ഫോണ്‍പേ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സര്‍ക്കാരിന് കിട്ടുന്നത് ഒരു ബില്യണ്‍ ഡോളര്‍

നികുതി ലാഭം, വിദേശ നിക്ഷേപം ആകര്‍ഷിക്കല്‍ തുടങ്ങിയവ മുന്നില്‍ കണ്ടാണ് ഫോണ്‍പേ സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തത്

Update: 2023-01-05 10:02 GMT

ഐപിഒയ്ക്ക് മുന്നോടിയായി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രമുഖ യുപിഐ പ്ലാറ്റ്‌ഫോമായ ഫോണ്‍പേ. വാള്‍മാര്‍ട്ടിന് (ഫ്ലിപ്കാര്‍ട്ട്) കീഴിലായിരുന്ന കമ്പനി സിംഗപ്പൂരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി മാതൃസ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഫോണ്‍പേയെ കഴിഞ്ഞമാസം പൂര്‍ണമായും വേര്‍പെടുത്തിയിരുന്നു.

ഫോണ്‍പേ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ഭാഗമായി നികുതി ഇനത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ വാള്‍മാര്‍ട്ട് നല്‍കേണ്ടി വരും എന്നാണ് വിവരം. ഈ തുകയുടെ വലിയൊരു വിഹിതം സര്‍ക്കാരിലേക്ക് വാള്‍മാര്‍ട്ട് അടച്ചെന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്. നിലവില്‍ 12 ബില്യണ്‍ ഡോളറിന്റെ മൂല്യം കണക്കാക്കി, ധനസമാഹരണം നടത്തുകയാണ് ഫോണ്‍പേ.

2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഫോണ്‍പേയെ ഫ്ലിപ്കാര്‍ട്ട് ഏറ്റെടുക്കുന്നത് 2016ല്‍ ആണ്. 47 ശതമാനം വിപണി വിഹിതവുമായി യുപിഐ ഇടപാടുകളില്‍ രാജ്യത്ത് ഒന്നാമതാണ് കമ്പനി. പണമിടപാടുകള്‍ക്ക് പുറമെ ബില്‍പേയ്‌മെന്റ്, ഇന്‍ഷുറന്‍സ്, വെല്‍ത്ത് ബ്രോക്കിംഗ് സേവനങ്ങളും ഫോണ്‍പേ നല്‍കുന്നുണ്ട്.

നികുതി ലാഭം, വിദേശ നിക്ഷേപം ആകര്‍ഷിക്കല്‍ തുടങ്ങിയവ മുന്നില്‍ കണ്ടാണ് ഫോണ്‍പേ സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തത്. 2000ന് ശേഷം ഏകദേശം എണ്ണായിരത്തോളം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളാണ് സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Tags:    

Similar News