വൈമാനികര്‍ക്ക് എയര്‍ ഇന്ത്യയില്‍ ഒരുങ്ങുന്നത് വമ്പന്‍ സാധ്യതകള്‍

പുതിയ വിമാനങ്ങള്‍ക്കായി നിരവധി പേരെ നിയമിക്കേണ്ട സാഹചര്യമാണുള്ളത്

Update: 2023-02-28 06:38 GMT

എയര്‍ ഇന്ത്യ 470 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലേര്‍പ്പെട്ടതിന് പിന്നാലെ ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വൈമാനികര്‍ മാതൃരാജ്യത്തേക്ക് മടങ്ങണമെന്ന് എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ അഭ്യര്‍ത്ഥിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. അഭൂതപൂര്‍വവും സമാനതകളില്ലാത്തതുമായ അവസരങ്ങളാണ് അവരെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആകര്‍ഷകമായ അവസരം

470 വിമാനങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന് കാംബെല്‍ വില്‍സണ്‍ പറഞ്ഞു. ഇന്ത്യയിലെ ആളുകള്‍ക്ക് മാത്രമല്ല, വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കും ഇത് ആകര്‍ഷകമായൊരു അവസരമാണ്. അവര്‍ക്ക് ഇപ്പോള്‍ തിരികെ വന്ന് ലോകോത്തര നിലവാരമുള്ള വിമാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിശീലന അക്കാദമി

നിലവില്‍ എയര്‍ ഇന്ത്യയില്‍ പൈലറ്റുകളുടെ എണ്ണം കുറവാണ്. പുതിയ വിമാനങ്ങള്‍ക്കായി നിരവധി പേരെ നിയമിക്കേണ്ട സാഹചര്യമാണുള്ളത്. എയര്‍ ഇന്ത്യയ്ക്ക് മാത്രമല്ല, ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്കും കൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ ഒരു പരിശീലന അക്കാദമി സ്ഥാപിക്കാനുള്ള പ്രക്രിയയിലാണ് തങ്ങളെന്നും കാംബെല്‍ വില്‍സണ്‍ വ്യക്തമാക്കി.


Tags:    

Similar News