ദക്ഷിണേന്ത്യയുടെ പ്രകൃതിവാതക ഹബ്ബാകാൻ കേരളം

കേരളത്തിലുടനീളം സിറ്റിഗ്യാസും സി.എൻ.ജിയും; ₹600 കോടി നിക്ഷേപമൊഴുക്കാൻ പെട്രോനെറ്റ്

Update:2023-05-24 11:35 IST

Image : Canva

ദ്രവീകൃത പ്രകൃതി വാതക (Liquified Natural Gas/LNG) വിതരണരംഗത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ പെട്രോനെറ്റ് എല്‍.എന്‍.ജിക്ക് (Petronet LNG) കേരളത്തില്‍ വലിയ പ്രതീക്ഷ. കമ്മിഷന്‍ ചെയ്യപ്പെട്ട കൊച്ചി-മംഗലാപുരം ഗെയ്ല്‍ പൈപ്പ്‌ലൈനും ഇതുപയോഗിച്ചുള്ള കേരളത്തിലെ സിറ്റി ഗ്യാസ് വിതരണവും വാഹനങ്ങള്‍ക്കുള്ള സി.എന്‍.ജി വിതരണവും വ്യാവസായിക സ്ഥാപനങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡും വൈകാതെ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം കൂടാന്‍ സഹായിക്കുമെന്നാണ് പെട്രോനെറ്റിന്റെ വിലയിരുത്തല്‍.

കൂടുതല്‍ നിക്ഷേപം
മികച്ച പ്രതീക്ഷകളുമായി നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) 600 കോടി രൂപ നിക്ഷേപത്തോടെ കൊച്ചിയില്‍ പുതിയ സ്റ്റോറേജ് ടാങ്ക് കൂടി കൂട്ടിച്ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. 
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച പ്രവര്‍ത്തനഫല റിപ്പോര്‍ട്ടിലാണ് കമ്പനി ഈ നിക്ഷേപത്തെ കുറിച്ച് വ്യക്തമാക്കിയത്.

Also Read : പ്രമേഹം,​ ഹൃദ്രോഗം... മലയാളി കഴിഞ്ഞവർഷം കഴിച്ചത് ₹12500 കോടിയുടെ മരുന്ന്

നിലവില്‍ എറണാകുളം പുതുവൈപ്പില്‍ കൊച്ചി തുറമുഖത്തെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് (CSEZ) കമ്പനിയുടെ കൊച്ചി ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ മൊത്തം അഞ്ച് മില്യണ്‍ മെട്രിക് ടണ്‍ (MMTPA) വാര്‍ഷിക ശേഷിയുള്ള രണ്ട് ടാങ്കുകളാണുള്ളത്. ഇവിടെ നിന്ന് കര്‍ണാടകയിലെ മംഗലാപുരത്തേക്ക് ഗെയ്‌ലിന്റെ വാതക പൈപ്പ്‌ലൈന്‍ കമ്മിഷന്‍ ചെയ്തിരുന്നു.
നിലവില്‍ കേരളത്തിലെ സിറ്റി ഗ്യാസ്, വാഹനങ്ങള്‍ക്കുള്ള സി.എന്‍.ജി വിതരണം എന്നിവയ്ക്ക് പുറമേ ഫാക്ട്, ബി.പി.സി.എല്‍ കൊച്ചി റിഫൈനറി, മംഗലാപുരത്തെ ഏതാനും വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയാണ് പെട്രോനെറ്റില്‍ നിന്ന് എല്‍.എന്‍.ജി പ്രയോജനപ്പെടുത്തുന്നത്. ഇതുപ്രകാരം മൊത്തം ശേഷിയുടെ 20 ശതമാനം മാത്രമേ ഇപ്പോള്‍ കൊച്ചി ടെര്‍മിനല്‍ ഉപയോഗിക്കുന്നുള്ളൂ (Capacity Utilization). 2017ല്‍ ഇത് 17 ശതമാനമായിരുന്നു.
വലിയ പ്രതീക്ഷ
സിറ്റി ഗ്യാസ്, സി.എന്‍.ജി എന്നിവയുടെ വിതരണം കൂടുതല്‍ ഉഷാറാവുകയും മംഗലാപുരത്തെ ഒ.എന്‍.ജി.സി മാംഗ്ലൂര്‍ പെട്രോകെമിക്കല്‍സ് (OMPL), മാംഗ്ലൂര്‍ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ്, മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ (MRPL) എന്നിവ വാങ്ങല്‍ കൂട്ടുകയും ചെയ്താല്‍ കൊച്ചി ടെര്‍മിനലിന്റെ ഉപയോഗശേഷി (Capacity Utilization) വര്‍ദ്ധിക്കുമെന്ന് പെട്രോനെറ്റ് പ്രതീക്ഷിക്കുന്നു. കൊച്ചിയില്‍ നിന്ന് തമിഴ്‌നാട് വഴി ബംഗളൂരുവിലേക്കുള്ള പൈപ്പ്‌ലൈന്‍ പദ്ധതി 2024 നവംബറില്‍ കമ്മിഷന്‍ ചെയ്യാമെന്ന പ്രതീക്ഷയിലാണ് ഗെയ്ല്‍. ഇതും പൂര്‍ത്തിയായാല്‍ കൊച്ചിയിലെ കപ്പാസിറ്റി യൂട്ടിലൈസേഷന്‍ 50 ശതമാനം കടക്കും.
ഇരു പൈപ്പ്‌ലൈനും പൂര്‍ണതോതില്‍ പ്രയോജനപ്പെടുന്നതോടെ ദക്ഷിണേന്ത്യക്കാവശ്യമായ പ്രകൃതിവാതകം കൊച്ചിയില്‍ നിന്ന് ലഭ്യമാക്കാന്‍ കഴിയും. ഇത് കൊച്ചി ടെര്‍മിനലിനും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും വലിയ നേട്ടമാകും. സംസ്ഥാന സര്‍ക്കാരിന് നികുതിയിനത്തില്‍ വലിയ വരുമാനവും ലഭിക്കും.
പൈപ്പ്‌ലൈനും സിറ്റി ഗ്യാസും
കേരളത്തില്‍ ഉടനീളം വീടുകളില്‍ പാചകാവശ്യത്തിനുള്ള പ്രകൃതിവാതകം (Piped Natural Gas/PNG) ലഭ്യമാക്കാന്‍ ഗെയ്‌ലിന്റെ പൈപ്പ്‌ലൈന്‍ വഴി സാധിക്കും. നിലവില്‍ എറണാകുളം, പാലക്കാട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ സിറ്റി ഗ്യാസ് എത്തിക്കഴിഞ്ഞു. എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ഇന്ത്യന്‍ ഓയില്‍-അദാനി കമ്പനിക്കാണ് പ്രകൃതിവാതക വിതരണച്ചുമതല. ഇവിടങ്ങളില്‍ വാഹനങ്ങള്‍ക്കായുള്ള സി.എന്‍.ജിയും (Compressed Natural Gas/CNG) വിതരണവും കമ്പനിയാണ് നിര്‍വഹിക്കുന്നത്.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വിതരണച്ചുമതലയുള്ള അറ്റ്‌ലാന്റിക് ഗള്‍ഫ് ആന്‍ഡ് പസഫിക്  പ്രഥം (AG and P Pratham) ഈ ജില്ലകളില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ ചേര്‍ത്തലയിലെ വയലാറിലും തിരുവനന്തപുരം നഗരപ്രദേശത്തും ഏതാനും വീടുകളില്‍ പി.എന്‍.ജി എത്തിക്കഴിഞ്ഞു. കൊല്ലത്തും വൈകാതെ വിതരണം തുടങ്ങും. ഈ ജില്ലകളിലെ പമ്പുകളില്‍ ടാങ്കറുകളില്‍ സി.എന്‍.ജി എത്തിച്ചും വിതരണം ചെയ്യുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിതരണച്ചുമതല ഷോലാ ഗ്യാസ്‌കോ (Shola Gasco) കമ്പനിക്കാണ്. ഈ ജില്ലകളിലും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
പെട്രോനെറ്റ് പുതുവൈപ്പ് ടെര്‍മിനല്‍
2013 ഓഗസ്റ്റിലാണ് പെട്രോനെറ്റ് എല്‍.എന്‍.ജിയുടെ കൊച്ചി ടെര്‍മിനല്‍ എറണാകുളം പുതുവൈപ്പില്‍ കമ്മിഷന്‍ ചെയ്തത്. 4,700 കോടി രൂപയായിരുന്നു നിര്‍മ്മാണച്ചെലവ്. അമേരിക്കന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയായ എക്‌സോണ്‍ മൊബീലാണ് (Exxon Mobil) ആണ് പെട്രോനൈറ്റിന്റെ കൊച്ചി ടെര്‍മിനലിലേക്ക് പ്രതിവര്‍ഷം 1.442 എം.എം.ടി.പി.എ എല്‍.എന്‍.ജി ലഭ്യമാക്കുന്നത്.
Tags:    

Similar News