ഹിറ്റായി കേന്ദ്രത്തിന്റെ ഇ-മാര്‍ക്കറ്റ്‌പ്ലെയ്‌സ്, വിറ്റുവരവ് 1 ലക്ഷം കോടി
ലാപ്‌ടോപ്പുകള്‍ മുതല്‍ ബസുകളും കാറുകളും വരെ ഇ-മാര്‍ക്കറ്റ്‌പ്ലെയ്സിൽ ലഭ്യമാണ്;
ആമസോണും ഫ്ലിപ്കാര്‍ട്ടും പോലെ 2016ല്‍ കേന്ദ്രം അവതരിപ്പിച്ച ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലെയ്‌സ് (GeM). നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ ഒരു ലക്ഷം കോടിയിധികം രൂപയുടെ വിറ്റുവരവാണ് ഈ സര്‍ക്കാര്‍ പ്ലാറ്റ്‌ഫോം നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 160 ശതമാനത്തിന്റെ വളര്‍ച്ച.
2021-22 കാലയളവില്‍ ഇ-മാര്‍ക്കറ്റ്‌പ്ലെയ്‌സിന്റെ മൊത്ത വ്യാപാര മൂല്യം (gross market value -gmw) 13.4 ബില്യണ്‍ ഡോളറാണ്. 2020 കലണ്ടര്‍ വര്‍ഷം ഫ്ലിപ്കാര്‍ട്ടിന്റെ ജിഎംഡബ്യു 12.5 ബില്യണ്‍ ഡോളറും ആമസോണിന്റേത് 11.5 ബില്യണ്‍ ഡോറളും മിന്ത്രയുടേത് 2 ബില്യണ്‍ ഡോളറും ആയിരുന്നു. 2023-24 കാലയളവില്‍ 3-4 ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ഇ-മാര്‍ക്കറ്റ്‌പ്ലെയ്‌സ് നേടുമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.
ആഗോളതലത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ ആദ്യ അഞ്ചിലും ഇ-മാര്‍ക്കറ്റ്‌പ്ലെയ്‌സ് ഇടം നേടി.
സിംഗപ്പൂരിന്റെ geBIZ, ദക്ഷിണകൊറിയയുടെ KONEPS, ചിലിയുടെ ChileCompra തുടങ്ങിയവയാണ് ലോകത്തെ പ്രധാന സര്‍ക്കാര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍. 908,157 കച്ചവടക്കാരും 1,868,886 ഉല്‍പ്പന്നങ്ങളുമാണ് ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലെയ്‌സിൽ ഉള്ളത്. പതിനായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളാണ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലാപ്‌ടോപ്പുകള്‍ മുതല്‍ ബസുകളും കാറുകളും വരെ ഇ-മാര്‍ക്കറ്റ്‌പ്ലെസില്‍ ലഭ്യമാണ്. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും പൊതുമേഖലാ സ്ഥാപനങ്ങളുമാണ് പ്ലാറ്റ്‌ഫോമിന്റെ പ്രധാന ഉപഭോക്താക്കള്‍.