സംസ്ഥാനത്തെ ഭവന നിര്‍മാണ മേഖലയില്‍ മുന്‍പേ നടന്നവരാണ് സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ്. രാജ്യാന്തര നിലവാരത്തിലും സൗകര്യത്തിലും ബഹുനില ഭവന സമുച്ചയങ്ങള്‍ കേരളത്തില്‍ പടുത്തുയര്‍ത്തുക മാത്രമല്ല സ്‌കൈലൈന്‍ ചെയ്തത്.
ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവിടെയൊക്കെ കടന്നെത്തി കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നിക്ഷേപ സാധ്യതകള്‍ 1990കളില്‍ തന്നെ ഇവര്‍ പരിചയപ്പെടുത്തുകയും ചെയ്തു. The address says it all എന്ന ടാഗ് ലൈനില്‍ തന്നെയുണ്ട് സ്‌കൈലൈന്‍ എന്ന ബ്രാന്‍ഡിന്റെ കരുത്തും സൗന്ദര്യവും. 1989 മുതല്‍ സംസ്ഥാനത്തിന്റെ ഭവന നിര്‍മാണമേഖലയില്‍ പുതിയ ട്രെന്‍ഡുകള്‍ സൃഷ്ടിച്ചും പ്രതിസന്ധി ഘട്ടങ്ങളെ വിജയകരമായി പിന്നിട്ടും മുന്നേറുന്ന സ്‌കൈലൈന്‍ ബില്‍ഡേഴ്‌സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ കെ.വി അബ്ദുള്‍ അസീസ്സംസാരിക്കുന്നു.
കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇനിയും വില ഉയരുമോ?
ഭക്ഷണം, വസ്ത്രം, വീട്. ഇവ മൂന്നും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണല്ലോ. കേരളത്തിന്റെ മൊത്തം വിസ്ത്യതിയുടെ 30 ശതമാനത്തോളമൊക്കെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുക. ചുരുക്കി പറഞ്ഞാല്‍ നമുക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ഭൂമി കുറവാണ്.
മറ്റൊരു ഘടകം നമ്മുടെ വര്‍ധിച്ചുവരുന്ന ജനസംഖ്യയാണ്. അച്ഛനും മക്കളുമെല്ലാം ഇന്ന് ഒരു വീട്ടിലല്ല കഴിയുന്നത്. ഓരോ മക്കള്‍ക്കും ഓരോ വീടുണ്ട്. നല്ല നാളെകള്‍ സ്വപ്‌നം കാണുകയും അതിനായി അധ്വാനിക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍. അപ്പോള്‍ നല്ല വീടുകള്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. അതില്ലാത്തവര്‍ ഇവിടെ ഏറെയുണ്ട് താനും. ഇതെല്ലാം പരിഗണിക്കുമ്പോള്‍ കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇനിയും മൂല്യം വര്‍ധിക്കുക തന്നെ ചെയ്യും.
റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ ഘടകങ്ങള്‍ ഇപ്പോഴും ഇവിടെയില്ലെന്ന പരാതിയുണ്ടല്ലോ?
പദ്ധതികളുടെ അനുമതികളുടെ കാലതാമസമാണ് ഈ പരാതിക്ക് കാരണം. എന്തായാലും സംസ്ഥാനത്ത് വ്യവസായ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഏറെ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരെ ധരിപ്പിച്ചിട്ടുണ്ട്. അനുമതികള്‍ അതിവേഗം ലഭിക്കാനുള്ള സാഹചര്യം അധികം വൈകാതെ സംസ്ഥാനത്ത് നടപ്പാക്ക
പ്പെടുമെന്നാണ് പ്രതീക്ഷ.
ആഗോള സാമ്പത്തിക രംഗത്തെ ചെറുചലനങ്ങള്‍ പോലും സംസ്ഥാനത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ഉലയ്ക്കാറുണ്ട്. പ്രശ്‌നങ്ങള്‍ ഈ രംഗത്ത് എപ്പോള്‍ വേണമെങ്കിലും കടന്നുവരാമെന്നിരിക്കെ, സ്‌കൈലൈന്‍ എന്ത് മുന്‍കരുതലാണ് സ്വീകരിക്കുക?
ഒരു മാനുഫാക്ചറിംഗ് യൂണിറ്റിലെന്ന പോലെ നിര്‍മിക്കുന്നവയെല്ലാം കെട്ടികിടക്കാതെ വിറ്റഴിക്കുക എന്ന ശൈലിയാണ് ഞങ്ങളുടേത്. നാളെ വില കൂടുമെന്ന ധാരണയില്‍ ഭവന പദ്ധതിയിലെ യൂണിറ്റുകള്‍ പിടിച്ചുവെയ്ക്കുന്ന രീതി ഞങ്ങള്‍ക്കില്ല. ഒരിക്കലും സ്റ്റോക്ക് സൂക്ഷിക്കാറില്ല.
ഇക്കാര്യത്തില്‍ ഞാനെന്നും പറയുന്ന ഉദാഹരണമാണ് ചേതക് സ്‌കൂട്ടറിന്റേത്. ഒരു കാലത്ത് ചേതക് സ്‌കൂട്ടര്‍ 500 രൂപ കൊടുത്ത് ബുക്ക് ചെയ്താല്‍ മാസങ്ങളും വര്‍ഷങ്ങളും കാത്തിരിക്കണം ഡെലിവറി കിട്ടാന്‍. ബുക്ക് ചെയ്ത പേപ്പര്‍ മറിച്ചുകൊടുത്താല്‍ പോലും അന്ന് വിപണിയില്‍ നിന്ന് 2000 രൂപ കിട്ടുമായിരുന്നു. അതായത് 500 രൂപ കൊടുത്ത ആള്‍ക്ക് ഏതാനും മാസം കൊണ്ട് 2000 രൂപ കിട്ടുന്ന അവസ്ഥ. ഇത് കണ്ടുകൊണ്ട് ചേതക് അവരുടെ ഉല്‍പ്പന്നത്തിന് വില ന്യായമായ തലത്തില്‍ നിന്ന് കൂട്ടുകയോ സപ്ലൈ കുറച്ച് ഡിമാന്റ് ഏറെ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല.
നമ്മളുടെ ഉല്‍പ്പന്നത്തിന് ഒരു വിലയുണ്ട്. അതില്‍ ന്യായമായ ലാഭവും ഉള്‍ക്കൊള്ളും. എത്രയും വേഗം അത് വില്‍ക്കുക.
ഒന്നിലധികം ടവറുകളുള്ള പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മാണത്തിലും ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രീതിയുണ്ട്. ഓരോ ടവറിലെയും 65- 70 ശതമാനം യൂണിറ്റുകള്‍ വിറ്റു തീര്‍ന്നാലേ അടുത്തതിന്റെ വില്‍പ്പന ആരംഭിക്കൂ. എപ്പോഴും നല്ലൊരു കാഷ് ഫ്‌ളോ നമ്മള്‍ ഉറപ്പാക്കണം. എങ്കില്‍ മാത്രമേ തട്ടും തടവുമില്ലാതെ മുന്നോട്ടു പോകാനാകൂ. ലാഭത്തേക്കാള്‍ ഉപരി ചില സന്ദര്‍ഭങ്ങളില്‍ കാഷ് ഫ്‌ളോയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.
തിരിഞ്ഞുനോക്കുമ്പോള്‍ താങ്കള്‍ക്ക് ഏറെ സംതൃപ്തി നല്‍കുന്ന ഘടകമേതാണ്?
1990കളുടെ ആദ്യഘട്ടത്തില്‍ അമേരിക്കയില്‍ വീട് വില്‍ക്കാന്‍ പോയവരാണ് ഞങ്ങള്‍. ലോകരാജ്യങ്ങളില്‍ എവിടെയൊക്കെ മലയാളികളുണ്ടോ അവിടെയൊക്കെ ചെന്ന് വീട് വിറ്റു. 53 രാജ്യങ്ങളില്‍ നിന്നായി ഏകദേശം ഏഴായിരത്തോളം സംതൃപ്തരായ ഉപഭോക്താക്കളുണ്ട്. ഇവരില്‍ പലരും അവരുടെ ഏറെ സന്തോഷമുള്ള ചടങ്ങുകളിലേക്ക് സ്വന്തം കുടുംബാംഗത്തെ എന്ന പോലെ എന്നെ ക്ഷണിക്കാറുണ്ട്.
125 ഓളം പദ്ധതികള്‍ കൃത്യസമയത്ത് കൈമാറി. കേരളത്തിലങ്ങോളമിങ്ങോളമായി 142ലേറെ പദ്ധതികളുണ്ട്. ISO 9001:2015 ലഭിക്കുന്ന രാജ്യത്തു തന്നെ ആദ്യ ബില്‍ഡറില്‍ ഒന്നാണ് സ്‌കൈലൈന്‍. സംസ്ഥാനത്ത് ഉയര്‍ന്ന ക്രിസില്‍ റേറ്റിംഗായ DA2+ നേടിയവരാണ് ഞങ്ങള്‍.
എന്നാല്‍ ഇതിലെല്ലാം ഉപരിയായി എനിക്ക് സംതൃപ്തി പകരുന്ന ഒന്നുണ്ട്. ഞങ്ങള്‍ ഏകദേശം 3000 ത്തോളം പേരെ കോടിപതികളാക്കി! വര്‍ഷങ്ങള്‍ക്ക് മുമ്പ് 25 30 ലക്ഷം രൂപയ്‌ക്കൊക്കെ ഞങ്ങളുടെ വീടുകള്‍ വാങ്ങിയവരുടെ ആസ്തിമൂല്യം ഇന്ന് കോടികളാണ്.
വീട് മലയാളിക്ക് ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. അവരുടെ ജീവിതകാലത്തെ അധ്വാനത്തിന്റെ ഫലമാണ്. അത് മനസിലാക്കി മികച്ച വീട് നല്‍കാനും ഭാവിയില്‍ മൂല്യവര്‍ധന ഉറപ്പാക്കാനും സാധിച്ചതാണ് എനിക്കേറെ സംതൃപ്തി നല്‍കുന്നത്.
യുവസംരംഭകരോട് പറയാനുള്ളത് എന്താണ്?
ചെയ്യുന്നതെന്താണോ അതില്‍ പൂര്‍ണമായും മുഴുകുക. തികഞ്ഞ ആത്മാര്‍പ്പണം വേണം. മുന്‍പ് നമുക്ക് അടുത്ത അഞ്ചുവര്‍ഷത്തെയോ പത്തുവര്‍ഷത്തെയോ പദ്ധതി തയാറാക്കി അതുമായി കണ്ണടച്ച് മുന്നോട്ടുപോകാമായിരുന്നു. ഇപ്പോള്‍ അടുത്ത നിമിഷം എന്തു നടക്കുമെന്ന് പ്രവചിക്കാനാകാത്ത സ്ഥിതിയാണ്. ഗള്‍ഫില്‍ ഒരു പ്രശ്‌നം വന്നാല്‍ ഇവിടെ ബിസിനസ് നിലയ്ക്കും. സ്വന്തം മേഖലയില്‍ നിന്നു മാത്രമല്ല വെല്ലുവിളി. എവിടെ നിന്നും ഉയര്‍ന്നുവരാം. അതുകൊണ്ട് ജാഗരൂകരായി ഇരിക്കുക. അതിവേഗം മാറ്റത്തിന് സജ്ജരാകുക. സ്വന്തം ബിസിനസിന്റെ പ്രസക്തിയെ കുറിച്ച് എപ്പോഴും ചിന്തിക്കുക. സാഹചര്യങ്ങള്‍ക്കനുസരിച്ച് അതിവേഗം ബിസിനസ് മോഡല്‍ മാറ്റുക. ഭാവിയില്‍ എന്താണ് ഉയര്‍ന്നുവരുന്നതെന്ന് മനസിലാക്കാന്‍ സാധിക്കണം. ആത്മാര്‍പ്പണമുണ്ടെങ്കില്‍ അതൊക്കെ മുന്നില്‍ തെളിഞ്ഞുവരിക തന്നെ ചെയ്യും.