ഫുഡ്‌കോര്‍ട്ട്, ഇലക്ട്രിക് ചാര്‍ജിംഗ് പോയ്ന്റ്... വന്‍ പദ്ധതികളുമായി ദേശീയപാതാ അഥോറിറ്റി

അഞ്ചു വര്‍ഷത്തിനിടയില്‍ 600 കേന്ദ്രങ്ങളില്‍ പിപിപി അടിസ്ഥാനത്തില്‍ സൗകര്യമൊരുക്കും

Update:2021-03-25 10:29 IST

ദേശീയ പാതയോരങ്ങളില്‍ വന്‍ സൗകര്യങ്ങളൊരുക്കാന്‍ നാഷണല്‍ ഹൈവേയ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ). ഇന്ധനം നിറക്കാനുള്ള സൗകര്യം, ഇലക്ട്രിക് ചാര്‍ജിംഗ് സൗകര്യം, ഫുഡ് കോര്‍ട്ട്, റീറ്റെയ്ല്‍ ഷോപ്പുകള്‍, എടിഎം, ടോയ്‌ലറ്റ്, കുളിമുറി, കുട്ടികള്‍ക്ക് കളിക്കാനുള്ള ഇടം, ക്ലിനിക്, പ്രാദേശിക കരകൗശലവസ്തുക്കള്‍ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമുള്ള സൗകര്യം തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി.

അഞ്ചു വര്‍ഷത്തിനുള്ളില്‍ 22 സംസ്ഥാനങ്ങളിലെ 600 കേന്ദ്രങ്ങളില്‍ ഇത്തരം സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 2021-22 വര്‍ഷത്തില്‍ 130 ഇടങ്ങളില്‍ ഈ സൗകര്യങ്ങളൊരുക്കും. സ്വകാര്യ പങ്കാളിത്തത്തോടെയാകും ഇത്. 120 കേന്ദ്രങ്ങളിലേക്കുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിലവിലുള്ളതും ഇനി വരുന്നതുമായ നാഷണല്‍ ഹേവേയുടെ അരികുകളില്‍ 30-50 കിലോമീറ്റര്‍ ഇടവിട്ട് ഇത്തരം സൗകര്യങ്ങളൊരുക്കാനാണ് തീരുമാനം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്താകമാനം 3000 ഹെക്ടറിലാകും സൗകര്യങ്ങളൊരുങ്ങുക. പിപിപി മാതൃകയില്‍ വിഭാവനം ചെയ്യുന്ന പദ്ധതി നിക്ഷേപകര്‍ക്കും, ഡെവലപ്പര്‍മാര്‍ക്കും, റീറ്റെയ്‌ലേഴ്‌സിനും അടക്കം നിരവധി പേര്‍ക്ക് അവസരങ്ങളൊരുക്കും.
കൂടാതെ ട്രക്കുകള്‍ക്കായി ട്രക്കേഴ്‌സ് ബ്ലോക്കുകള്‍ രൂപീകരിക്കാനും പദ്ധതിയിടുന്നുണ്ട്. ട്രക്കുകളും ട്രെയ്‌ലറുകളും നിര്‍ത്തിയിടാനുള്ള സൗകര്യം, ഓട്ടോ വര്‍ക്ക് ഷോപ്പ്, ട്രക്കേഴ്‌സ് ഡോര്‍മിറ്ററി, പാചകം ചെയ്യാനും അലക്കാനുമുള്ള സ്ഥലം, ടോയ്‌ലറ്റ്, ക്ലിനിക്ക്, ഭക്ഷണം കഴിക്കാനുള്ള ഇടം തുടങ്ങിയ സൗകര്യങ്ങള്‍ ഇതിന്റെ ഭാഗമായും ഒരുക്കും.
ഇലക്ട്രിക് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം കൂട്ടുകയും പദ്ധതി നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നതിനൊപ്പം റോഡ് യാത്ര കൂടുതല്‍ സൗകര്യപ്രദമാകുകയും ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ദേശീയ പാതാ അഥോറിറ്റി.



Tags:    

Similar News