പ്രതികൂല സാഹചര്യങ്ങളിലും ആഗോള ഐ ടി കമ്പനികളുടെ ഇഷ്ട ഇടമായി കേരളം!

ടെക്‌നോപാർക്കിന് രാജ്യത്തെ ഉയർന്ന ക്രിസിൽ റേറ്റിംഗ്!

Update:2021-07-26 17:25 IST

കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളിലും ആഗോള ഐടി കമ്പനികളുടെ ഇഷ്ട ഇടമായി കേരളം തുടരുന്നു. ടിയര്‍ ടു നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്തുന്ന ഐടി കമ്പനികള്‍ക്ക് കേരളം മികച്ച അവസരങ്ങളാണ് തുറന്നിടുന്നത്. കഴിവുറ്റ ജീവനക്കാരുടെ ലഭ്യത, മികച്ച ഗവേഷണ സൗകര്യങ്ങളും ഗുണനിലവാരവും, ഉയര്‍ന്ന ജീവിത നിലവാരം, ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളുടെ മികവ്, കുറഞ്ഞ പ്രവര്‍ത്തന ചെലവ് എന്നിവയാണ് കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നീ പ്രധാന ഐടി പാര്‍ക്കുകളിലായി, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളെ കേന്ദ്രീകരിച്ചാണ് കേരളത്തിലെ ഐടി മേഖല വളരുന്നത്.

ആഗോള ഐടി ഭീമനായ ഐബിഎം ആണ് ഏറ്റവും പുതുതായി കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന മുന്‍നിര ആഗോള കമ്പനി. ഐബിഎം കൊച്ചിയിലാണ് തങ്ങളുടെ ഡെവലപ്‌മെന്റ് സെന്റര്‍ തുടങ്ങുന്നത്. തിരുവനന്തപുരത്തും മറ്റൊരു കേന്ദ്രം ഐബിഎം തുടങ്ങാനുള്ള ഒരുക്കത്തിലാണ്. കൊച്ചി കേന്ദ്രത്തിലേക്കുള്ള ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് നേരത്തെ നടന്നിരുന്നു. യുഎസ് ആസ്ഥാനമായ ഐടി കണ്‍സള്‍ട്ടന്‍സി കമ്പനിയായ എജിലൈറ്റ് ഗ്രൂപ്പ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യന്‍ ബഹുരാഷ്ട്ര ഐടി കമ്പനിയായ ടിസിഎസിന്റെ റിസര്‍ച് ഹബും തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ വരുന്നുണ്ട്.
ടെക്‌നോപാര്‍ക്കിന് ഉയര്‍ന്ന ക്രിസില്‍ റേറ്റിംഗ്
ക്രിസില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ക്രെഡിറ്റ് റേറ്റിങ്ങില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാര്‍ക്കായ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് 'എ പ്ലസ്/സ്റ്റേബ്ള്‍' ലഭിച്ചു. ആദ്യമായാണ് ടെക്‌നോപാര്‍ക്കിന് ഉയര്‍ന്ന ക്രിസില്‍ റേറ്റിങ് ലഭിക്കുന്നത്. ദീര്‍ഘകാല സാമ്പത്തിക പദ്ധതികളിലെ മികവും ഭദ്രതയുമാണ് ടെക്‌നോപാര്‍ക്കിന് ഉയര്‍ന്ന സുരക്ഷിതത്വമുള്ള റേറ്റിങ് നേടിക്കൊടുത്തത്. രണ്ടു വര്‍ഷമായി 'എ/സ്റ്റേബ്ള്‍' ആയിരുന്ന റേറ്റിങ് ആണ് മികച്ച പ്രകടനത്തിലൂടെ ടെക്‌നോപാര്‍ക്ക് മെച്ചപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ടെക്‌നോപാര്‍ക്ക് കാഴ്ചവച്ച വായ്പാ തിരിച്ചടവിലെ കൃത്യത, സാമ്പത്തിക അച്ചടക്കം എന്നിവയ്ക്കുള്ള അംഗീകാരമാണിത്. ഫെയ്‌സ് ഒന്നിലേയും ഫെയ്‌സ് മൂന്നിലേയും ഐടി ഇടങ്ങള്‍ പൂര്‍ണമായും വാടകയ്ക്ക് നല്‍കിയതും മുടക്കമില്ലാത്ത പണലഭ്യതയും വൈവിധ്യമാര്‍ന്ന ഇടപാടുകാരും ദീര്‍ഘ കാല പാട്ടക്കരാറുകളുമാണ് ടെക്‌നോപാര്‍ക്കിന്റെ കരുത്ത്.
'ആഗോള തലത്തില്‍ തന്നെ കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും ടെക്‌നോപാര്‍ക്കിന് സ്വന്തം കരുത്തിലൂടെ സാമ്പത്തിക സ്ഥിരതയും പ്രകടന മികവും നിലനിര്‍ത്താനായി. ഈ മഹാമാരിക്കാലത്തും നാല്‍പതോളം പുതിയ കമ്പനികള്‍ ടെക്‌നോപാര്‍ക്കിലെത്തിയത് ഇവിടുത്തെ മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ തെളിവാണ്'- ടെക്‌നോപാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു.
'കരുത്തുറ്റ വായ്പാ സുരക്ഷാ ക്രമീകരണങ്ങളും പണലഭ്യതയും ഒപ്പം ആരോഗ്യകരമായ പ്രവര്‍ത്തനക്ഷമതയും കമ്പനികളുടെ വൈവിധ്യവുമാണ് റേറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ കമ്പനികള്‍ക്ക് ആശ്വാസമെന്ന നിലയില്‍ വാടക ഇളവ് നല്‍കുകയും വാര്‍ഷിക വര്‍ധന ഒഴിവാക്കുകയും ചെയ്‌തെങ്കിലും ടെക്‌നോപാര്‍ക്കിന്റെ പണലഭ്യത മികച്ച നിലയില്‍ തന്നെയായിരുന്നു'- ടെക്‌നോപാര്‍ക്ക് ചീഫ് ഫിനാന്‍സ് ഓഫീസര്‍ എല്‍. ജയന്തി പറഞ്ഞു.
ടെക്നോപാര്‍ക്ക് ഒന്ന്, മൂന്നു ഫേസുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), യുഎസ്ടി ഗ്ലോബല്‍, ഏണസ്റ്റ് & യംഗ്, അലയന്‍സ് ടെക്‌നോളജി, ഐബിഎസ് സോഫ്‌റ്റ്വെയര്‍, ഒറക്കിള്‍, നിസ്സാന്‍, ഗൈഡ് ഹൗസ്, ടാറ്റ എല്‍ക്‌സി, ഇന്‍വെസ്റ്റ് നെറ്റ്, ക്വസ്റ്റ് ഗ്ലോബല്‍, തുടങ്ങിയ പ്രശസ്ത കമ്പനികളും നിലവില്‍ ടെക്‌നോപാര്‍ക്കിലെ കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. കൂടാതെ ടെക്‌നോപാര്‍ക്കിന്റെ വര്‍ദ്ധിച്ചുവരുന്ന ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യത്തില്‍ കോ-ഡവലപ്പര്‍മാരായ എംബസി-ടോറസ്, ബ്രിഗേഡ് എന്റര്‍പ്രൈസസ്, കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്ക്, സീവ്യൂ, ആംസ്റ്റര്‍ ഹൌസ്, എം-സ്‌ക്വയര്‍ എന്നിവയുടെ ശക്തമായ പിന്തുണയുമുണ്ട്.
ഇന്‍ഫോപാര്‍ക്ക്
ഇന്‍ഫോപാര്‍ക്കില്‍ ഇപ്പോള്‍ 92 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പേസ് ആണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. 10 ലക്ഷത്തോളം ചതുരശ്ര അടി സ്ഥലം ഈ വര്‍ഷത്താവസാനത്തോടെ പുതിയ കമ്പനികള്‍ക്കായി തയാറാകും. ഇന്‍ഫൊപാര്‍ക്കിന്റെ സാറ്റലൈറ്റ് കാമ്പസുകളായ കൊരട്ടി, ചേര്‍ത്തല പാര്‍ക്കുകളില്‍ പുതിയ ഓഫീസ് ഇടങ്ങളുടെ ഫര്‍ണിഷ് ജോലികള്‍ നടന്നുവരുന്നു. ഇവിടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട ഇടത്തരം സംഭരംഭകര്‍ക്കുമായാണ് പ്രധാനമായും സ്ഥലം ഒരുങ്ങുന്നത്. ഇന്‍ഫോപാര്‍ക്കിലെ ഏതാനും വലിയ കമ്പനികള്‍ ഇപ്പോള്‍ സാറ്റലൈറ്റ് പാര്‍ക്കുകളിലേക്കും ഓഫീസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ട്.
ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് രണ്ടില്‍ 2.63 ഏക്കര്‍ ഭൂമിയില്‍ മൂന്ന് ടവറുകളിലായി ഒരുങ്ങുന്ന കാസ്പിയന്‍ ടെക്പാര്‍ക്ക് കാമ്പസ് നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇവിടെ 1.30 ലക്ഷ ചതുരശ്ര അടി ഓഫീസ് ഇടം ലഭ്യമാക്കുന്ന ആദ്യ ടവര്‍ 2022 ആദ്യ പാദത്തോടെ പൂര്‍ത്തിയാകും. പത്തു നിലകളുള്ള ഈ കെട്ടിടത്തില്‍ ഐടി, ഐടിഇഎസ്, കോര്‍പറേറ്റ്, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും പണി പൂര്‍ത്തിയായാല്‍ കാസ്പിയന്‍ ടെക്പാര്‍ക്ക് കാമ്പസില്‍ ആകെ 4.50 ലക്ഷം ചതുരശ്ര അടി വിസ്തൃതി കമ്പനികള്‍ക്കായി ലഭ്യമാകും. ഫെയ്‌സ് രണ്ടിലെ മറ്റൊരു പ്രധാന കാമ്പസ് ക്ലൗഡ്‌സ്‌കേപ്‌സ് സൈബര്‍ പാര്‍ക്ക് പണി പൂര്‍ത്തിയായി ഉല്‍ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്. ഇവിടെ ആദ്യ ഘട്ടത്തില്‍ 62,000 ചതുരശ്ര അടി വിസ്തൃതിയില്‍ ചെറുകിട, ഇടത്തരം ഐടി സംരംഭങ്ങള്‍ക്കായി പൂര്‍ണസജ്ജമായ ഓഫീസ് ഇടമാണ് ഒരുക്കിയിരിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് ഒന്നില്‍ പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ ഐബിഎസിന്റെ സ്വന്തം കാമ്പസും പണി പൂര്‍ത്തിയായിരിക്കുന്നു. ഇവിടെയും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
കേരളത്തില്‍ ആരംഭിച്ച് ആഗോള പ്രശസ്തി നേടിയ ഐബിഎസ് സോഫ്റ്റ്‌വെയര്‍ സര്‍വീസസിന്റെ കൊച്ചിയിലെ സ്വന്തം ഐടി കാമ്പസ് നിര്‍മ്മാണം ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് ഒന്നില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഇവിടെ പ്രവര്‍ത്തനം ആരംഭിക്കും. 4.21 ഏക്കര്‍ ഭൂമിയില്‍ 6 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഈ കാമ്പസില്‍ 6000 ജീവനക്കാര്‍ക്കുള്ള സൗകര്യമുണ്ട്. മറ്റു സൗകര്യങ്ങള്‍ക്കു പുറമെ തീയെറ്റര്‍, ഓപണ്‍ റൂഫ് കഫ്റ്റീരിയ അടക്കമുള്ള സൗകര്യങ്ങളും ഈ കാമ്പസില്‍ ഉണ്ട്.
വികസനത്തിലേക്ക് കുതിച്ച് സൈബർ പാർക്ക്
ഈ മാസം അവസാനത്തോടെ സഹ്യ ബിൽഡിങ്ങിന്റെ ബെയ്സ്മെന്റ് ഏരിയയിൽ 42744 ചതുരശ്രയടിയിൽ 31 ചെറിയ കമ്പനികൾക്കായി ഓഫീസുകൾ സജ്ജമാക്കും . എല്ലാ സജ്ജീകരണത്തോടുകൂടി ഒരുങ്ങുന്ന ഓഫീസുകളിൽ ഫർണിച്ചറുകൾ ഉൾപ്പടെ എല്ലാ സൗകര്യങ്ങളുമുണ്ട്. ഒരേ സമയം 66 ജീവനക്കാർക്ക് വരെ ജോലിചെയ്യാൻ കഴിയുന്ന വലുപ്പത്തിലാണ് ഓഫീസുകൾ ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ കോഴിക്കോട് കേന്ദ്രമായ 5 കമ്പനികൾ ഓഫീസുകൾ ബുക്ക് ചെയ്തു കഴിഞ്ഞു. 2017ല്‍ നാല് കമ്പനികള്‍ മാത്രമായി പ്രവര്‍ത്തനമാരംഭിച്ച സൈബര്‍ പാര്‍ക്കില്‍ ഇന്നുള്ളത് 60 കമ്പനികളാണ്. 2020ല്‍ കോവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴും 26 കമ്പനികള്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ചു.
ഐടി വിദഗ്ധരുടെ റിവേഴ്‌സ് മൈഗ്രേഷന്‍
കോവിഡ് മഹാമാരി മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഐടി ജോലിക്കാരുടെ തിരിച്ചുവരവും കേരളത്തിന് ഗുണകരമായിരിക്കുകയാണ്. മാറിയ സാഹചര്യങ്ങളില്‍ കൂടുതല്‍ പേരും കേരളത്തിലിരുന്ന് ജോലി ചെയ്യുന്നതിന് മുന്‍ഗണന നല്‍കുന്നത്. റിമോട്ട് വര്‍ക്കിങ് മാതൃകയിലും പലരും ഇപ്പോള്‍ സ്വന്തം നാട്ടിലേക്ക് ജീവിതവും ജോലിയും പറിച്ചു നട്ടിട്ടുണ്ട്. മടങ്ങി എത്തിയ നിരവധി വിദഗ്ധര്‍ക്ക് ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് തുടങ്ങി ഐടി പാര്‍ക്കുകളില്‍ വലിയ അവസരങ്ങളാണ് നിലവിലുള്ളത്.
സാറ്റലൈറ്റ് പാര്‍ക്കുകള്‍
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനും കൊച്ചി ഇന്‍ഫോപാര്‍ക്കിനും അനുബന്ധമായി കൊല്ലം, ചേര്‍ത്തല, കൊരട്ടി എന്നിവിടങ്ങളിലായി മൂന്ന് പ്രധാന സാറ്റലൈറ്റ് പാര്‍ക്കുകളും പ്രവര്‍ത്തിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ടെക്‌നോപാര്‍ക്കിലേയും ഇന്‍ഫോപാര്‍ക്കിലേയും പല കമ്പനികളും സാറ്റലൈറ്റ് പാര്‍ക്കുകളിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിക്കുന്നുണ്ട്. റിമോട്ട് വര്‍ക്കിങ് രീതി പിന്തുടരുന്നതിനാല്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടിനടുത്ത് തന്നെ ഓഫീസ് സൗകര്യം ഒരുക്കാമെന്ന ഗുണവും ഈ പാര്‍ക്കുകള്‍ക്കുണ്ട്. റോഡ്, റെയില്‍ കണക്ടിവിറ്റിയും വിമാനത്താവള സാമീപ്യവും ശാന്തവും പ്രകൃതി സൗഹൃദ അന്തരീക്ഷവുമാണ് ഈ പാര്‍ക്കുകളുടെ സവിശേഷത.
കോവിഡ് കാല കരുതല്‍
ഐടി കമ്പനികള്‍ കോവിഡ് മൂലം നേരിട്ട പ്രതിസന്ധി ലഘൂകരിക്കുന്നതിനായി സര്‍ക്കാര്‍ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നീ ഐടി പാര്‍ക്കുകളിലെ കമ്പനികളുടെ മൂന്ന് മാസത്തെ വാടക എഴുതിത്തള്ളി. ഇതു കൂടാതെ വാര്‍ഷിക വാടക വര്‍ധനയും ഒഴിവാക്കി. ഇത് കമ്പനികള്‍ക്ക് വലിയ ആശ്വാസമായി.


Tags:    

Similar News