ബി.എസ്.എന്‍.എല്ലിലേക്കുള്ള ചാട്ടം അബദ്ധമായോ? വരിക്കാര്‍ ത്രിശങ്കുവില്‍, നിരവധി പേര്‍ മടക്കയാത്രയില്‍

സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് ടെലികോം പ്ലാനില്‍ വലിയ ഡിസ്‌കൗണ്ട് നല്‍കിയിട്ടും ബി.എസ്.എന്‍.എല്ലിന് ഉപയോക്താക്കളെ ആകര്‍ഷിക്കാനാകുന്നില്ല

Update:2024-12-11 17:09 IST

Image created with Canva

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ പൊതുമേഖല കമ്പനിയായ ബി.എസ്.എന്‍.എല്ലിലേക്ക് ചേക്കേറിയ വരിക്കാര്‍ ത്രിശങ്കുവില്‍. മോശം നെറ്റ്‌വര്‍ക്കും 4ജി നടപ്പാക്കുന്നതിലെ കാലതാമസവും മൂലം പോയതിനേക്കാള്‍ വേഗത്തില്‍ സ്വകാര്യ കമ്പനികളിലേക്ക് തിരിച്ച് പോര്‍ട്ട് ചെയ്യുകയാണ് വരിക്കാര്‍. ഗ്രാമപ്രദേശങ്ങളിലുള്ളവരാണ് കൂടുതായി ബി.എസ്.എന്‍.എല്ലിനെ വിട്ടുപോകുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.

തിരിച്ചു വരവില്‍ എയര്‍ടെല്ലിനെയും ജിയോയെയുമാണ് കൂടുതല്‍ പേരും പരിഗണിക്കുന്നത്. 4ജിയിലെ മോശം പ്രകടനവും 5 ജി ഇനിയും നടപ്പാക്കാനാകാത്തതും വോഡഫോണിന് വരിക്കാരെ ആകര്‍ഷിക്കുന്നതില്‍ തിരിച്ചടിയാകുന്നുണ്ട്.

ചാട്ടത്തിന്റെ സ്പീഡ് നെറ്റ്‌വര്‍ക്കിലില്ല

കഴിഞ്ഞ ജൂലൈയില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് ബി.എസ്.എന്‍.എല്ലിലേക്ക് വരിക്കാര്‍ ഓടിക്കയറിയത്. ജൂലൈ ആദ്യവാരം നിരക്കില്‍ 11-25 ശതമാനം വര്‍ധന വരുത്തിയതിനു ശേഷം ജിയോയ്ക്ക് 7.58 ലക്ഷം പേരെയും എയര്‍ടെല്ലിന് 16.9 ലക്ഷം പേരെയും വി.ഐയ്ക്ക് 14.1 ലക്ഷം പേരെയും നഷ്ടമായിരുന്നു. അതേസമയം, നിരക്ക് വര്‍ധനയില്‍ നിന്ന് വിട്ടുനിന്നതിനാല്‍ ബി.എസ്.എന്‍.എല്‍ വരിക്കാരുടെ എണ്ണം 29.3 ലക്ഷത്തിലധികം വര്‍ധിച്ചു. എന്നാല്‍ ഈ ട്രെന്‍ഡിന് വലിയ ആയുസുണ്ടായില്ലെന്ന് തെളിയിക്കുന്നതാണ് ടെലികോം അതോറിറ്റി അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍. ജൂലൈയില്‍ 29.3 ലക്ഷം വരിക്കാരെ നേടിയ സ്ഥാനത്ത് സെപ്റ്റംബറില്‍ നേടാനായത് വെറും എട്ട് ലക്ഷം പേരെയാണ്.

വന്‍ ഡിസ്‌കൗണ്ടിലും കൊഴിഞ്ഞുപോക്ക്

സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് ടെലികോം പ്ലാനുകളില്‍ വലിയ ഡിസ്‌കൗണ്ട് നല്‍കിയിട്ടും ബി.എസ്.എന്‍.എല്ലിന് വരിക്കാരെ പിടിച്ചു നിര്‍ത്താനായില്ല. 28 ദിവസത്തേക്ക് രണ്ട് ജി.ബി ഡേറ്റ നല്‍കുന്ന പ്ലാന്‍ ബി.എസ്.എന്‍.എല്‍ 199 രൂപയ്ക്ക് നല്‍കുമ്പോള്‍ ജിയോയ്ക്ക് 349 രൂപയാണ്. 43 ശതമാനം ഡിസ്‌കൗണ്ടാണ് നിരക്കിലുള്ളത്. അതേപോലെ എയര്‍ടെല്‍ രണ്ട് ജി.ബി ഡേറ്റ 30 ദിവസത്തേക്ക് നല്‍കുന്ന പ്ലാനിന് 379 രൂപയാണ് ഈടാക്കുന്നത്. ഇതുമായി നോക്കുമ്പോള്‍ 47 ശതമാനമാണ് ബി.എസ്.എന്‍.എല്ലിന്റെ ഡിസ്‌കൗണ്ട്.
ചില കസ്റ്റമേഴ്‌സ് മാത്രമാണ് ഡിസ്‌കൗണ്ടിന് പിന്നാലെ പോകുന്നതെന്നും ഭൂരിഭാഗം പേരും നെറ്റ്‌വര്‍ക്കിന്റെ കാര്യക്ഷമതയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും റീറ്റെയ്‌ലര്‍മാര്‍ പറയുന്നു.

പരിഹാരം അതിവേഗമെന്ന് ബി.എസ്.എന്‍.എല്‍

ബി.എസ്.എന്‍.എല്ലിന് നെറ്റ്‌വര്‍ക്ക് ഗുണമേന്മ പ്രശ്‌നങ്ങളില്ലെന്നാണ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി റോബര്‍ട്ട് രവി ചൂണ്ടിക്കാട്ടുന്നത്. അതിവേഗം രാജ്യത്ത് 4 ജി നടപ്പാക്കുകയാണെന്നും ടെലികോം അതോറിറ്റി നിഷ്‌കര്‍ഷിക്കുന്ന ഗുണമേന്മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ചില സ്ഥലങ്ങളില്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് ഉടന്‍ പരിഹരിച്ച് രാജ്യത്തെ ഏറ്റവും മികച്ച 4 ജി നെറ്റ്‌വര്‍ക്കായി ബി.എസ്.എന്‍.എല്‍ മാറുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമാണ് ബി.എസ്.എന്‍.എല്ലിന് 4 ജി നടപ്പാക്കിയിട്ടുള്ളത്. 5 ജി സേവനമാകട്ടെ, ഒരിടത്തു പോലും ലഭ്യമാക്കിയിട്ടുമില്ല. 2025 ജൂലൈയോടെ മാത്രമേ രാജ്യം മുഴുവന്‍ ബി.എസ്.എന്‍.എല്‍ 4 ജി നെറ്റ് വര്‍ക്ക് നടപ്പാക്കാനാകൂ എന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ പറഞ്ഞിരുന്നു.
Tags:    

Similar News