ഫ്ലാറ്റ് വൈകിയാൽ നഷ്ടപരിഹാരം 12% വാർഷിക പലിശയോടെ

Update:2018-06-23 17:17 IST

ഭവനനിര്‍മാണ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കേണ്ട റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റിയുടെ (RERA) പ്രവർത്തനച്ചട്ടം നിലവിൽ വന്നു.

സംസ്ഥാന സർക്കാർ തയാറാക്കിയ ചട്ടങ്ങളിൽ നിക്ഷേപകർക്ക് അനുകൂലമായ വ്യവസ്ഥകളാണുള്ളത്.

ഫ്ലാറ്റ് നിർമാതാക്കളുടെ താല്പര്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നുവെന്ന് കാണിച്ച് കഴിഞ്ഞ വർഷം കേരള റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആൻഡ് ഡെവലപ്പ്മെന്റ് ആക്ട് (2015) എൽഡിഫ് സർക്കാർ പിൻവലിച്ചിരുന്നു.

തദ്ദേശസ്വയംഭരണ വകുപ്പു സെക്രട്ടറിയാണ് അതോറിറ്റിയുടെ അധ്യക്ഷൻ. 2017 ഫെബ്രുവരി 23-ന് അതോറിറ്റിക്ക് രൂപം നൽകിയിരുന്നു. എന്നാൽ ചട്ടങ്ങൾ തയ്യാറാക്കിയിരുന്നില്ല. അതോറിറ്റിയുടെ പ്രവര്‍ത്തനത്തിനുള്ള ചട്ടം ആറുമാസത്തിനകം തയ്യാറാക്കണമെന്ന് കഴിഞ്ഞമാസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഫ്ളാറ്റുകളുടെയും വില്ലകളുടെയും നിർമ്മാണം കരാർ പ്രകാരം പൂർത്തിയാക്കിയില്ലെങ്കിൽ പരാതികൾ ഇനി റേറയ്ക്ക് നൽകാം.

പറഞ്ഞ സമയത്തിനകം നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ കരാർ പ്രകാരമുള്ള നഷ്ടപരിഹാരം 12 ശതമാനം വാർഷികപലിശയും ചേർത്ത് നിക്ഷേപകന് തിരികെ നൽകണമെന്നാണ് പുതിയ ചട്ടത്തിലെ വ്യവസ്ഥ. കെട്ടിടം ബുക്ക് ചെയ്തവർക്ക് പണം തിരികെനൽകേണ്ടി 45 ദിവസത്തിനുള്ളിൽ അത് തീർപ്പാക്കണം.

ബില്‍ഡിംഗ് പെര്‍മിറ്റ് ലഭിച്ച പുതിയ പാര്‍പ്പിട, വാണിജ്യ പദ്ധതികളൊക്കെ ഇനി മുതല്‍ അതോറിറ്റിയില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം. ബില്‍ഡര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഏജന്റുമാര്‍ക്ക് രജിസ്‌ട്രേഷനുണ്ട്.

കെട്ടിടനിർമാണ ചട്ടങ്ങൾ പ്രകാരമുള്ള എല്ലാ അനുമതികളും വാങ്ങിയ ശേഷമാണു റിയൽ എസ്റ്റേറ്റ് പ്രമോട്ടർമാർ റജിസ്ട്രേഷന് അപേക്ഷിക്കേണ്ടത്. നിർമ്മാണം തുടങ്ങിയവയ്ക്കും ഈ വ്യവസ്ഥകൾ ബാധകമാണ്.

പദ്ധതിയുടെ പ്രൊമോട്ടര്‍മാര്‍, ലേ ഔട്ട് പ്ലാന്‍, ലഭ്യമായിട്ടുള്ള അനുമതികള്‍, കോണ്‍ട്രാക്ടര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍ തുടങ്ങിയ വിവരങ്ങളൊക്കെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം ‌‌‌

പദ്ധതികൾ റജിസ്റ്റർ ചെയ്തു 30 ദിവസത്തിനകം വേണ്ടെന്നു വച്ചാൽ കൈകാര്യച്ചെലവ് ഒഴിച്ച് ബാക്കി റജിസ്ട്രേഷൻ ഫീസ് റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിനു തിരികെ ലഭിക്കും.

Similar News