കൊച്ചിയിലെ 5 ഫ്ലാറ്റ് സമുച്ചയങ്ങൾ ഒരു മാസത്തിനകം പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി
എറണാകുളം മരട് നഗരസഭയിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ ഒരുമാസത്തിനകം പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവ്. തീരദേശപരിപാലന ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര, നവീൻ സിൻഹ എന്നിവരുടെ ബെഞ്ചിന്റെ വിധി. അനധികൃതനിർമാണങ്ങൾ കേരളത്തിനു താങ്ങാനാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
അഞ്ചു ഫ്ലാറ്റ് സമുച്ചയങ്ങളിലും കൂടി 400 ഓളം ഫ്ളാറ്റുകളാണുള്ളത്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിങ്, കായലോരം അപ്പാർട്ട്‌മെന്റ്, ആൽഫാ വെഞ്ചേഴ്‌സ് എന്നീ സമുച്ചയങ്ങൾക്കെതിരേയാണ് നടപടി.
കലക്ടർ, തദ്ദേശഭരണ സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തി കഴിഞ്ഞ നവംബറിൽ കോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കണക്കിലെടുത്താണ് വിധി. അനധികൃത നിർമാണത്തിൽ നഗരസഭയ്ക്കു മാത്രമാണ് ഉത്തരവാദിത്തമെന്നും അനുമതി നേടിയകെട്ടിടനിർമാതാക്കൾ കുറ്റക്കാരല്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു. തീരപരിപാലനച്ചട്ടം ലംഘിച്ചെന്നുകാട്ടി കെട്ടിടനിർമാതാക്കൾക്ക് അന്നത്തെ മരട് പഞ്ചായത്ത് അയച്ച കാരണംകാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഇതിനെതിരെയാണ് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. തീരദേശ നിയന്ത്രണമേഖലയുടെ മൂന്നാംവിഭാഗത്തിൽ (CRZ III) വരുന്ന സ്ഥലത്താണ് കെട്ടിടം നിർമിച്ചതെന്നും അതോറിറ്റിയെ അറിയിക്കാതെയാണ് കെട്ടിടങ്ങൾക്ക് പഞ്ചായത്ത് അനുമതി നൽകിയതെന്നും അതോറിറ്റി കോടതിയിൽ പറഞ്ഞു.