെടുത്തും
കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ഉപകരിക്കുന്ന സ്വതന്ത്ര വ്യാപാര വെയര്‍ഹൗസിംഗ് പദ്ധതികള്‍ക്ക് കൊച്ചി തുറമുഖം തയ്യാറെടുക്കുന്നു. ഇന്റര്‍നാഷണല്‍ കണ്ടെയിനര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്ന വല്ലാര്‍പാടത്തു തന്നെയാണ് സ്വതന്ത്ര വ്യാപാര വെയര്‍ഹൗസിംഗ് പദ്ധതി നടപ്പാലാക്കുക. കണ്ടെയിനര്‍ ടെര്‍മിനലിന്റെ നടത്തിപ്പുകാരായ ഇന്ത്യ ഗേറ്റ്‌വേ ടെര്‍മിനല്‍ ലിമിറ്റഡ് (IGTPL) തന്നെയാണ് സ്വതന്ത്ര വ്യാപാര വെയര്‍ഡഹൗസ് പദ്ധതിയും നടപ്പിലാക്കുക. കൊച്ചി തുറമുഖ ട്രസ്റ്റും IGTPL-ഉം പദ്ധതിയുടെ ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. 85 കോടി രൂപയാണ് പദ്ധതിയുടെ മുടക്കുമുതലായി കണക്കാക്കായിട്ടുള്ളത്. കോള്‍ഡ് സ്‌റ്റോറേജ സൗകര്യം ആവശ്യമുള്ളതും, ഇല്ലാത്തതുമായ കാര്‍ഗോ സൂക്ഷിക്കുവാനും, കൈകാര്യം ചെയ്യുവാനും ഉതകുന്ന സൗകര്യമാണ് സ്വതന്ത്ര വ്യാപാര വെയര്‍ഹൗസ് സോണില്‍ ലഭ്യമാക്കുക. അന്തര്‍ദേശീയ വാണിജ്യ മേഖലയുടെ അനിവാര്യ ഘടകമാണ് ഇത്തരത്തിലുള്ള വെയര്‍ഹൗസുകള്‍. കസ്റ്റംസ് നികുതികളും, മറ്റു പ്രദേശിക നികുതികളും ഇല്ലാതെ ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം സൂക്ഷിക്കുവാനും, രാജ്യാന്തര തലത്തില്‍ വിനിമയം നടത്താനും സഹായിക്കും എന്നതാണ് ഇത്തരം സംരഭങ്ങളുടെ സവിശേഷത. കയറ്റുമതിയിലും, ഇറക്കുമതിയിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കാര്‍ഗോ സൂക്ഷിക്കുന്നതിനുള്ള നിരക്ക് മാത്രം നല്‍കിയാല്‍ മതിയാവും.
വല്ലാര്‍പാടത്തു വരുന്ന സ്വതന്ത്ര വ്യാപാര വെയര്‍ ഹൗസിനു പുറമെ പുതുവൈപ്പിനില്‍ ക്രയോജെനിക് വെയര്‍ഹൗസിനുളള പദ്ധിയും തുറമുഖ ട്രസ്റ്റ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. 30 കോടി രൂപ ചിലവു വരുന്ന ഈ പദ്ധതിക്കായുള്ള ധാരണ പത്രം DP World- മായാണ് ഒപ്പു വെച്ചിട്ടുള്ളത്. സമുദ്രോല്‍പ്പന്നങ്ങള്‍, മാസം, പഴം, പച്ചക്കറി, ഔഷധങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതിനുള്ള കോള്‍ഡ് സ്‌റ്റോറേജ് സൗകര്യമാണ് ക്രയോജനിക് വെയര്‍ഹൗസ് പദ്ധതി വിഭാവന ചെയ്യുന്നത്.
200-കോടി രൂപ മുതല്‍ മുടക്കി വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സ്ഥാപിക്കുന്ന ഏവിയേഷന്‍ ഇന്ധന ടെര്‍മിനല്‍ ആണ് തുറമുഖത്തിന്റെ മറ്റൊരു പ്രധാന പദ്ധതി. ഏകദേശ 8-ഹെക്ടര്‍ പ്രദേശത്തെ ടാങ്കികളില്‍ ഇന്ധനം സംഭരിക്കുകയും അത് ജലമാര്‍ഗം കൊച്ചിയിലെത്തിച്ച ശേഷം കേരളത്തിലെ വിമാനത്താവളങ്ങളില്‍ വിതരണം ചെയ്യുന്നതിനും ആണ് ഈ പദ്ധതി. ഈ മൂന്നു പദ്ധതികളും ഏകദേശം 175 ഓളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
പദ്ധതികള്‍ ധാരണ പത്രത്തില്‍ അവസാനിക്കുന്നതിനു പകരം യഥാസമയം നടപ്പിലാവുകയാണെങ്കില്‍ കേരളത്തിലെ സാമ്പത്തിക മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നു വാണിജ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ചരുക്കു നീക്കങ്ങള്‍ക്ക് അനുബന്ധമായ അടിസ്ഥാന സൗകര്യമെന്ന നിലയിലാണ് സ്വതന്ത്ര വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെയര്‍ഹൗസുകള്‍. ദുബായ് പോലുള്ള സ്ഥലങ്ങള്‍ ആഗോള തുറുമുഖ വാണിജ്യത്തിന്റെ സുപ്രധാന ഹബ്ബുകളായി വളര്‍ന്നതില്‍ ഇത്തരത്തിലുള്ള സംരംഭങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. പുതിയ തൊഴിലവസരങ്ങള്‍ക്കു പുറമെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാന്‍ ഉതകുന്ന പദ്ധതകളാണ് ഇവ കണക്കാക്കപ്പെടുന്നത്.