ഇന്ത്യന്‍ കാപ്പിയുടെ 'ഉന്മേഷം' കെടുത്തി ഉഗാണ്ട; 'സീന്‍' മോശമാക്കിയത് ചെങ്കടല്‍ ആക്രമണം
ആഫ്രിക്കയില്‍ നിന്ന് ഇന്ത്യന്‍ കാപ്പി കയറ്റുമതി നേരിടുന്നത് കടുത്ത മത്സരം; കേരളത്തിനും തിരിച്ചടി
ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ ചുവടുപിടിച്ച് ചെങ്കടലിലെ (Red Sea) ചരക്കുകപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതി വിമതര്‍ ആക്രമണം അഴിച്ചുവിട്ടത് ഇന്ത്യയില്‍ നിന്നുള്ള കാപ്പി കയറ്റുമതിക്കും തിരിച്ചടിയാകുന്നു. ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള ചരക്കുകപ്പലുകളുടെ യാത്ര പ്രധാനമായും നടക്കുന്നത് ചെങ്കടല്‍ വഴിയാണ്. ചെങ്കടല്‍ യാത്ര ഒഴിവാക്കി, പകരം ദക്ഷിണാഫ്രിക്കയെ ചുറ്റിക്കടന്നുപോകേണ്ട സ്ഥിതിയാണ് ഇപ്പോള്‍ കപ്പലുകള്‍ക്കുള്ളത്.
ഇത് ചരക്കുകൂലി 50-75 ശതമാനം കൂടാനിടയാക്കിയതാണ് ഇന്ത്യന്‍ കാപ്പിക്കും തിരിച്ചടിയാകുന്നത്. ഇന്ത്യന്‍ കാപ്പിയുടെ മുഖ്യ വിപണിയാണ് യൂറോപ്പ്; പ്രത്യേകിച്ച് ഇറ്റലി. നല്ല രുചിയും നിലവാരവുമാണ് ഇന്ത്യന്‍ കാപ്പി യൂറോപ്യന്മാര്‍ക്ക് സ്വീകാര്യമാക്കുന്നത്; ഇന്ത്യയുടെ പ്രീമിയം റോബസ്റ്റ കോഫിക്ക് ഇറ്റലിയിലും മറ്റും മികച്ച ഡിമാന്‍ഡുണ്ട്.
എന്നാല്‍, ചരക്കുകൂലി വര്‍ധിച്ചതിന് ആനുപാതികമായി ഇന്ത്യന്‍ കാപ്പിക്കും വില വര്‍ദ്ധിക്കുന്നത് തിരിച്ചടിയാവുകയാണ്. ചരക്കുനീക്കത്തിന്റെ ഇന്‍ഷ്വറന്‍സ് ചെലവേറിയതും വിലയെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്താണ് ആഫ്രിക്കന്‍ കാപ്പിയുടെ യൂറോപ്പിലേക്കുള്ള കടന്നുകയറ്റം. ഉഗാണ്ടന്‍ പ്രീമിയം റോബസ്റ്റ കാപ്പിയില്‍ നിന്നാണ് ഇന്ത്യന്‍ കാപ്പി ഇപ്പോള്‍ കടുത്ത വെല്ലുവിളി നേരിടുന്നത്. നിലവാരം കുറവാണെങ്കിലും കുറഞ്ഞവില ആയുധമാക്കിയാണ് ഉഗാണ്ടയുടെ വിപണിപിടിത്തം.
കേരളത്തിനും തിരിച്ചടി
ഇന്ത്യയില്‍ കര്‍ണാടകയിലും കേരളത്തിലുമാണ് ഏറ്റവുമധികം കാപ്പി ഉത്പാദിപ്പിക്കപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം, തൊഴിലാളി ക്ഷാമം തുടങ്ങിയ പ്രതിസന്ധികള്‍ മൂലം കേരളത്തിലും കര്‍ണാടകയിലും ഉത്പാദനം കുറഞ്ഞിട്ടുണ്ട്.
കോഫീ ബോര്‍ഡില്‍ നിന്നുള്ള കണക്കുപ്രകാരം ജനുവരിയിലെ ആദ്യ രണ്ടാഴ്ചക്കാലത്തെ കയറ്റുമതി 8.5 ശതമാനം ഇടിഞ്ഞിട്ടുമുണ്ട്. വില ഉയര്‍ന്നുനില്‍ക്കേ, ഉത്പാദനവും കയറ്റുമതിയും ഇടിയുന്നത് കര്‍ഷകര്‍ക്കും വിതരണക്കാര്‍ക്കും ഒരുപോലെ തിരിച്ചടിയാണ്.