ഇവിടെയുണ്ട് താജ്മഹല്‍ പോലൊരു ഓഫീസ്

പതിനേഴാം നൂറ്റാണ്ടിലെ അതിശയകരമായ ഘടനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കമ്പനി ഓഫീസ് ഒരുക്കിയിട്ടുള്ളത്

Update: 2021-01-29 10:07 GMT

കോവിഡ് മഹാമാരി ജീവിതം മാത്രമല്ല മിക്കവരുടെയും തൊഴിലിടവും തന്നെ മാറ്റിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതല്‍ കണക്കിലെടുത്ത് ഓഫീസുകള്‍ വീടുകളിലേക്ക് ചേക്കേറുകയായിരുന്നു. എന്നാല്‍ ജീവിതം കോവിഡിനൊപ്പം ആയതോടെ പല കമ്പനികളും ഈ സംവിധാനം മെല്ലെ ഒഴിവാക്കാനുള്ള ഒരുക്കങ്ങളും നടത്തിവരികയാണ്. അതിനിടയില്‍ വര്‍ക്ക് ഫ്രം ഹോം ഒക്കെ കഴിഞ്ഞ് തിരികെ ഓഫീസിലെത്തുമ്പോള്‍ കുഞ്ഞു താജ്മഹലാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നതെങ്കിലോ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

സംശയം വേണ്ട, ലോകാത്ഭുതങ്ങളില്‍പ്പെട്ടതും പ്രണയത്തിന്റെ പ്രതീകവുമായ താജ്മഹലിന്റെ അകം പോലെ സജ്ജീകരിച്ച ഒരു ഓഫീസ് ഈയടുത്തകാലത്ത് ഇന്ത്യയില്‍ ഒരുങ്ങിയിട്ടുണ്ട്. നോയിഡയിലാണ് മൈക്രോസോഫ്റ്റ് ഇന്ത്യ ഡവലപ്‌മെന്റ് സെന്റര്‍ (ഐഡിസി കാമ്പസ്) പതിനേഴാം നൂറ്റാണ്ടിലെ അതിശയകരമായ ഘടനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് താജിന്റെ രൂപത്തില്‍ പുതുതായി ഓഫീസ് തുറന്നിട്ടുള്ളത്. നോയിഡയിലെ ആറ് നില കെട്ടിടത്തിന്റെ ആദ്യ മൂന്ന് നിലകളിലായി വ്യാപിച്ചിരിക്കുന്ന പുതിയ ഓഫീസ് മുഴുവനായും മുഗള്‍ വാസ്തുവിദ്യയിലാണ് ഒരുക്കിയിട്ടുള്ളത്. നിലത്ത് വെള്ള മാര്‍ബിള്‍ പാകിയ ഓഫീസില്‍ മുഗള്‍ പ്രചോദിത ടെക്‌സ്ചറുകളും ഡിസൈനുകളും മാത്രമല്ല താഴികക്കുടങ്ങളും പകര്‍ത്തിവച്ചിട്ടുണ്ട്.
മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഐഡിസി കാമ്പസാണ് ഇത്. മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളുമായി സഹകരിക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമുള്ള എഞ്ചിനീയറിംഗ് ഹബായി ഇത് പ്രവര്‍ത്തിക്കും. 1988 ല്‍ ഹൈദരാബാദിലാണ് മൈക്രോസോഫ്റ്റ് ആദ്യത്തെ ഐഡിസി കാമ്പസ തുറന്നത്. രണ്ടാമത് ബാംഗ്ലൂരിലാണ്.
യഥാര്‍ത്ഥ താജ്മഹലില്‍നിന്നുള്ള സൂചനകള്‍ ആര്‍ക്കിടെക്ടുകള്‍ സ്വീകരിച്ചതായി മൈക്രോസോഫ്റ്റ് പറഞ്ഞു. ഷെവ്റോണ്‍ പാറ്റേണുകളുള്ള നദികളെ ചിത്രീകരിക്കുന്ന ഡിസൈനുകളും കാമ്പസിലുണ്ട്.


Tags:    

Similar News