ബ്രസീല്‍ 'തടിക്കപ്പല്‍' വീണ്ടും കൊച്ചി തുറമുഖത്ത്; മംഗലാപുരം യാത്ര കുറയ്ക്കും

എത്തിയത് ഫര്‍ണിച്ചര്‍ നിര്‍മ്മാണമേഖലയ്ക്കുള്ള തടി

Update:2023-11-15 16:04 IST

Image : Cochin Port website

ബ്രസീലില്‍ നിന്ന് കൊച്ചിയിലേക്ക് 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മരത്തടികളുമായി കപ്പലെത്തി. നിലവില്‍ കൂടുതലായും മംഗലാപുരത്തേക്കാണ് ബ്രസീല്‍ തടിക്കപ്പലുകള്‍ എത്തിയിരുന്നത്. ഇനി മുതല്‍ ഓരോ മാസവും ചുരുങ്ങിയത് ഒരു തടിക്കപ്പല്‍ വീതം ബ്രസീലില്‍ നിന്ന് കൊച്ചിയിലേക്ക് എത്തുമെന്ന് കൊച്ചി തുറമുഖ അതോറിറ്റി ട്രാഫിക് വിഭാഗം അധികൃതര്‍ ധനംഓണ്‍ലൈനിനോട് പറഞ്ഞു. 15,000 ടണ്‍ തടിക്കഷ്ണങ്ങളുമായി എം.വി. ചിന്തന നാരീ കപ്പലാണ് കഴിഞ്ഞദിവസം കൊച്ചിയിലെത്തിയത്.

യൂകലിപ്റ്റസ് തടി; ആനുകൂല്യങ്ങളുമായി തുറമുഖവും
ബ്രസീലില്‍ നിന്ന് യൂകലിപ്റ്റസ് തടികളുമായാണ് കപ്പല്‍ കൊച്ചിയിലെത്തിയത്. എറണാകുളം പെരുമ്പാവൂരിലെയും കണ്ണൂരിലെയും പ്ലൈവുഡ് ഫര്‍ണിച്ചര്‍ നിര്‍മ്മാണ കമ്പനികള്‍ക്കുള്ളതാണ് ഈ തടികള്‍. കണ്ണൂരിലെ കമ്പനികള്‍ നേരത്തേ മംഗലാപുരം തുറമുഖത്തെയാണ് ആശ്രയിച്ചിരുന്നത്. ഇവര്‍ക്കിനിമുതല്‍ കൊച്ചി വഴി കുറഞ്ഞചെലവില്‍ ബ്രസീലിയന്‍ തടി നേടാനുള്ള അവസരമാണ് സജ്ജമാകുന്നത്.
തടിക്കപ്പലിന് തുറമുഖ ഫീസില്‍ 25 ശതമാനം ഇളവ് കൊച്ചി തുറമുഖ അതോറിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. പുറമേ 35 ദിവസത്തെ സൗജന്യ സ്‌റ്റോറേജും അനുവദിക്കും. ഇതുവഴി കപ്പലിന്റെ കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ കൂട്ടാനാകുമെന്നാണ് പ്രതീക്ഷ, മംഗലാപുരത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കും.
മ്യാന്‍മറും റബറും വേണ്ട
നേരത്തെ മ്യാന്‍മറില്‍ നിന്നാണ് പ്ലൈവുഡ് കമ്പനികള്‍ കൂടുതലായും തടി എത്തിച്ചിരുന്നത്. ആഭ്യന്തരമായി ഉള്‍പ്പെടെ ലഭിച്ചിരുന്ന റബര്‍ തടികളും പ്രയോജനപ്പെടുത്തിയിരുന്നു. എന്നാല്‍, ബര്‍മീസ് തടികള്‍ക്കും റബര്‍ തടിക്കും വില കൂടുതലാണെന്നതും ഗുണം കുറവാണെന്നതുമാണ് ബ്രസീലിയന്‍ തടിയിലേക്ക് മാറിച്ചിന്തിക്കാന്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്. യുകലിപ്റ്റസ് തടിയുടെ ഉപയോഗം ഫര്‍ണിച്ചര്‍ ഉത്പാദനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ബ്രസീലിന് പുറമേ ആഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും ഗുണനിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ തടികള്‍ കൊച്ചി തുറമുഖം വഴി ഇറക്കുമതി ചെയ്യാന്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നുണ്ട്. ഇത് പ്രാവര്‍ത്തികമായാല്‍ കൊച്ചി തുറമുഖത്തിനത് വലിയ ഊര്‍ജമാകുമെന്ന് ട്രാഫിക് വിഭാഗം അധികൃതര്‍ പറഞ്ഞു.
Tags:    

Similar News