ലാഭത്തിലും വരുമാനത്തിലും തിളങ്ങി ജെ.എം.ജെ ഫിന്‍ടെക്
വായ്പകളില്‍ 100 ശതമാനം വര്‍ധന
പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ (NBFC) ജെ.എം.ജെ ഫിന്‍ടെക് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ (2023-24) ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 1.02 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാന പാദത്തിലെ 13.60 ലക്ഷം രൂപയേക്കാള്‍ 654 ശതമാനം അധികമാണിത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ലാഭം 46.11 ലക്ഷം രൂപയായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ച 122 ശതമാനമാണ്.
ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ജെ.എം.ജെ ഫിന്‍ടെക്കിന്റെ വരുമാനം 2.14 കോടി രൂപയായി ഉയര്‍ന്നു. തൊട്ടു മുന്‍പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) ഇത് 1.47 കോടി രൂപയായിരുന്നു. 45 ശതമാനമാണ് വളര്‍ച്ച.
ഇക്കാലയളവില്‍ മൊത്തം വായ്പകള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 11.26 കോടി രൂപയില്‍ നിന്ന് 100 ശതമാനം വര്‍ധനയോടെ 22.53 കോടി രൂപയായി ഉയര്‍ന്നു.
ഓഹരിയിലും നേട്ടം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഓഹരി വിപണിയിലും ജെ.എം.ജെ ഫിന്‍ടെക് നേട്ടമുണ്ടാക്കി. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തില്‍ 56.97 ശതമാനമാണ് ഓഹരിയുടെ ഉയര്‍ച്ച. മൂന്നു മാസക്കാലയളവില്‍ 20.08 ശതമാനവും. ഇന്ന് 2.91 ശതമാനം നേട്ടത്തോടെ 24.39 രൂപയിലാണ് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.