ടിക്കറ്റ് തുകയുടെ 10% മാത്രം നല്‍കിയുള്ള ബുക്കിംഗ് സൗകര്യവുമായി ഇന്‍ഡിഗോ

Update: 2020-06-26 06:53 GMT

തുകയുടെ 10% മാത്രം നല്‍കി ആഭ്യന്തര യാത്രാ ടിക്കറ്റ് ബുക്കിംഗ് സൗകര്യമൊരുക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. പുതുതായി അവതരിപ്പിച്ച ഫ്‌ളെക്‌സി പ്ലാന്‍ പ്രകാരം അടുത്ത 15 ദിവസത്തിനുള്ളിലോ യാത്രയ്ക്ക് 15 ദിവസം മുമ്പോ ബാക്കി 90 ശതമാനം നല്‍കിയാല്‍ മതിയാകും.

ഓരോ ഫ്‌ളൈറ്റിനും പരിമിതമായ എണ്ണം സീറ്റുകളാണ് ഇതിനായി മാറ്റിവച്ചിട്ടുള്ളത്. മൊത്തം ടിക്കറ്റ് നിരക്കിന്റെ 10 ശതമാനമെന്നാണ് ഫ്‌ളെക്‌സി പ്ലാനില്‍ പറയുന്നതെങ്കിലും ചുരുങ്ങിയ ബുക്കിംഗ് തുക 400 രൂപ എന്ന നിബന്ധനയുണ്ട്. റിവാര്‍ഡ് പോയിന്റുകള്‍, വൗച്ചര്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഈ പദ്ധതിയില്‍ ഉപയോഗിക്കാനാകില്ല. സായുധ സേനയ്ക്കുള്ള നിരക്കുകളും ഒഴിവാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ബുക്കിംഗും ഫ്‌ളെക്‌സി പ്ലാനില്‍ ലഭ്യമാകില്ല.

കൊറോണ വൈറസിന്റെ യാത്രാ നിയന്ത്രണത്തിന് മുമ്പ് രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര എയര്‍ലൈന്‍സ് ആയ ഇന്‍ഡിഗോയുടെ 1,500 വിമാനങ്ങളാണ് ദിവസവും പറന്നിരുന്നത്. ഇപ്പോള്‍ 262 വിമാനങ്ങള്‍ മാത്രം.  ഇന്‍ഡിഗോ തങ്ങളുടെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അഞ്ച് മുതല്‍ 25 ശതമാനം വരെ കട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. മെയ് മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം ഉടനീളം ശമ്പളം വെട്ടിക്കുറയ്ക്കും. ഏപ്രില്‍ മാസത്തെ മുഴുവന്‍ ശമ്പളവും കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു.

2021 മാര്‍ച്ച് മാസത്തോടെ 75 % സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവില്‍ ശരാശരി 30 ശതമാനം സീറ്റുകളേ ഓരോ വിമാനത്തിലും ഉപയോഗിക്കുന്നുള്ളൂ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News