സ്മാര്‍ട്ടാണ് സ്മാര്‍ട്ട്‌ഫോണ്‍! വിപണി മൂല്യത്തില്‍ വന്‍ വളര്‍ച്ച; ആപ്പിളിനെ കടത്തിവെട്ടി സാംസംഗ്

വില്‍പ്പനയില്‍ വിവോ മുന്നില്‍; ആപ്പിളിന് ചെറുപട്ടണങ്ങളിലും സ്വീകാര്യത

Update:2024-11-04 20:37 IST

Image : Canva

ഉല്‍സവ സീസണുകളുടെ കരുത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ മൂല്യത്തില്‍ 12 ശതമാനം വളര്‍ച്ച. പ്രീമിയം ഫോണുകളുടെ വില്‍പ്പന വര്‍ധിച്ചതാണ് മൂല്യം വര്‍ധിക്കാന്‍ കാരണമായത്. സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ മൂന്നാം പാദത്തില്‍ കഴിഞ്ഞ ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നു ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. ദീപാവലി, ദുര്‍ഗ പൂജ തുടങ്ങിയ ഉല്‍സവ സീസണുകളിലെ വില്‍പ്പന മൊബൈല്‍ ഫോണ്‍ വിപണിക്ക് കരുത്തായതായാണ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ സര്‍വെയില്‍ പറയുന്നത്. പ്രീമിയം ഫോണുകളുടെ വില്‍പ്പനയില്‍ വലിയ കുതിപ്പാണുണ്ടായത്. 5 ജി ഫോണുകള്‍ക്കാണ് ഈ പാദത്തില്‍ ഡിമാന്റ് കൂടിയത്. വില്‍പനയുടെ 81 ശതമാനം ഈ വിഭാഗത്തിലാണ്. 10,000-15,000 രൂപ നിരക്കിലുള്ള ഫോണുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുണ്ടായത്.

മൂല്യത്തില്‍ സാംസംഗ് മുന്നില്‍, ആപ്പിള്‍ രണ്ടാമത്

ആപ്പിളിന്റെ പുതിയ ഐഫോണ്‍ 16 വിപണിയിലെത്തിയിട്ടും ഉല്‍സവ കാലത്ത് സാംസംഗിനെ മറികടക്കാന്‍ ആപ്പിളിനായില്ല. വിപണി മൂല്യത്തിന്റെ 23 ശതമാനം പിടിച്ചെടുത്ത സാംസംഗ് ആണ് മുന്നില്‍. ഗാലക്‌സി എസ് സീരീസിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. എ.ഐ ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ ഈ സീരീസിലെ മോഡലുകള്‍ ഏറെ വിറ്റഴിഞ്ഞു. ആപ്പിളിന്റെ വിപണി മൂല്യം 22 ശതമാനമാണ്. ഇന്ത്യയിലെ ചെറു പട്ടണങ്ങളില്‍ പോലും ആപ്പിള്‍ ഫോണുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നതായി സര്‍വെയില്‍ കണ്ടെത്തിയിട്ടുണ്ട്. ഐഫോണ്‍ 15, ഐഫോണ്‍ 16 എന്നിവയാണ് ആപ്പിളിന്റെ വില്‍പ്പനയില്‍ മുന്നില്‍ നിന്നത്.

ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വില്‍പ്പന നടത്തിയത് വിവോ ആണ്. മൊത്തം സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണത്തില്‍ 26 ശതമാനം വിവോ ഫോണുകളാണ്.  മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 41 ശതമാനം വളര്‍ച്ച നേടിയ ഓപ്പോ, അതിവേഗം വളരുന്ന ബ്രാന്റുകളില്‍ മുന്നിലാണ്. പുതുമുഖ ബ്രാന്റായ 'നതിംഗി'ന്റെ ഇന്ത്യയിലെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 510 ശതമാനം വളര്‍ച്ചയുമായി അതിവേഗം വളരുന്ന ബ്രാന്റുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ നതിംഗ് ഇടം പിടിച്ചു.

Tags:    

Similar News