ആവശ്യക്കാര്‍ കൂടിയിട്ടും പുരപ്പുറ സോളാര്‍ പദ്ധതി ഇഴയുന്നു; കേരളത്തിനു മുന്നേറ്റം
പി.എം സൂര്യഘര്‍ മുഫ്ത് ബിജിലി യോജന പദ്ധതിക്ക് ആവശ്യക്കാര്‍ കൂടുന്നു;
ഉത്പന്ന ചെലവുകള്‍ ഉയര്‍ന്നതുമൂലം രാജ്യത്ത് പുരപ്പുറ സോളാര്‍ പദ്ധതി നടപ്പാക്കുന്നതില്‍ ജനുവരി-മാര്‍ച്ച് പാദത്തില്‍ 26 ശതമാനം ഇടിവ്. വെറും 367 മെഗാവാട്ട് ശേഷി മാത്രമാണ് ഇക്കാലയളവില്‍ സ്ഥാപിക്കാനായത്. ആവശ്യക്കാര്‍ കൂടിയതും ഉത്പന്ന ചെലവുകള്‍ ഉയര്‍ന്നതുമാണ് പ്രധാന കാരണമെന്ന് മെര്‍കോണ്‍ ക്യാപിറ്റല്‍ പറയുന്നു. 2023 വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസക്കാലയളവില്‍ 485 മെഗാവാട്ട് സ്ഥാപിച്ചിരുന്നു. തൊട്ട് മുന്‍പാദവുമായി നോക്കുമ്പോഴും 10 ശതമാനം കുറവുണ്ട്. 406 മെഗാവാട്ടാണ് കഴിഞ്ഞ പാദത്തില്‍ സ്ഥാപിച്ചത്.
2024 മാര്‍ച്ച് വരെ രാജ്യത്തെ മൊത്തം റൂഫ്‌ടോപ് സോളാര്‍ ശേഷി 10.8 ജിഗാ വാട്ടാണ്. നിലവില്‍ സോളാര്‍ റൂഫ് ടോപ് പദ്ധതി മന്ദഗതിയിലാണ് നീങ്ങുന്നതെങ്കിലും വീടുകളിലെ പുരപ്പുറ സോളാര്‍ പദ്ധതിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും മറ്റും നല്‍കുന്നത് മൂലം ഈ വര്‍ഷം വലിയൊരു വിപ്ലവം ഈ മേഖലയിലുണ്ടാക്കുമന്നാണ് ഗവേഷണ സ്ഥാപനം പറയുന്നത്. യേ
സൂര്യഘര്‍ പദ്ധതിക്ക് ഡിമാന്‍ഡ്
രാജ്യത്തെ ഒരു കോടി വീടുകള്‍ക്ക് സോളാര്‍ ശോഭ പകരുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പി.എം സൂര്യഘര്‍ മുഫ്ത് ബിജ്‌ലി യോജനയ്ക്ക് ആവശ്യക്കാര്‍ കൂടിയതാണ് ഇന്‍സ്റ്റാളേഷന്‍ പ്രക്രിയ വൈകാന്‍ ഇടയാക്കിയത്. ഇതൂകൂടാതെ ഇതിലുപയോഗിക്കുന്ന ഘടകങ്ങളുടെ വില വര്‍ധിച്ചതും ബാധിച്ചു.
കേരളം മുന്നില്‍
പുരപ്പുറ സോളാര്‍ പദ്ധതി അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക എന്നിവയും സോളാര്‍ പുരപ്പുറ പദ്ധതിയി കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. ഈ അഞ്ച് സംസ്ഥാനങ്ങളും ചേര്‍ന്നാണ് കഴിഞ്ഞ പാദത്തില്‍ 67 ശതമാനം ഇന്‍സ്റ്റലേഷന്‍ നടപ്പാക്കിയത്.