ആദ്യ പാദത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ജെ.എം.ജെ ഫിന്‍ടെക്, ഓഹരിയില്‍ 8% കുതിപ്പ്

വരുമാനത്തില്‍ 20 ശതമാനം വളര്‍ച്ച

Update:2024-08-12 15:16 IST

ജോജു മടത്തുംപടി ജോണി, മാനേജിംഗ് ഡയറക്ടര്‍

കേരളത്തിലുള്‍പ്പെടെ പ്രവര്‍ത്തനം നടത്തുന്ന പ്രമുഖ ബാങ്കിതര സാമ്പത്തിക സ്ഥാപനമായ ജെ.എം.ജെ ഫിന്‍ടെക് ലിമിറ്റഡ് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദമായ ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 1.82 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തിലെ 18.86 ലക്ഷം രൂപയേക്കാള്‍ 866 ശതമാനം ആണ് വളര്‍ച്ച. അതേ സമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ നിന്ന് 294 ശതമാനം വളര്‍ച്ച കൈവരിക്കാനും സാധിച്ചു.

ആദ്യ പാദത്തില്‍ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 78.47 ലക്ഷം രൂപയില്‍ നിന്ന് 3.69 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍നിന്ന് 20 ശതമാനം വളര്‍ച്ച കൈവരിക്കാനും സാധിച്ചു.
കൈകാര്യം ചെയ്യുന്ന മൊത്തം വായ്പ ആസ്തി കഴിഞ്ഞസാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ നിന്ന് 7 ശതമാനം വളര്‍ച്ച കൈവരിച്ച് 26.87 കോടി രൂപ ആയി.
ഓഹരി മുന്നേറ്റത്തില്‍

ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് ജെ.എം.ജെ ഫിന്‍ടെക്. സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഓഹരി വിപണിയിലും നേട്ടം ഉണ്ടാക്കി ജെ.എം.ജെ ഫിന്‍ടെക് ലിമിറ്റഡ്. ഇന്ന് എട്ട് ശതമാനത്തോളം ഉയര്‍ന്നാണ് ഓഹരി വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 77 ശതമാനത്തോളം നേട്ടം ജെ.എം.ജെ ഫിന്‍ടെക് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇതു വരെയുള്ള നേട്ടം 10 ശതമാനത്തിലധികവും. 30.99 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണിത്.

ആദ്യ പാദത്തിലെ വളര്‍ച്ചയുടെയും സ്ഥാപനത്തിന്റെ വിപുലീകരണത്തിന്റെയും ഭാഗമായി 20 ശാഖകള്‍ കൂടി അടുത്ത പാദത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി ആരംഭിക്കുമെന്നു കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയ ജോജു മടത്തുംപടി ജോണി അറിയിച്ചു.

Tags:    

Similar News