100 ലുലു സ്റ്റോറുകള്‍, 1000ല്‍ അധികം തൊഴിലവസരങ്ങള്‍, സെല്‍ഫ് ചെക്ക് ഔട്ട്... ഐ.പി.ഒ വിജയത്തിന് പിന്നാലെ യൂസഫലിയുടെ വമ്പന്‍ പദ്ധതികള്‍
ഐ.പി.ഒയ്ക്ക് ലഭിച്ചത് മൂന്ന് ലക്ഷം കോടിയുടെ അപേക്ഷകള്‍, ചെറുകിട നിക്ഷേപകര്‍ 82,000
ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ എം.എ യൂസഫലി. ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഇതു വഴി സൃഷ്ടിക്കപ്പെടുന്നത്. മലയാളികളടക്കം നിരവധി പേര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. പ്രവാസികളുടെ എണ്ണം കൂടുതലുള്ള യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയവിടങ്ങളിലായിരിക്കും കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും യൂസഫലി പറഞ്ഞു.
റെക്കോഡ് തകര്‍ത്ത് ഐ.പി.ഒ
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ലുലു ഗ്രൂപ്പിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍ നിന്ന് പ്രതീക്ഷയെ മറികടന്ന പ്രതികരണം ലഭിച്ചതിനു പിന്നാലെയാണ് യൂസഫലിയുടെ പുതിയ നീക്കം. നവംബര്‍ അഞ്ച് വരെയായിരുന്നു ലുലു ഐ.പി.ഒ. 15,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്ത് മൂന്ന് ലക്ഷം കോടി രൂപയാണ് (3,700 കോടി ഡോളര്‍) ഓഹരി വില്‍പ്പനയിലൂടെ ലുലു നേടിയത്. മിഡില്‍ ഈസ്റ്റിലെ ഒരു ഇന്ത്യന്‍ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയെന്ന റെക്കോഡ് ഇതോടെ ലുലു റീറ്റെയ്ല്‍ സ്വന്തമാക്കി.
ഉയര്‍ന്ന പ്രൈസ് ബാന്‍ഡായ 2.04 ദിര്‍ഹം ആണ് ലുലു ഓഹരിക്ക് അന്തിമ വില പ്രഖ്യാപിച്ചത്. 82,000 ചെറുകിട നിക്ഷേപകരാണ് ലുലു ഓഹരികള്‍ക്കായി അപേക്ഷിച്ചത്. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങളെ (QIB) കൂടാതെ ഐ.പി.ഒയ്ക്ക് 25 മടങ്ങിലേറെ അപേക്ഷകള്‍ ലഭിച്ചു. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ഡിമാന്‍ഡ് ഉയര്‍ന്നതോടെ അഞ്ച് ശതമാനം ഓഹരികള്‍ കൂടി അധികമായി ലിസ്റ്റ് ചെയ്തു. ഇൻസ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകര്‍ക്കായി മാത്രമാണ് അധിക ഓഹരികള്‍ അനുവദിച്ചത്.
ഓഹരി വില്‍പ്പന 30 ശതമാനം വര്‍ധിച്ചതോടെ 309.8 കോടി ഓഹരികളാണ് ലിസ്റ്റ് ചെയ്യുന്നത്. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ (ADX) നവംബര്‍ 14നാണ് ഓഹരിയുടെ ലിസ്റ്റിംഗ്. ഓഹരി ഒന്നിന് 2.04 ദിര്‍ഹം പ്രകാരം ലുലു റീറ്റെയിലിന്റെ വിപണി മൂല്യം 574 കോടി ഡോളര്‍ വരും. എ.ഡി.എക്‌സില്‍ ലിസ്റ്റ് ചെയ്യുന്ന 100-മത്തെ കമ്പനിയാണ് ലുലു.
അര്‍ഹരായ നിക്ഷേപകര്‍ക്ക് നവംബര്‍ 12ന് അലോട്ട്‌മെന്റ് ലഭിച്ച സന്ദേശം വരും. ഓഹരി ലഭിക്കാത്തവര്‍ക്ക് നവംബര്‍ 13ന് റീഫണ്ട് ലഭിക്കും.
സെല്‍ഫ് ചെക്കൗട്ട് സ്റ്റോറുകൾ
ഐ.പി.ഒ വിജയമായതിനു പിന്നാലെയാണ് പുതിയ സ്റ്റോറുകള്‍ അടക്കമുള്ള വിപുലീകരണ പദ്ധതികളെ കുറിച്ച് ലുലു പ്രഖ്യാപിച്ചത്. മൊത്തം 91 സ്‌റ്റോറുകള്‍ നേരത്തെ തന്നെ പദ്ധതിയിലുണ്ടായിരുന്നു. ഇത് 100 ആക്കി ഉയര്‍ത്താനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ലുലു റീറ്റെയ്ല്‍ സി.ഇ.ഒ സെയ്ഫി രൂപാവാല പറഞ്ഞു.
നിലവില്‍ ലുലുവിന് 50,000 ജീവനക്കാരും 240 സ്റ്റോറുകളുമാണുള്ളത്. കൂടുതല്‍ സ്‌റ്റോറുകള്‍ വരുന്നതോടെ ജീവനക്കാരുടെ എണ്ണവും ഉയരും. എന്നാല്‍ ഓരോ സ്‌റ്റോറുകളുടെയും വലിപ്പത്തില്‍ വ്യത്യാസമുള്ളതിനാല്‍ കൃത്യമായ കണക്കടുക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് രൂപാവാല ചൂണ്ടിക്കാട്ടുന്നു.
ലുലു സ്റ്റോറുകളില്‍ സെല്‍ഫ് ചെക്കൗട്ട് സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്. ചെറിയ സ്റ്റോറുകളില്‍ ഇത് ആദ്യം നടപ്പാക്കാനാണ് ലുലു ഉദ്ദേശിക്കുന്നത്. ജി.സി.സിയില്‍ കൂടാതെ മറ്റ് രാജ്യങ്ങളിലും ലുലു റീറ്റെയ്‌ലിന് ഹൈപ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളുണ്ട്.