ബിപിസിഎല്‍ ഓഹരി വില കൃത്രിമമായി താഴ്ത്താന്‍ ശ്രമമോ?

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ വന്‍തുക സമാഹരിക്കാനുള്ള കേന്ദ്ര നീക്കത്തിന് തിരിച്ചടിയാകും

Update: 2021-01-15 10:42 GMT

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ (ബിപിസിഎല്‍) ഓഹരി വില കൃത്രിമമായി താഴ്ത്താന്‍ ശ്രമം നടക്കുന്നതായി കേന്ദ്രം സംശയിക്കുന്നു.

ഈ പൊതുമേഖലാ സ്ഥാപനത്തിലെ ഓഹരി വില്പനയിലൂടെ 90,000 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നതിന് ഇടയിലാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതായി സംശയിക്കപ്പെടുന്നത്.

'ബിപിസിഎല്ലിന്റെ ഓഹരി വില കുറയ്ക്കാന്‍ ആരോ വിപണിയില്‍ കളിക്കുന്നു. ഈ ആശങ്ക സര്‍ക്കാരിനുള്ളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്,' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞതായി ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

ഓഹരി വിപണികള്‍ പുതിയ ഉയരങ്ങളിലെത്തിയിട്ടും ബിപിസിഎല്‍ ഓഹരിയുടെ പ്രകടനം മോശമായി തുടരുകയാണ്. മറ്റ് ചില സര്‍ക്കാര്‍ കമ്പനികളുടെ ഓഹരികളുടെ പ്രകടനവും അത്ര മെച്ചപ്പെട്ടതല്ല.

ബിപിസിഎല്ലിന്റെ ഓഹരികള്‍ വ്യാഴാഴ്ച 13.10 രൂപ അഥവാ 3.18 ശതമാനം ഉയര്‍ന്ന് 425 രൂപയിലാണ് അവസാനിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ബിപിസിഎല്ലിന്റെ ഓഹരികള്‍ 9.93 ശതമാനം ഇടിഞ്ഞു. ബിഎസ്ഇലെ ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികയില്‍ 3.92 ശതമാനം വര്‍ധനവ് മാത്രമാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്.

അതേസമയം, ആര്‍ഐഎല്ലിന് 29.44 ശതമാനം നേട്ടമുണ്ടായപ്പോള്‍ എച്ച്പിസിഎല്‍, ഐഒസിഎല്‍ എന്നിവയ്ക്ക് യഥാക്രമം 8.29 ശതമാനവും 18.72 ശതമാനവും നഷ്ടമായി.

വേദാന്ത ഗ്രൂപ്പും രണ്ട് അമേരിക്കന്‍ ഫണ്ടുകളായ അപ്പോളോ ഗ്ലോബല്‍, ഐ സ്‌ക്വയര്‍ ക്യാപിറ്റല്‍ എന്നിവരും ബിപിസിഎല്ലിനു വേണ്ടി താല്‍പ്പര്യ പത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് നിലവില്‍ 52.98% ഓഹരികളാണ് ഇന്ത്യയിലെ ഈ ഇന്ധന കമ്പനിയിലുള്ളത്.

ഗതാഗത ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുത്തനെ ഉയരുന്നത് ബിപിസിഎല്‍ ഓഹരിയുടെ ഇടിവിന് ഒരു കാരണമാകാമെന്ന് അനലിസ്റ്റുകള്‍ പറഞ്ഞു. 'എണ്ണയുടെ ആഗോള വിപണിയിലെ മോശം പ്രകടനം ബിപിസിഎല്‍ ഉള്‍പ്പെടെയുള്ള ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ഓഹരികളുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു, പക്ഷേ പ്രധാന പ്രശ്‌നം 2020ല്‍ ഡീസലിന്റെയും പെട്രോളിന്റെയും എക്‌സൈസ് തീരുവ കുത്തനെ ഉയര്‍ത്തിയതാണ്,' എലറ ക്യാപിറ്റല്‍ വൈസ് പ്രസിഡന്റ് ഗഗന്‍ ദീക്ഷിത് പറഞ്ഞു.

'നിലവില്‍ അന്താരാഷ്ട്ര ക്രൂഡ് വില ബാരലിന് 60 ഡോളറായി ഉയര്‍ന്നാല്‍ ഡീസല്‍, പെട്രോള്‍ റീട്ടെയില്‍ വില ലിറ്ററിന് 100 രൂപയുടെ മുകളിലേക്ക് ഉയരും. ഇത് ഒഎംസി മാര്‍ജിനില്‍ സമ്മര്‍ദ്ദം ചെലുത്തും. വില പിടിച്ചു നിര്‍ത്താന്‍ എക്‌സൈസ് തീരുവ കുറയ്‌ക്കേണ്ടി വരും. സര്‍ക്കാരിനെ ഇങ്ങനെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം നിക്ഷേപകര്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുന്നില്ല,' ദീക്ഷിത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്ധന റീട്ടെയിലറായ ബിപിസിഎല്ലിന്റെ സ്വകാര്യവല്‍ക്കരണം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയിലൂടെ 2020 - 21ല്‍ വന്‍തുക സമാഹരിക്കുക എന്ന കേന്ദ്രത്തിന്റെ ലക്ഷ്യത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്.


Tags:    

Similar News