കല്യാണിനും മലബാറിനും പുതിയ എതിരാളി, സ്വര്‍ണ ബിസിനസില്‍ ഇനി കളിമാറും; ₹5,000 കോടിയുടെ നിക്ഷേപവുമായി ഈ വമ്പന്‍

2030ഓടെ രാജ്യത്തെ സ്വര്‍ണാഭരണ വിപണി ₹11-13 ലക്ഷം കോടിയിലെത്തും

Update:2024-07-27 13:01 IST

രാജ്യത്തെ പ്രമുഖ ജുവലറി റീറ്റെയ്ല്‍ ശൃംഖലകളായ കല്യാണ്‍ ജുവലേഴ്‌സിനും ജോയ് ആലുക്കാസിനും മലബാര്‍ ഗോള്‍ഡിനുമടക്കം വെല്ലുവിളിയായി ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഇന്ദ്രിയ എത്തി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ടോപ് 3 ജുവലറി ബ്രാന്‍ഡായി മാറുക എന്ന ലക്ഷ്യത്തിലാണ് 5,000 കോടിയുടെ നിക്ഷേപവുമായി ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കടന്നു വരവ്.

നിലവില്‍ 6.7 ലക്ഷം കോടിയുടേതാണ് രാജ്യത്തെ സ്വര്‍ണാഭരണ വിപണി. 2030 ഓടെ ഇത് 11-13 ലക്ഷം കോടി കടക്കുമെന്നാണ് വിലയിരുത്തലുകള്‍.
അടുത്തിടെ ഒപസ് എന്ന ബ്രാന്‍ഡുമായി പെയിന്റ് വിപണിയിലേക്ക് കടന്നതിനു പിന്നാലെയാണ് ഗ്രൂപ്പ് സ്വര്‍ണാഭരണ രംഗത്തേക്കും കടക്കുന്നത്. ഡല്‍ഹി, ഇന്‍ഡോര്‍, ജയ്പ്പൂര്‍ എന്നീ നഗരങ്ങളിലായി നാല് ഇന്ദ്രിയ സ്റ്റോറുകള്‍ ഉടന്‍ തുറക്കും. അടുത്ത ആറ് മാസത്തിനുള്ളില്‍ 10 നഗരങ്ങളിലേക്ക് സാന്നിധ്യം വിപുലപ്പെടുത്താനാണ് ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നത്.
മത്സരം ശക്തം 
ടാറ്റ ഗ്രൂപ്പിന്റെ തനിഷ്‌ക്, റിലയന്‍സ് ജുവല്‍സ്, സെന്‍കോ ഗോള്‍ഡ് എന്നിവയ്‌ക്കൊപ്പം കേരളത്തില്‍ നിന്നുള്ള കല്യാണ്‍ ജുവലേഴ്‌സ്, ജോയ് ആലുക്കാസ്മലബാര്‍ ഗോള്‍ഡ് എന്നിവയ്ക്കും മത്സരമുയര്‍ത്തിയാണ് ഇന്ദ്രിയയുടെ വരവ്. 

ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സ്വര്‍ണത്തിനും വെള്ളിയ്ക്കും പ്ലാറ്റിനത്തിനും കസറ്റംസ് തീരുവയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗ്രൂപ്പിന്റെ സ്വര്‍ണ വ്യാപാര മേഖലയിലേക്കുള്ള കടന്ന് വരവ്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായും വെള്ളിയുടേത് 6.5 ശതമാനമായുമാണ് കുറച്ചത്.



Tags:    

Similar News