ബിഐഎസ് ഹാള്‍മാര്‍ക്ക് എങ്ങനെ നേടാം?

Update: 2020-01-31 06:25 GMT

ഇനി ബിഐഎസ് ഹാള്‍മാര്‍ക്കില്ലാത്ത സ്വര്‍ണമോ വെള്ളിയോ രാജ്യത്ത് വില്‍ക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം 2020 ജനുവരി 14ന് പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ജൂവല്‍റികള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിഐഎസ്) ല്‍ രജിസ്റ്റര്‍ ചെയ്യാനും പഴയ സ്റ്റോക്ക് വിറ്റഴിക്കാനും ഒരു വര്‍ഷം സമയം അനുവദിച്ചിട്ടുണ്ട്. 14 കാരറ്റ,് 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്നു സ്റ്റാന്‍ഡേര്‍ഡുകളിലായാണ് ഹാള്‍ മാര്‍ക്കിംഗ് അനുവദിക്കുക.

ഹാള്‍മാര്‍ക്ക് രജിസ്ട്രേഷന്‍ എങ്ങിനെ നേടാം ?

ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ വില്‍ക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടാന്‍ ആഗ്രഹിക്കുന്ന ഏതൊരു ജൂവല്‍റിയും ചുവടെ പറഞ്ഞിരിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോടൊപ്പം അപേക്ഷ ബി.ഐ.എസിന്റെ ബ്രാഞ്ച് ഓഫീസില്‍ സമര്‍പ്പിക്കണം. ആവശ്യമായ മുഴുവന്‍ രേഖകളും നിശ്ചിത ഫീസും അടങ്ങിയ അപേക്ഷ സൂക്ഷ്മ പരിശോധന നടത്തിയ ശേഷം ലൈസന്‍സ് അനുവദിക്കും.

ആവശ്യമായ രേഖകള്‍:

നിങ്ങളുടെ ബിസിനസിന്റെ സ്വഭാവത്തിന് അനുസരിച്ച (പ്രൊപ്രൈറ്റര്‍ /പാര്‍ട്ണര്‍ഷിപ്പ് /കമ്പനി /എല്‍ എല്‍ പി ) ആണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. എങ്കിലും പൊതുവായ രേഖകള്‍ ഇവയാണ്:

  1. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
  2. ട്രേഡ് ലൈസന്‍സ്
  3. ജിഎസ്ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
  4. വിലാസം തെളിയിക്കുന്നതിനുള്ള രേഖ (ആധാര്‍, പാസ്‌പോര്‍ട്ട് തുടങ്ങിയവ)
  5. പാന്‍ കാര്‍ഡ്
  6. ഷോറൂമിന്റെ മാപ്പ് ലൊക്കേഷന്‍, പ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്ക്
  7. വാര്‍ഷിക വരുമാനം തെളിയിക്കുന്ന രേഖ ( ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ കോപ്പി അല്ലെങ്കില്‍ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്)

രജിസ്ട്രേഷന്‍ ഫീസ്:

ബിഐഎസ് ഗൈഡ്ലൈന്‍സ് പ്രകാരം അപ്ലിക്കേഷന്‍ ഫീസ് 2000 രൂപയും രജിസ്ട്രേഷന്‍ ഫീസ് സ്ഥാപനത്തിന്റെ വാര്‍ഷിക വിറ്റുവരവ് അനുസരിച്ചു 7500 മുതല്‍ 80000 രൂപ വരെയുമാണ്.

നിയമലംഘനത്തിന് പിഴ:

ബിഐഎസ് ആക്ടിന്റെ ലംഘനങ്ങള്‍ക്ക് ഒരു ലക്ഷം രൂപമുതല്‍ വില്‍പ്പന നടത്തിയ വസ്തുവിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വരെ പിഴ ഈടാക്കാനും ഒരു വര്‍ഷം തടവിനും വ്യവസ്ഥയുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

കൂടുതല്‍ വിവരങ്ങള്‍ക്ക് : 09562444401, 09562444407 (ലെഗസി പാര്‍ട്‌ണേഴ്‌സ്, കോഴിക്കോട്)

Similar News