വളങ്ങളുടെ വില കി.ഗ്രാമിന് 1 രൂപ കുറച്ച് ഇഫ്കോ

Update: 2019-08-16 07:30 GMT

സഹകരണ മേഖലയിലെ വമ്പന്‍ രാസവള കമ്പനിയായ ഇഫ്കോ സങ്കര വളങ്ങളുടെ വില ബാഗിന് 50 രൂപ കുറച്ചു. പുതിയ വിലകള്‍ ഇന്നു നിലവില്‍ വന്നു.

വ്യാപകമായുപയോഗിക്കുന്ന ഡിഎപിയുടെ (ഡൈ അമോണിയം ഫോസ്‌ഫേറ്റ്) വില ഇതോടെ 50 കിലോഗ്രാം ബാഗിന് 1,250 രൂപയായി. എന്‍പികെ (നൈട്രജന്‍- ഫോസ്ഫറസ്- പൊട്ടാസ്യം) 1 നിരക്ക് 1,200 രൂപ. എന്‍പികെ 2 ന് 1,210 രൂപയായും എന്‍പിക്ക് 950 രൂപയായും കുറഞ്ഞു.

കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുകയെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നിറവേറ്റാന്‍ രാജ്യത്തൊട്ടാകെയുള്ള 35,000 ത്തിലധികം സഹകരണ സംഘങ്ങള്‍ വഴി 5 കോടിയിലധികം കര്‍ഷകര്‍ക്ക് ഇഫ്‌കോ സേവനം നല്‍കുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ യു.എസ് അവസ്തി പറഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 27,852 കോടി രൂപയായിരുന്നു ഇഫ്‌കോയുടെ വിറ്റുവരവ്. അഞ്ച് നിര്‍മാണ പ്ലാന്റുകളിലായി 81.49 ലക്ഷം ടണ്‍ രാസവളങ്ങള്‍ ഉത്പാദിപ്പിച്ചു.

വൈവിധ്യവത്കരണത്തിന്റെ ഭാഗമായി രാസവളങ്ങള്‍ക്ക് പുറമെ ജനറല്‍ ഇന്‍ഷുറന്‍സ്, ഗ്രാമീണ മൊബൈല്‍ ടെലിഫോണി, ഓയില്‍ ആന്‍ഡ് ഗ്യാസ്, അന്താരാഷ്ട്ര വ്യാപാരം, ഭക്ഷ്യ സംസ്‌കരണം, ഓര്‍ഗാനിക് മേഖലകളിലേക്കും ഇഫ്‌കോ കടന്നുകഴിഞ്ഞു.

Similar News