റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു
റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സിന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2.6 ലക്ഷം കോടി രൂപ വരുമാനവും 9,181 കോടി രൂപ ലാഭവുമുണ്ട്
റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് (RRVL) ഈ വര്‍ഷം ഏകദേശം 2500 കോടി രൂപയുടെ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2025ല്‍ കമ്പനി പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ) നടത്തും.
ഓഗസ്റ്റില്‍ കമ്പനി 0.99% ഓഹരികള്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് 8,278 കോടി രൂപയ്ക്ക് വിറ്റഴിച്ചിരുന്നു. ഈ ഇടപാടിന് ശേഷം കമ്പനിയുടെ മൂല്യം 4.21 ലക്ഷം കോടിയില്‍ നിന്ന് 8.27 ലക്ഷം കോടി രൂപയായി. മറ്റൊരു നിക്ഷേപകരായ കെ.കെ.ആര്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സിലെ ഓഹരിപങ്കാളിത്തം 1.17 ശതമാനത്തില്‍ നിന്ന് 1.42 ശതമാനമായി ഉയര്‍ത്തിയിരുന്നു. 2,069.50 കോടി രൂപയാണ് ഇതിനായി നിക്ഷേപിച്ചത്.
നിക്ഷേപകര്‍ ഏറെ
ടി.പി.ജി, സില്‍വര്‍ലേയ്ക്ക്, ജനറല്‍ അറ്റ്‌ലാന്റിക്ക് എന്നിവ കൂടാതെ സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, മുബദാല, ജി.ഐ.സി സിംഗപ്പൂര്‍ തുടങ്ങിയ ആഗോള നിക്ഷേപകര്‍ക്ക് ആര്‍.ആര്‍.വി.എല്ലില്‍ ഓഹരിയുണ്ട്. റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സിന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2.6 ലക്ഷം കോടി രൂപ വരുമാനവും 9,181 കോടി രൂപ ലാഭവുമുണ്ട്.