വായ്പ കുടിശികയാക്കി മുങ്ങിയാൽ പണി കിട്ടും: ലുക്കൗട്ട് നോട്ടീസിന് കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നേക്കും

ബോംബെ ഹൈക്കോടതിയുടെ കഴിഞ്ഞാഴ്ചയിലെ പരാമര്‍ശത്തിനു പിന്നാലെയാണ് നീക്കം

Update: 2024-04-27 10:19 GMT

വായ്പ എടുത്തശേഷം കുടിശിക വരുത്തി രാജ്യം വിടുന്നവരെ കണ്ടെത്താന്‍  ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊതുമേഖല ബാങ്കുകള്‍ക്കും അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

നിലവിലുള്ള നിയമങ്ങളില്‍ മാറ്റം വരുത്തി ബാങ്കുകള്‍ക്ക് ഇതിനുള്ള അധികാരം നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബാങ്കിംഗ് റെഗുലേഷന്‍സ് ആക്ടിലും ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്‌സ് ആക്ടിലുമാണ് ഇതിനായി മാറ്റം വരുത്തേണ്ടത്.
അടുത്തിടെ ബോംബെ ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശത്തെ തുടര്‍ന്നാണ് പുതിയ നീക്കം. പൊതുമേഖലാ ബാങ്കുകള്‍ക്ക് (PSBs) 
ലുക്കൗട്ട്
 നോട്ടീസ് നല്‍കാന്‍ അധികാരമില്ലെന്ന് പ്രസ്താവിച്ച കോടതി ഇത്തരത്തില്‍ ബാങ്കുകള്‍ പുറപ്പെടുവിച്ച എല്ലാ ലുക്കൗട്ട് നോട്ടീസുകളും റദ്ദാക്കുകയും ചെയ്തിരുന്നു.

വായ്പാ തിരിച്ചടവ് വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ ബാങ്ക് മേധാവികള്‍ക്ക് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നാണ് ബെഞ്ച് വിലയിരുത്തിയത്. 2018ലാണ് ബാങ്ക് മേധാവികള്‍ക്ക് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാമെന്ന വിധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഭേദഗതി ചെയ്തത്. ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാതെയാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

നിയമത്തിലും ചട്ടക്കൂടുകളിലും മാറ്റം
ഈ സാഹചര്യത്തിലാണ് നിയമഭേദഗതിയിലൂടെ ഇത് നടപ്പാക്കാനൊരുങ്ങുന്നത്. ലുക്കൗട്ട് നോട്ടീസ് ഇറക്കും മുമ്പ് ബാങ്കുകള്‍ പാലിച്ചിരിക്കേണ്ട ചില നിബന്ധനകളെ കുറിച്ച് ആദ്യമൊരു ചട്ടക്കൂട് ഒരുക്കേണ്ടതുണ്ടെന്ന് ബാങ്കിംഗ് മേഖലയിലുള്ളവര്‍ പറയുന്നു. കടം വാങ്ങിയവര്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കുക, സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്റ്‌സ് ബ്യൂറോ ഉള്‍പ്പെടെയുള്ള ഏജന്‍സുകളില്‍ നിന്ന് അഭിപ്രായം തേടുക തുടങ്ങിയ കാര്യങ്ങള്‍ ചെക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇതേ കുറിച്ച് റിസര്‍വ് ബാങ്കിന്റെ ഔദ്യോഗികമായ അറിയിപ്പൊന്നും വന്നിട്ടില്ല.
പണം തിരിച്ച് പിടിക്കാനുള്ള മാര്‍ഗം മാത്രമായി ലുക്കൗട്ട് നോട്ടീസുകള്‍ ഇറക്കരുതെന്ന് കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഹൈക്കോടതി ബാങ്കുകളോട് നിര്‍ദേശിച്ചിരുന്നു.
Tags:    

Similar News