ലുലുവിന്റെ വമ്പന്‍ ഐ.പി.ഒ ഇങ്ങടുക്കുന്നു, കണ്ണില്‍ എണ്ണയൊഴിച്ച് നിക്ഷേപകര്‍; മെഗാഹിറ്റാകുമോ?
രണ്ട് ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യം
പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലി നയിക്കുന്ന അബുദബി ആസ്ഥാനമായ ലുലു ഇന്റര്‍നാഷണലിന്റെ (Lulu Group International) വമ്പന്‍ പ്രാരംഭ ഓഹരി വില്‍പ്പന ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏകദേശം 16,700 കോടി രൂപ (2 ബില്യണ്‍ ഡോളര്‍) ഉന്നമിട്ടുള്ള ലിസ്റ്റിംഗാണ് ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. ഗള്‍ഫ് റീജിയിണിലെ ഏറ്റവും വലിയ പണ സമാഹരണങ്ങളിലൊന്നായിരിക്കുമിത്.
പല മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കുന്ന ഓഹരി യു.എ.ഇയിലെ അബുദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലും (ADX) സൗദി അറേബ്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ തദാവൂളിലും (Tadawul) ലിസ്റ്റ് ചെയ്യും.
ഡിസംബര്‍ അവധിക്ക് മുമ്പായി ഐ.പി.ഒ പൂര്‍ത്തായാക്കാനാണ് ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
മിഡില്‍ ഈസ്റ്റില്‍ അടുത്ത കാലത്ത് നടന്ന ഐ.പി.ഒകള്‍ക്ക് ലഭിച്ച സ്വീകാര്യത നോക്കുമ്പോള്‍ ലുലു ഐ.പി.ഒ കൂടുതല്‍ ആകര്‍ഷകമാകാനാണ് സാധ്യത.
രണ്ട് വര്‍ഷമായി ഒരുക്കങ്ങള്‍
കഴിഞ്ഞ രണ്ട് വര്‍ഷമായി ഐ.പി.ഒയ്ക്ക് തയാറെടുക്കുകയാണ് ലുലു ഗ്രൂപ്പ്, കൊവിഡ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലം ഇത് വൈകുകയായിരുന്നു.
ഇതിനിടെ 2020ല്‍ കമ്പനിയുടെ 20 ശതമാനം ഓഹരികള്‍ അബുദബിയിലെ എ.ഡി.ക്യു ഗ്രൂപ്പിന് ഒരു ബില്യണ്‍ ഡോളറിന് (ഏകദേശം 8,300 കോടി രൂപ) വിറ്റഴിച്ചിരുന്നു, ഈജിപ്ത് ഉള്‍പ്പെടെയുള്ള വിപണികളിലെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ നിക്ഷേപം സമാഹരിച്ചത്.
ഇത് കൂടാതെ ഐ.പി.ഒയ്ക്ക് മുന്നോടായായി കമ്പനിയുടെ കടം വീട്ടാന്‍ 2023 ഓഗസ്റ്റില്‍ 10 ബില്യണ്‍ യു.എ.ഇ ദിര്‍ഹം സമാഹരിച്ചിരുന്നു. ജി.സി.സി, ഈജിപ്ത് എന്നിവിടങ്ങളിലും മറ്റു രാജ്യങ്ങളിലുമായി 80 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാനും സ്‌പ്ലൈ ചെയിന്‍ ശൃഖല ശക്തിപ്പെടുത്താനും ഇ-കൊമേഴ്‌സ് ശേഷി ഉയര്‍ത്താനും ഈ പണസമാഹരണം സഹായകമാകുമെന്നായിരുന്നു കമ്പനി വ്യക്തമാക്കിയത്.
ഒ.എഫ്.എസില്‍ വ്യക്തതയില്ല
ലുലുഗ്രൂപ്പ് ഐ.പി.ഒയില്‍ പ്രമോട്ടര്‍മാരുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (OFS) ഉണ്ടാകുമോ എന്നതിനെ കുറിച്ച് വ്യക്തതയായിട്ടില്ല. ലുലു ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലിയാണ് കമ്പനിയുടെ പ്രധാന പ്രമോട്ടര്‍. ഗ്രൂപ്പിനു കീഴില്‍ വലിയ വൈവിദ്ധ്യവത്കരണ പദ്ധതികളാണ് എം.എ. യൂസഫലി മുന്നോട്ട് വയ്ക്കുന്നത്. ഇതിന് ബാങ്ക് വായപയെ മാത്രമായി ആശ്രയിക്കാനാകില്ല, അതിനാണ് ഇക്വിറ്റി ഫണ്ടിംഗും ഉദ്ദേശിക്കുന്നത്.
രാജ്യത്തെമ്പാടും മാളുകള്‍ സ്ഥാപിക്കുന്നതു കൂടാതെ ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ട് ലുലു ഗ്രൂപ്പ്.