സ്വര്‍ണവില വീണ്ടും മേലോട്ട്; ഒരുമാസത്തിനിടെ പവന് കൂടിയത് 3,300 രൂപയിലധികം
വെള്ളി വിലയില്‍ മാറ്റമില്ല
ആഗോള ചലനങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലെ സ്വര്‍ണവില കാഴ്ചവയ്ക്കുന്ന ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞമാസാവസാനം പുത്തന്‍ ഉയരം കുറിക്കുകയും പിന്നീട് അതിവേഗം കുറയുകയും ചെയ്ത വില കഴിഞ്ഞ രണ്ടുദിവസമായി കൂടുകയാണ്.
ഇന്ന് പവന് 80 രൂപ ഉയര്‍ന്ന് വില 45,280 രൂപയായി. 10 രൂപ വര്‍ധിച്ച് 5,660 രൂപയിലാണ് ഗ്രാം വ്യാപാരം. 18 കാരറ്റ് സ്വര്‍ണത്തിന് 5 രൂപ ഉയര്‍ന്ന് വില 4,685 രൂപയിലെത്തി.
ഒരുമാസം, കൂടിയത് 3,360 രൂപ
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ഓഹരി വിപണിയുടെ തളര്‍ച്ചയും മൂലം സുരക്ഷിത നിക്ഷേപമെന്ന പെരുമ കിട്ടിയതിന്റെ കരുത്തില്‍ കഴിഞ്ഞമാസം സ്വര്‍ണവില സംസ്ഥാനത്ത് പുതിയ ഉയരം കുറിച്ചിരുന്നു.
ഒക്ടോബര്‍ 28ന് പവന്‍ 45,920 രൂപയിലെത്തി; ഗ്രാം 5,740 രൂപയിലും. കഴിഞ്ഞ ഒരുമാസത്തെ വില പരിഗണിച്ചാല്‍, സംസ്ഥാനത്ത് പവന് കൂടിയത് 3,360 രൂപയാണ്. ഗ്രാമിന് 420 രൂപയും ഉയര്‍ന്നു. രാജ്യാന്തര വില ഔണ്‍സിന് ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും 2,000 ഡോളര്‍ ഭേദിച്ചതാണ് തഴിഞ്ഞമാസം റെക്കോഡ് വിലക്കുതിപ്പ് സൃഷ്ടിച്ചത്. ഇന്ന് രാജ്യാന്തര വിലയുള്ളത് 1,986 രൂപയിലാണ്.
വെള്ളിക്ക് മാറ്റമില്ല
സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 78 രൂപയാണ് വില. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് വില 103 രൂപ.