ചില്ലറ വ്യാപാരത്തില്‍ വിലക്കയറ്റ തോത് കുറഞ്ഞു; നാലു മാസത്തിനിടയില്‍ ഏറ്റവും കുറവ്
ഭക്ഷണ സാധന ഇനങ്ങളുടെ വിലയില്‍ നേരിയ കുറവ് വന്നതാണ് കാരണം;
ഇന്ത്യയില്‍ ചില്ലറ വില്‍പന മേഖലയില്‍ നാണ്യപ്പെരുപ്പം ഡിസംബറില്‍ നാലു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന തോതിലായി. ഭക്ഷണ വിലക്കയറ്റത്തില്‍ നേരിയ വര്‍ധനവു മാത്രം ഉണ്ടായ സാഹചര്യത്തിലാണിതെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച പുറത്തിറക്കിയ കണക്കുകളില്‍ വിശദീകരിച്ചു.
അഖിലേന്ത്യ ഉപയോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലുള്ള വാര്‍ഷിക റീട്ടെയില്‍ പണപ്പെരുപ്പം നവംബറിലെ 5.48 ശതമാനത്തില്‍ നിന്ന് 5.22ല്‍ എത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറില്‍ ചില്ലറ വില്‍പന മേഖലയില്‍ നാണ്യപ്പെരുപ്പം 5.69 ശതമാനമായിരുന്നു.
ആറു ശതമാനത്തില്‍ താഴെ റീട്ടെയില്‍ വിലപ്പെരുപ്പം നിലനിര്‍ത്തണമെന്ന റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലക്ഷ്യത്തിന് അനുസൃതമാണ് പുതിയ കണക്കുകള്‍. ഭക്ഷ്യ വിലക്കയറ്റം ഡിസംബറില്‍ 8.39 ശതമാനമാണ്. കഴിഞ്ഞ ഡിസംബറില്‍ ഇത് 9.53 ശതമാനമായിരുന്നു.