സ്വർണ വിപണിയിൽ വീണ്ടും ഉണർവ്, വിവാഹ, ആഘോഷ ഡിമാൻഡ് വർധിക്കുന്നു
സ്വർണാഭരണ വിപണിയിൽ 10 % വളർച്ച, ഇറക്കുമതിയിലും വർധനവ്;
രണ്ടു മാസത്തെ ഇടവേളക്ക് ശേഷം ഉത്സവ സീസൺ, ആഘോഷങ്ങൾക്കും മുന്നോടിയായി ആഗസ്റ്റ് മാസത്തിൽ സ്വർണാഭരണ വിൽപ്പന വർധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ടിൽ പറയുന്നു. മാസ മധ്യത്തിൽ വിലകളിൽ തിരുത്തൽ ഉണ്ടായത് സ്വർണ വിപണിക്ക് നേട്ടമായി.
സ്വർണ കട്ടികൾ, നാണയങ്ങൾ എന്നിവയുടെ വിൽപ്പനയും ദക്ഷിണ, വടക്ക് സംസ്ഥാനങ്ങളിൽ വർധിച്ചു. സ്വിറ്റസർലണ്ടിൽ നിന്നുള്ള സ്വർണ കയറ്റുമതിയിലും ജൂലൈ മാസത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. ഇത് പ്രധാനമായും ചൈന, ഇന്ത്യ, യു കെ, ജർമനി, തുർക്കി, തായ്‌ലൻഡ് എന്നി രാജ്യങ്ങളിലേക്കാണ് പോയത്.
ജൂലൈയിൽ കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങലും വർധിച്ചു. ഖത്തർ 15 ടൺ, ഇന്ത്യ 13 ടൺ, തുർക്കി 12 ടൺ, ഉസ്‌ബെസ്‌കിസ്താൻ 9 ടൺ എന്നിങ്ങനെ യാണ് സ്വർണം വാങ്ങിയത്.
സ്വർണത്തിന് ഡോളർ നിരക്കിൽ 2022 ൽ ഇതു വരെ 5 % വില ഇടിവ് ഉണ്ടായി. രൂപയുടെ നിരക്കിൽ 1.6 % വർധിക്കുകയുണ്ടായി. തുർക്കി ലിറയുടെ നിരക്കിൽ സ്വർണ വില 30.2 % വർധിച്ചു.
കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് വർധിപ്പിച്ചതും, ഡോളർ ശക്തമായതും സ്വർണ വില ഉയരാൻ തടസമായി നിൽക്കുന്ന കാരണങ്ങൾ. പണപ്പെരുപ്പം വർധിക്കുന്നത് തുടർന്നും കേന്ദ്ര ബാങ്കുകളെ പലിശ നിരക്ക് ഉയർത്താൻ പ്രേരിപ്പിക്കും. അതിനാൽ സ്വർണം വിപണിയിൽ സമ്മർദ്ദം നേരിടുമെന്ന് കരുതുന്നു.
2022 -23 ആദ്യ പാദത്തിൽ ജുവലറി റീറ്റെയ്ൽ വിപണി 88 ശതമാനം വാർഷിക വളർച്ച കൈവരിച്ചതായി ഐ സി ആർ എ റേറ്റിംഗ്‌സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജൂൺ, ജൂലായ് മാസത്തിൽ വിപണിയിൽ ഇടിവ് ഉണ്ടായി. എങ്കിലും നടപ്പ് സാമ്പത്തിക വർഷം കോവിഡിന് മുൻപുള്ള വർഷത്തെ ക്കാൾ 30 % വളർച്ച സ്വര്ണാഭരണ റീറ്റെയ്ൽ രംഗത്ത് ഉണ്ടാകുമെന്ന് റേറ്റിംഗ് ഏജൻസി വ്യക്തമാക്കുന്നു.
എം സി ഏക് സിൽ അവധി വ്യാപാരത്തിൽ സ്വർണത്തിന് കാര്യമായ മുന്നേറ്റമോ, ഇടിവോ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന് ജിയോജിത്ത് ഫിനാൻഷ്യൽ സെർവിസ്സ് റിപ്പോർട്ടിൽ സൂചിപ്പിച്ചു.