രാജ്യാന്തര ഫര്‍ണിച്ചര്‍ എക്‌സ്‌പോയ്ക്ക് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി
ത്രിദിന ഫിഫെക്‌സ്-2024 എക്‌സ്‌പോയുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു, ഫ്യുമ്മ ബ്രാൻഡിൽ ഉത്പന്നങ്ങൾ വിപണിയിലേക്ക്;
ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് മാര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫ്യുമ്മ) സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര ഫര്‍ണിച്ചര്‍ എക്‌സ്‌പോ ഫിഫെക്സ് 2024 അങ്കമാലി അഡ്ലക്സ് കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കെ.ടി.ഡിസി ചെയര്‍മാന്‍ പി.കെ. ശശി മുഖ്യാതിഥിയായിരുന്നു. എം.എസ്.എം.ഇ ജോയിന്റ് ഡയറക്ടര്‍ ജി.എസ്. പ്രകാശ് വിശിഷ്ടാതിഥിയായിരുന്നു.
ഫര്‍ണിച്ചര്‍ മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍, നൂതന ഉത്പന്നങ്ങള്‍, പുതിയ ഡിസൈനുകള്‍ എന്നിവ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫര്‍ണിച്ചര്‍ മേഖലയിലെ പ്രമുഖര്‍, ഫര്‍ണിച്ചര്‍ നിര്‍മാതാക്കള്‍ എന്നിവരുമായി വാണിജ്യ കൂടിക്കാഴ്ചകളും മൂന്ന് ദിവസങ്ങളിലായി നടക്കും. മുന്നൂറിലേറെ പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡുകളും 650ലേറെ സ്റ്റാളുകളും എക്‌സ്‌പോയിലുണ്ട്.
15,000ലേറെ ഫര്‍ണിച്ചര്‍ വിദഗ്ധര്‍ എക്‌സ്‌പോയില്‍ പങ്കെടുക്കും. നൂതന ഉത്പന്നങ്ങളുടെ അനാവരണവും നടക്കും. ബി2ബി മേളയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. മേള നാളെ സമാപിക്കും.
ഫ്യുമ്മ ബ്രാന്‍ഡില്‍ ഉത്പന്നങ്ങളെത്തും
കേരളത്തിലെ ഫര്‍ണിച്ചര്‍ നിര്‍മാതാക്കളെ ഒരു കുടക്കീഴിലാക്കി ഉത്പന്നങ്ങള്‍ ഫ്യുമ്മയുടെ കീഴില്‍ ബ്രാന്‍ഡ് ചെയ്ത് രാജ്യാന്തര വിപണിയിലടക്കം മാര്‍ക്കറ്റ് ചെയ്യുമെന്ന് ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഫ്യുമ്മ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടില്‍ പറഞ്ഞു. ഫര്‍ണിച്ചര്‍ നിര്‍മാണത്തിന് തടി ലഭിക്കാത്തതിനാല്‍ ആറളം ഫാമില്‍ അഞ്ഞൂറേക്കര്‍ സ്ഥലത്ത് മഹാഗണി കൃഷി നടത്താനുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.