കൊച്ചി എല്‍.എന്‍.ജി പദ്ധതിക്ക് ബ്രിട്ടന്റെ ഉന്നത റേറ്റിംഗ്; പ്രകൃതിവാതക ഹബ്ബാകാന്‍ കേരളം

കൊച്ചി ടെര്‍മിനല്‍ സ്ഥാപിച്ചത് ₹4,700 കോടി ചെലവില്‍

Update:2023-11-13 10:21 IST

Image : Petronet LNG website

എറണാകുളം പുതുവൈപ്പില്‍ പെട്രോനെറ്റ് എല്‍.എന്‍.ജി സ്ഥാപിച്ച കൊച്ചി ടെര്‍മിനലിന് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ 2023ലെ 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ്. ഇന്ത്യയില്‍ ഈ സമുന്നത നേട്ടം സ്വന്തമാക്കുന്ന ഏക എല്‍.എന്‍.ജി (ദ്രവീകൃത പ്രകൃതി വാതകം) ടെര്‍മിനലെന്ന പട്ടവും ഇതുവഴി പെട്രോനെറ്റ് സ്വന്തമാക്കി. പെട്രോനെറ്റിന്റെ കൊച്ചി, ഗുജറാത്തിലെ ദഹേജ് ടെര്‍മിനലുകള്‍ക്ക് മാത്രമാണ് ഈ റേറ്റിംഗുള്ളത്.

നിമയങ്ങളും മാനദണ്ഡങ്ങളും പാലിച്ചുള്ള പ്രവര്‍ത്തനം, ഉത്പന്ന നിലവാരം, ജീവനക്കാരുടെ സുരക്ഷ തുടങ്ങിയവ പരിശോധിച്ച ശേഷം ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സില്‍ ലഭ്യമാക്കുന്ന റേറ്റിംഗാണിത്. പുതുവൈപ്പിലെ പെട്രോനെറ്റ് എല്‍.എന്‍.ജി ടെര്‍മിനലിന് ഈ റേറ്റിംഗ് കിട്ടിയെന്നത് കൊച്ചിക്കും കേരളത്തിനും അഭിമാനിക്കാവുന്ന നേട്ടമായി. പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ് നടപ്പുവര്‍ഷത്തെ (2023-24) രണ്ടാംപാദ പ്രവര്‍ത്തനഫലം പുറത്തുവിടുന്നതിനോട് അനുബന്ധിച്ച് ഓഹരി വിപണികള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 5-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചുവെന്നത് വ്യക്തമാക്കിയത്.
പ്രകൃതിവാതക ഹബ്ബാകാന്‍ കൊച്ചി
2013 ഓഗസ്റ്റിലാണ് പെട്രോനെറ്റിന്റെ കൊച്ചി ടെര്‍മിനല്‍ കമ്മിഷന്‍ ചെയ്തത്. 4,700 കോടി രൂപയായിരുന്നു നിര്‍മ്മാണച്ചെലവ്. മൊത്തം 5 മില്യണ്‍ മെട്രിക് ടണ്‍ (MMTPA) വാര്‍ഷിക ശേഷിയുള്ള രണ്ട് സ്റ്റോറേജ് ടാങ്കുകളാണ് കൊച്ചി ടെര്‍മിനലിലുള്ളത്. മൊത്തം ശേഷിയുടെ 20 ശതമാനമേ ഇപ്പോള്‍ കൊച്ചി ടെര്‍മിനല്‍ ഉപയോഗിക്കുന്നുള്ളൂ.
എന്നാല്‍, കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ഗെയിലിന്റെ വാതക പൈപ്പ്ലൈന്‍ പദ്ധതി ഒരുവര്‍ഷത്തിനകം (പ്രതീക്ഷ 2024 നവംബറില്‍) കമ്മിഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷകള്‍. അതോടെ, ദേശീയ ഗ്യാസ് ഗ്രിഡിലേക്ക് (National Gas Grid) കൊച്ചിയും ചേര്‍ക്കപ്പെടും. ദേശീയ ഗ്യാസ് ഗ്രിഡിലേക്ക് ചേര്‍ക്കപ്പെടുന്നതോടെ കൊച്ചിയില്‍ നിന്നുള്ള എല്‍.എന്‍.ജി ഇന്ത്യയിലെവിടെയും എത്തിക്കാനാകും. ഇത് കൊച്ചി ടെര്‍മിനലിന്റെ മൊത്തം ശേഷിയുടെ ഉപയോഗം 50 ശതമാനത്തിനു  മുകളിലേക്ക് ഉയര്‍ത്താന്‍ സഹായിക്കുമെന്ന് പെട്രോനെറ്റ് വിലയിരുത്തുന്നു.
കുതിക്കാന്‍ കൊച്ചി
നിലവില്‍ കേരളത്തിലെ സിറ്റി ഗ്യാസ്, വാഹനങ്ങള്‍ക്കുള്ള സി.എന്‍.ജി എന്നിവയുടെ വിതരണം, ഫാക്ട്, ബി.പി.സി.എല്‍ കൊച്ചി റിഫൈനറി, ഗെയ്ല്‍ പൈപ്പ്ലൈന്‍ വഴി മംഗലാപുരത്തെ ഏതാനും വ്യവസായങ്ങള്‍ എന്നിവ പെട്രോനെറ്റിന്റെ കൊച്ചി ടെര്‍മിനലിലെ എല്‍.എന്‍.ജി പ്രയോജനപ്പെടുത്തുന്നുണ്ട്.
കൊച്ചിയില്‍ നിന്ന് തമിഴ്നാട് വഴി ബംഗളൂരുവിലേക്കുള്ള ഗെയ്ല്‍ പൈപ്പ്ലൈന്‍ കമ്മിഷന്‍ ചെയ്യപ്പെട്ടാല്‍ കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ വ്യവസായ, ഗാര്‍ഹിക, വാഹന ആവശ്യങ്ങള്‍ക്കുള്ള പ്രകൃതിവാതകം ലഭ്യമാക്കാനും കൊച്ചി ടെര്‍മിനലിന് കഴിയും. ഇത് ദക്ഷിണേന്ത്യയുടെ പ്രകൃതിവാതക ഹബ്ബാകാന്‍ കൊച്ചിക്ക് കരുത്താകും.
കൂടുതല്‍ നിക്ഷേപം
നടപ്പുവര്‍ഷം (2023-24) കൊച്ചി ടെര്‍മിനലില്‍ 600 കോടി രൂപ നിക്ഷേപത്തോടെ പുതിയ സ്റ്റോറേജ് ടാങ്ക് കൂടി കൂട്ടിച്ചേര്‍ക്കാന്‍ പെട്രോനെറ്റ് എല്‍.എന്‍.ജി ആലോചിച്ചിരുന്നു. കൊച്ചിയിലെ ഉപയോഗ ശേഷി മെച്ചപ്പെടുന്നതിന് അനുസൃതമായി പുതിയ നിക്ഷേപ പദ്ധതി കമ്പനി നടപ്പാക്കിയേക്കും.
Tags:    

Similar News