രാജ്യത്ത് ആദ്യമായി ഐസ് തീയേറ്ററുകള്‍ അവതരിപ്പിച്ച് പിവിആര്‍
ഫ്രഞ്ച് കമ്പനിയായ സിജിആര്‍ സിനാമാസുമായി സഹകരിച്ചാണ് ഐസ് തീയേറ്റര്‍ ഫോര്‍മാറ്റ് പിവിആര്‍ ഇന്ത്യയിലെത്തിക്കുന്നത്. ഓപെറാ ഹൗസുകളുടെ മാതൃകയിലുള്ള തീയേറ്ററുകളും താമസിയാതെ കമ്പനി ആരംഭിക്കും
ഇന്ത്യയില്‍ ആദ്യമായി ഐസ് തീയേറ്ററുകള്‍ (Ice Theaters Format) അവതരിപ്പിച്ച് മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ പിവിആര്‍ (PVR). പ്രധാന സ്‌ക്രീന്‍ കൂടാതെ ഇരുവശങ്ങളിലും എല്‍ഇഡി പാനലുകള്‍ കൂടി ചേര്‍ന്ന ദൃശ്യ സംവിധാനം ആണ് ഐസ് തീയേറ്ററുകളുടെ പ്രത്യേകത.ഡല്‍ഹിയിലും ഗുരുഗ്രാമിലുമാണ് പിവിആര്‍ന്റെ ഐസ് തീയേറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. അവതാര്‍ 2 ആണ് ഇരു സ്‌ക്രീനുകളിലും പ്രദര്‍ശിപ്പിക്കുന്നത്.
ബുക്ക്‌മൈഷോ ആപ്പില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് പ്രകാരം 650-750 രൂപയാണ് ഐസ് തീയേറ്റുകളിലെ ടിക്കറ്റ് നിരക്ക്. ഫ്രഞ്ച് കമ്പനിയായ സിജിആര്‍ സിനാമസുമായി ചേര്‍ന്നാണ് പിവിആറിന്റെ പുതിയ സംരംഭം. സ്‌ക്രീന്‍ ഒന്നിന് 1.8 കോടി രൂപയോളമാണ് പിവിആര്‍ മുടക്കിയത്. ലക്ഷ്വറി സ്‌ക്രീനുകളുടെ എണ്ണം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പിവിആര്‍ ഐസ് തീയേറ്റര്‍ ഇന്ത്യയിലെത്തിച്ചത്.
നിലവില്‍ പിവിആറിന്റെ ആകെ സ്‌ക്രീനുകളുടെ 10 ശതമാനത്തോളം ആണ് ലക്ഷ്വറി സ്‌ക്രീനുകള്‍. രാജ്യത്തുടനീളം 846 സ്‌ക്രീനുകളാണ് പിവിആറിനുള്ളത്. പുതിയ ലക്ഷ്വറി സ്‌ക്രീനുകള്‍ക്കായി ഫ്രാന്‍സിലെ സിനിമ ആര്‍ക്കിടെക്ച്വര്‍ കമ്പനി ഒമാ സിനിമയുമായും പിവിആര്‍ സഹകരിക്കും. ഓപെറാ ഹൗസുകളുടെ മാതൃകയിലുള്ള തീയേറ്ററുകളും താമസിയാതെ കമ്പനി ആരംഭിക്കും.
നിലവില്‍ 1832 രൂപയാണ് (16-12-2022) പിവിആര്‍ ഓഹരികളുടെ വില. ഈ വര്‍ഷം ഇതുവരെ പിവിആര്‍ ഓഹരികള്‍ ഉയര്‍ന്നത് 36 ശതമാനത്തോളം ആണ്.