സ്വര്‍ണം വാങ്ങല്‍ ₹10 ലക്ഷം കടന്നാല്‍ ഇനി ഇ.ഡി വന്നേക്കും, പിന്നാലെ ഇന്റലിജന്‍സും

സ്വര്‍ണക്കടകളും ഉപയോക്താക്കളും പണംതിരിമറി തടയല്‍ നിയമത്തിന് കീഴില്‍; സംശയനിഴലില്‍ നിറുത്തുന്നുവെന്ന് വ്യാപാരികള്‍

Update:2023-07-06 21:54 IST

Image : Canva

സ്വര്‍ണാഭരണ വിപണിക്കുമേല്‍ കൂടുതല്‍ പിടിമുറുക്കി കേന്ദ്രം. സ്വര്‍ണാഭരണ മേഖലയെ പണം തിരിമറി തടയല്‍ നിയമത്തിന് (പി.എം.എല്‍.എ/PMLA) കീഴിലാക്കി 2020 ഡിസംബര്‍ 28ന് ധനമന്ത്രാലയം നോട്ടിഫിക്കേഷന്‍ ഇറക്കിയിരുന്നു. ഒന്നോ അതിലധികമോ തവണയായി ഉപയോക്താവുമായി 10 ലക്ഷം രൂപയ്ക്കുമേല്‍ വില്‍പന ഇടപാട് നടന്നാല്‍ അക്കാര്യം അറിയിക്കണമെന്ന് കാട്ടി ഇതിന് തൊട്ടുപിന്നാലെ സ്വര്‍ണ വ്യാപാരികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സര്‍ക്കുലറും അയച്ചിരുന്നു.

ധനമന്ത്രാലയത്തിന് കീഴിലെ ഫൈനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റും (എഫ്.ഐ.യു) സ്വര്‍ണ വ്യാപാരികളില്‍ നിന്ന് ഇടപാട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സര്‍ക്കുലര്‍ അയച്ചു. 10 ലക്ഷം രൂപയ്ക്കുമേല്‍ വരുന്നതും സംശയം തോന്നുന്നതുമായ ഇടപാടുകള്‍ സംബന്ധിച്ച് അറിയിക്കണമെന്നാണ് ജൂലായ് മൂന്നിന് വ്യാപാര അസോസിയേഷനുകള്‍ക്കും കൗണ്‍സിലുകള്‍ക്കും എഫ്.ഐ.യു അയച്ച സര്‍ക്കുലറില്‍ പറയുന്നത്. മറ്റ് അമൂല്യ രത്‌നാഭരണങ്ങളുടെ ഇടപാടിനും നിബന്ധന ബാധകമാണ്.
സ്വര്‍ണാഭരണ മേഖലയെ താറടിക്കുന്നുവെന്ന് അസോസിയേഷന്‍
സ്വര്‍ണ വ്യാപാരികളെയും ഉപയോക്താക്കളെയും സംശയ മുനയില്‍ നിറുത്തി താറടിക്കാനാണ് ഇത്തരം സര്‍ക്കുലറുകളിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ 'ധനം ഓണ്‍ലൈന്‍.കോമിനോട്' പറഞ്ഞു.
ഇന്ത്യയിലേക്ക് വിമാന, കടല്‍, കരമാര്‍ഗങ്ങളിലായി ഒഴുകുന്ന കള്ളക്കടത്ത് സ്വര്‍ണത്തിന്റെ 15-20 ശതമാനവും കേരളത്തിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ സമാന്തര വിപണിയില്‍ പ്രതിവര്‍ഷം ഒന്നര ലക്ഷം കോടി രൂപയുടെ കച്ചവടം നടക്കുന്നുവെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളുമുണ്ട്.
കള്ളക്കടത്ത് സ്വര്‍ണം എങ്ങോട്ട് പോകുന്നു, ആരൊക്കെയാണ് ഇതിന് പിന്നില്‍, ആരാണ് യഥാര്‍ത്ഥ ഗുണഭോക്താവ് ഇതൊന്നും അന്വേഷിക്കാത്ത അന്വേഷണ ഏജന്‍സികള്‍ നിയമപ്രകാരം വില്‍പന നടത്തുന്നവരെ മാത്രം ഉന്നമിടുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സംശയകരമായ ഇടപാട് പിടിക്കപ്പെട്ടാല്‍ പി.എം..എല്‍.എ പ്രകാരം കണ്ടുകെട്ടലിന് പുറമേ കടയിലെ ജീവനക്കാരനും ഉടമയ്ക്കും മൂന്നുമുതല്‍ ഏഴുവര്‍ഷം വരെ ജയില്‍ശിക്ഷയും കിട്ടുമെന്നാണ് 2020 ഡിസംബറിലെ സര്‍ക്കുലറില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നത്.

ലക്ഷ്യം തീവ്രവാദ ഫണ്ടിംഗും കള്ളപ്പണവും തടയല്‍

തീവ്രവാദ ഫണ്ടിംഗും കള്ളപ്പണവും തടയാനാണ് നടപടിയെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇ.ഡിക്കും എഫ്.ഐ.യുവിനും നല്‍കാനുള്ള വിവരങ്ങള്‍ വ്യാപാരികള്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. തുടർന്ന് 7 ദിവസത്തിനകം വിവരം ബന്ധപ്പെട്ട അന്വേഷണ ഏജൻ‌സിക്ക് കൈമാറണം.

കഴിഞ്ഞ സാമ്പത്തിക വർഷം (2022-23)​ 500 കോടി രൂപയ്ക്കുമേല്‍ വിറ്റുവരവുണ്ടായിരുന്ന സ്വർണാഭരണ വ്യാപാരികൾ ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണം. 500 കോടി രൂപയ്ക്ക് താഴെയുള്ളവര്‍ പ്രതിനിധാനം ചെയ്യുന്ന വ്യാപാര അസോസിയേഷന്‍/സംഘടന വഴിയും നോഡല്‍ ഓഫീസറെ നിയമിക്കണം. ചട്ടം പാലിച്ചില്ലെങ്കില്‍ ഒരുലക്ഷം രൂപവരെയാണ് പിഴ.

ആരെയൊക്കെ സംശയിക്കാം

സംശയകരമായ പെരുമാറ്റം, വിദേശ കറന്‍സിയില്‍ പണമടയ്ക്കാമെന്ന് പറയുന്ന ഉപയോക്താക്കള്‍, ഒന്നിലധികം അക്കൗണ്ടുകളില്‍ നിന്ന് ആര്‍.ടി.ജി.എസ്., യു.പി.ഐ, എന്‍.ഇ.എഫ്.ടി എന്നിവ വഴി പണം അടയ്ക്കാമെന്ന് പറയുന്നവര്‍, ഗോള്‍ഡ് പര്‍ച്ചേസ് സ്‌കീം അക്കൗണ്ടുകളിലേക്ക് വിദേശത്ത് നിന്നും മറ്റും സംശയകരമെന്ന് തോന്നുന്നവിധം വന്‍ തുക എത്തുമ്പോള്‍, യു.എ.പി.എ (Unlawful Activities Prevention Act) അടക്കം ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ എന്നിങ്ങനെയുള്ള ഉപയോക്താക്കളുടെ വിവരം കൈമാറാനാണ് നിര്‍ദേശം.

റെഡ് ഫ്ലാഗ് (Red Flag Indicators /RFI) അഥവാ 'ചെങ്കൊടി' സൂചകങ്ങൾ എന്ന് സർക്കുലറിൽ വിശേഷിപ്പിച്ചിട്ടുള്ള സ്വ‌ർണ,​ അമൂല്യരത്നാഭരണ വ്യാപാര മേഖലയിലുള്ളവരാണ് വിവരം രേഖപ്പെടുത്തുകയും ഇ.ഡിക്കും എഫ്.ഐ.യുവിനും നോഡൽ ഓഫീസ‌‌‌ർ മുഖേന കൈമാറുകയും ചെയ്യേണ്ടത്.   

Tags:    

Similar News