ആമസോണും ഫ്‌ളിപ്കാര്‍ട്ടും വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിക്കുന്നതായി പരാതി

Update: 2019-10-16 12:12 GMT

ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഓണ്‍ലൈന്‍ ഉത്സവ വില്‍പ്പനയില്‍ വന്‍തോതിലുള്ള കിഴിവുകള്‍ നല്‍കുന്നതു വഴി വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോയെന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്.

ഇ കോമേഴ്‌സ് കമ്പനികള്‍ വലിയ ഓണ്‍ലൈന്‍ കിഴിവുകള്‍ നല്‍കുന്നതു തടഞ്ഞുകൊണ്ട് ചെറുകിട മേഖലയെ ആശ്രയിക്കുന്ന 130 ദശലക്ഷം ആളുകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍  ഫെബ്രുവരിയില്‍ പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരുന്നു. അതോടെ ഇ കൊമേഴ്സ് ബിസിനസ്സ് ഘടനയില്‍ കമ്പനികള്‍ ചില മാറ്റങ്ങള്‍ വരുത്തി.തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് വിമര്‍ശനങ്ങള്‍ വന്നത് ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള വ്യാപാര ബന്ധത്തിലും കരിനിഴല്‍ പരത്തി.

ഫെഡറല്‍ നിയമങ്ങള്‍ പാലിക്കുന്നതായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും പറയുന്നത് അവാസ്തവമാണെന്ന് പ്രാദേശിക വ്യാപാര ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. രണ്ട് കമ്പനികളും വന്‍ തോതില്‍ പണം വകമാറ്റി ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നതായാണു പരാതി, ഉത്സവ വില്‍പ്പന സമയത്ത് 50 % ത്തില്‍ കൂടുതല്‍ വരെ.വന്‍ ഡിസ്‌കൗണ്ട് നല്‍കുന്നതിലൂടെയുള്ള നഷ്ടം വഹിക്കാന്‍ ഉത്പ്പാദകരും അന്യായമായി നിര്‍ബന്ധിതരാകുന്നതായി വ്യക്തമാക്കുന്ന ഇ മെയിലുകള്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

70 ദശലക്ഷം ചെറുകിട വ്യാപാരികളെ പ്രതിനിധീകരിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) സമര്‍പ്പിച്ച പരാതികളും തെളിവുകളും സര്‍ക്കാര്‍ അവലോകനം ചെയ്യുകയാണെന്ന് വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു.'അവിശ്വസനീയമായ കിഴിവുകള്‍ കാരണം ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ പോകുന്നു. പരമ്പരാഗത ശൈലിയിലുള്ള വില്‍പ്പന ഈ മാസം 30 % മുതല്‍ 40% വരെ കുറഞ്ഞു,' സിഐഐടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍ പറഞ്ഞു.

ഇ കോമേഴ്‌സ് കമ്പനി എക്‌സിക്യൂട്ടീവുകളെ കഴിഞ്ഞയാഴ്ച വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിളിപ്പിച്ച് പരാതിയെപ്പറ്റി സംസാരിച്ചിരുന്നു. ഇന്ത്യയില്‍ ശരിയായ രീതിയില്‍ ബിസിനസ്സ് നടത്താന്‍ കമ്പനികള്‍  പ്രതിജ്ഞാബദ്ധമാണെന്ന് ഇവര്‍ അധികൃതരോടു പറഞ്ഞു. ഉദ്യോഗസ്ഥരുമായി തുറന്നതും സുതാര്യവുമായ ചര്‍ച്ച നടത്തിയെന്നും നിബന്ധനകള്‍ പാലിക്കുമെന്നും  ആമസോണ്‍ പ്രതിനിധി അറിയിച്ചു.

Similar News