അറ്റാദായത്തില്‍ 24% വര്‍ധനവോടെ 66 കോടി രൂപയുമായി ജെകെ ടയര്‍
അവലോകന പാദത്തില്‍ കാര്യക്ഷമത വര്‍ധിച്ചതായി കമ്പനി
ടയര്‍ നിര്‍മ്മാതാക്കളായ ജെകെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഡിസംബര്‍ പാദത്തില്‍ 66.75 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 53.92 കോടി രൂപയായിരുന്നു. 24 ശതമാനം വര്‍ധനവാണുണ്ടായത്. കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 3083.95 കോടി രൂപയില്‍ നിന്ന് 17 ശതമാനം ഉയര്‍ന്ന് 3622.62 കോടി രൂപയായി.
അസംസ്‌കൃത വസ്തുക്കളുടെ വില പല പാദങ്ങളിലായി വര്‍ധിച്ചുകൊണ്ടിരുന്നെങ്കിലും അവലോകന പാദത്തില്‍ അവ കുറഞ്ഞു. ഇതോടെ മൊത്തത്തിലുള്ള കാര്യക്ഷമത വര്‍ധിച്ചതായി ജെകെ ടയര്‍ പ്രസിഡന്റ് (ഇന്ത്യ) അനൂജ് കതൂരിയ പറഞ്ഞു. എന്നിരുന്നാലും കമ്പനിയുടെ വീണ്ടെടുക്കല്‍ ഇപ്പോഴും തുടരുകയാണെന്നും എല്ലാ മേഖലകളും പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നാലാം പാദം പൊതുവെ വാഹന വ്യവസായത്തിനും ടയര്‍ വ്യവസായത്തിനും വളരെ നല്ലതാണ്. ഈ വര്‍ഷവും അങ്ങനെ തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ നാലാം പാദത്തില്‍ കമ്പനി മെച്ചപ്പെട്ട വളര്‍ച്ച കാഴ്ച്ചവെയ്ക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം സെക്യൂരിറ്റികള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 240 കോടി രൂപ വരെ സമാഹരിക്കാനുള്ള പദ്ധതിക്ക് കമ്പനിയുടെ ബോര്‍ഡ് അനുമതി നല്‍കി.