സ്വർണവില കൂടിയിട്ടും ഗോൾഡ് ബോണ്ടിന് പ്രിയം; നിക്ഷേപിക്കാൻ തിരക്കേറി

സ്വര്‍ണ ബോണ്ട് വഴി സമാഹരിച്ചത് 11.67 ടണ്‍ സ്വര്‍ണ്ണം

Update: 2023-09-27 13:11 GMT

ഈ വര്‍ഷത്തെ രണ്ടാം ഘട്ട സോവറിന്‍ ഗോള്‍ഡ് ബോണ്ട് (Sovereign Gold Bond/ SGB) വില്‍പ്പനയ്ക്ക് വിപണിയില്‍ ഉയര്‍ന്ന പ്രതികരണം. 6,914 കോടി രൂപ മൂല്യം വരുന്ന 11.67 ടണ്‍ സ്വര്‍ണമാണ് ഇത്തവണ വില്‍പ്പന നടന്നത്. എക്കാലത്തെയും ഉയര്‍ന്നതാണിത്.

സ്വര്‍ണ വില ഉയരത്തിലായിട്ടും വില്‍പ്പന കുതിച്ചുയരുകയായിരുന്നു. ആഗോളതലത്തിലെ അനിശ്ചിതത്വങ്ങള്‍, ഉയര്‍ന്ന ചില്ലവിലക്കയറ്റം, ക്രൂഡ് ഓയില്‍ വില വര്‍ധന എന്നിവയൊക്കെയാണ് ഡിമാന്‍ഡ് ഉയരാന്‍ കാരണമായി വിദഗ്ധര്‍ പറയുന്നത്.
റിട്ടെയ്ല്‍ നിക്ഷേപകരും ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകരും കൂടുതല്‍ താൽപര്യം കാണിച്ചു. 2015ല്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ അവതരിപ്പിച്ചതിനു ശേഷം ആദ്യമായാണ് 10 ശതമാനത്തിലധികം ഡിമാന്‍ഡ് വര്‍ധിക്കുന്നത്. ഇതോടെ റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിനു വേണ്ടി കൈകാര്യം ചെയ്യുന്ന സോവറിന്‍ ബോണ്ട് വഴിയുള്ള സ്വർണത്തിന്റെ അളവ് 120.6 ടണ്‍ ആയി ഉയര്‍ന്നു. 56,342 കോടി രൂപയാണ് മൊത്തം ബോണ്ടുകളുടെ മൂല്യം. അതേ സമയം, ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് ഗോള്‍ഡ് ഇ.ടി.എഫുകള്‍ കൈകാര്യം ചെയ്യുന്നത് 24,318 കോടി രൂപയുടെ ആസ്തിയാണ്.
എന്താണ് എസ്.ജി.ബി?
ഗവണ്‍മെന്റ് പിന്തുണയുള്ള നിക്ഷേപ പദ്ധതിയാണ് എസ്.ജി.ബി. നിക്ഷേപകര്‍ക്ക് ഭൗതിക രീതിയില്‍ അല്ലാതെ സ്വര്‍ണം സ്വന്തമാക്കാനുള്ള ഒരു മാര്‍ഗമാണിത്. ഭൗതിക സ്വര്‍ണം കൈവശം വയ്ക്കുന്നതിന്റെ ബുദ്ധിമുട്ടും ഒഴിവാക്കാം. അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമാണ്. വ്യക്തികള്‍ക്ക് സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി നാലു കിലോഗ്രാം വരെ നിക്ഷേപിക്കാം. എട്ട് വര്‍ഷമാണ് കാലാവധി. അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ പണം തിരിച്ചെടുക്കാന്‍ അനുവദിക്കും. തിരിച്ചെടുക്കുന്ന സമയത്തെ സ്വര്‍ണ വിലയ്ക്ക് തുല്യമായ തുകയാണ് ലഭിക്കുക. കൂടാതെ 2.5 ശതമാനം പലിശയും ലഭിക്കും. ആറ് മാസം കൂടുമ്പോള്‍ പലിശ ബാങ്ക് അക്കൗണ്ടില്‍ വരവ് വയ്ക്കും. സ്വര്‍ണ വിലയിലെ മൂലധനനേട്ടത്തിന് നികുതി ബാധ്യതയില്ല. പലിശയായി ലഭിക്കുന്ന തുക മൊത്തം വരുമാനത്തോട് ചേര്‍ത്ത് നികുതി നല്‍കണം.
റിസർവ് ബാങ്ക് സ്വർണ ബോണ്ടുകൾ പുറത്തിറക്കുന്ന സമയത്ത്  പോസ്റ്റ്  ഓഫീസുകള്‍, ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, ക്ലിയറിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവ വഴി അപേക്ഷിക്കാം.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി
ആര്‍.ബി.ഐ പുറത്തിറക്കുമ്പോള്‍ മാത്രമല്ല, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി എപ്പോള്‍ വേണമെങ്കിലും നിക്ഷേപം നടത്താം. ട്രേഡിംഗ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ഉണ്ടായാല്‍ മതി. റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന ഗോള്‍ഡ് ബോണ്ടുകള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി വിലക്കുറവില്‍ വാങ്ങാം. ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ ഗോള്‍ഡ് ബോണ്ടിന്റെ വില ഗ്രാമിന് 5,923 രൂപയായിരുന്നു. വാങ്ങുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ വില്‍പ്പനക്കാരായുണ്ടായാല്‍ വിപണി വില ഇതിൽ കുറവായിരിക്കും.
ബുള്ള്യന്‍ ആന്‍ഡ് ജുവലേഴ്‌സ് അസോസിയേഷന്റെ മൂന്ന് വ്യാപാര ദിനങ്ങളിലെ 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയുടെ ശരാശരിയെടുത്താണ് ഗോള്‍ഡ് ബോണ്ടിന്റെ മൂല്യം നിശ്ചയിക്കുന്നത്.
Tags:    

Similar News